മുട്ടം: അതിരൂക്ഷമായ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുകയാണ് മുട്ടം ടൗണ്‍. ടൗണിലാകമാനം റോഡിന്റെ രണ്ട് വശങ്ങളിലുമായി അനധികൃതമായ വാഹന പാര്‍ക്കിങ്ങാണ് അതിരൂക്ഷമായ ഗതാഗതകുരുക്കിന്റെ പ്രധാന കാരണം.
മുട്ടം ടൗണ്‍ മുതല്‍ കോടതികവല, ഗവണ്മെന്റ് ആശുപത്രി ജങ്ഷന്, മൂലമറ്റം റൂട്ടില്‍ കടുതോടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വരെയും റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായ വാഹന പാര്‍ക്കിങ് പതിവാണ്. ചിലയവസരങ്ങളില്‍ രാവിലെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ രാത്രിയിലാണ് ഇവിടെ നിന്ന് കൊണ്ടുപോകുന്നതും. അനധികൃത വാഹന പാര്‍ക്കിങ് കാരണത്താല്‍ മുട്ടം ടൗണിലുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് പ്രവേശിക്കാനും കഴിയുന്നില്ലെന്ന് വ്യാപാരികളും പറയുന്നു.
പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിന്റെ വശങ്ങളില് വളവിലായി അപകടകരമായ രീതിയില്‍ അനധികൃത വാഹന പാര്‍ക്കിങ്ങ് നിരോധിച്ച് പോലീസ് ട്രാഫിക്ക് കോണ്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനിടയിലൂടെ തിക്കി തിരക്കിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇന്നലെ വൈകിട്ട് 4 ന് മൂലമറ്റത്ത് നിന്ന് രോഗിയുമായി തൊടുപുഴക്ക് വന്ന ആംബുലന്‍സ് മുട്ടം ഫെഡറല്‍ ബാങ്കിന് മുന്നില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു.
ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ കൃത്യ സമയത്തെ ഇടപെടലിലാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കി ആംബുലന്‍സിന് കടന്ന് പോകാന്‍ വഴി ഒരുക്കിയത്. ഫെഡറല്‍ ബാങ്കിന് മുന്നില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃത വാഹന പാര്‍ക്കിങ് പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: