ആലുവ: ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനെ ബൈക്കില്‍ എത്തിയ മുഖം മൂടിസംഘം ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കീഴ്മാട് മണ്ഡല്‍ കാര്യവാഹ് കുട്ടമശേരി ചാലക്കല്‍ കൊല്ലംകുടി വീട്ടില്‍ കെ.വി. രാജന്റെ മകന്‍ രജിത്ത് (36) നെയാണ് ആലുവ യുസി കോളേജ് സെറ്റില്‍മെന്റ് സ്‌കൂളിന് സമീപം ബൈക്കില്‍ എത്തിയ എട്ടംഗ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രജിത്തിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം.
കെട്ടിട നിര്‍മാണ കരാറുകാരനായ രജിത്ത് ജോലി സംബന്ധമായ ആവശ്യത്തിന് ബൈക്കില്‍ കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നു. തൂവാല വച്ച് മുഖം മറച്ച് ബൈക്കില്‍ പിന്നാലെയെത്തിയ സംഘം ആദ്യം പേര് ചോദിക്കുകയും പിന്നാലെ രജിത്തിന്റെ ബൈക്ക് അപകടത്തില്‍പ്പെടുത്താനും ശ്രമിച്ചു. ബൈക്ക് നിര്‍ത്തിയതോടെ അക്രമി സംഘത്തിലൊരാള്‍ ആദ്യം രജിത്തിന്റെ മുഖത്ത് ഇടിച്ചു. ഇതോടെ റോഡിലേക്ക് വീണ രജിത്തിനെ മറ്റ് ബൈക്കുകളിലായി എത്തിയവര്‍ തുണിയില്‍ പൊതിഞ്ഞ ഇരുമ്പ് വടി വച്ച് ആഞ്ഞടിച്ചു. താരതമ്മ്യേന തിരക്ക് കുറഞ്ഞ മേഖലയിലായതിനാല്‍ പെട്ടെന്ന് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇതിനിടയില്‍ വഴിയാത്രക്കാര്‍ എത്തിയതോടെ അക്രമികള്‍ തിരികെ ആലുവ ഭാഗത്തേക്ക് പോയി. ബോധരഹിതനായ രജിത്തിനെ അതുവഴി വന്ന കാറില്‍ നാട്ടുകാര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. അടുത്തിടെ ചാലക്കലില്‍ നടന്ന മതം മാറ്റ വിഷയത്തില്‍ രജിത്തിന്റെ പിതാവ് കെ.വി. രാജന്‍ ഇടപ്പെട്ടിരുന്നു. ഹിന്ദു ഐക്യവേദിയുടെ നേതാവായ രാജന്‍ യുവതിക്കും കുടുംബത്തിനും സഹായവുമായി രംഗത്തുണ്ടായിരുന്നു. രജിത്തും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. മതം മാറിയ യുവാവ് മടങ്ങിയെത്തി ഇപ്പോള്‍ യുവതിക്കും കുടുംബത്തിനുമൊപ്പമാണ് താമസം. ആക്രമണത്തിന് പിന്നില്‍ മതം മാറ്റ വിഷയവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും രജിത്ത് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: