വണ്ണപ്പുറം: വണ്ണപ്പുറത്ത് അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. ചക്കാലയ്ക്കല്‍ ബഷീറിന്റെ നാല് ആടുകളെയാണ് തിങ്കളാഴ്ച രാത്രി കടിച്ചുകൊന്നത്. ആടുകളെ ആക്രമിച്ചത് തെരുവ് നായ്ക്കളാണെന്നാണ് സംശയം. കറവയുള്ള ഒരാടിനെയും അഞ്ചുമാസം പ്രായമുള്ള മൂന്ന് ആടുകളെയുമാണ് കൊന്നത്. 30,000 രൂപയുടെ നഷ്ടമാണ് കുടുംബത്തിന് ഉണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്ന് അല്പം മാറിയാണ് ആട്ടിന്‍കൂട് സ്ഥിതി ചെയ്യുന്നത്.
രാത്രി മഴയായതിനാല്‍ ആടുകളുടെ കരച്ചിലും കേട്ടില്ല. ഇന്നലെ രാവിലെ ആടിനെ കറക്കാന്‍ കൂട്ടില്‍ എത്തിയപ്പോഴാണ് ചത്തുകിടക്കുന്നതായി കാണുന്നത്. ആടിന്റെ കുറച്ചുഭാഗം ഭക്ഷിച്ച നിലയിലുമായിരുന്നു. ആടുകളുടെ കഴുത്തിലായിരുന്നു മുറിവ്. വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തിയിരുന്നു.
തെരുവുനായ്ക്കളാണ് ആടുകളെ കടിച്ചുകൊന്നതെന്നാണ് ഇവരുടെ നിഗമനം. അതേസമയം പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഹോട്ടലുകളുടെയും മറ്റും പ്രവര്‍ത്തനം നിലച്ചതോടെ ഭക്ഷണം തേടി ഇവ അലയുകയാണ്. എന്നാല്‍ പ്രദേശത്തെ തെരുവുനായ ശല്യം ഒഴിവാക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പ്രദേശത്തെ നിരവധിപ്പേരുടെ ആടുകളെയും കോഴികളെയും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: