ആനന്ദമയകോശ വിവരണം തുടരുന്നു
ആത്മാവിന്റെ, പരമാനന്ദത്തിന്റെ പ്രതിബിംബിത ചുംബനമാണ്, അതിന്റെ ഫലമാണ് ആനന്ദമയ കോശമായിത്തീരുന്നത്. ആനന്ദസ്വരൂപിയായ ആത്മാവിന്റെ ദിവ്യപ്രഭയില്‍ വൃത്തികള്‍ പ്രകാശിക്കപ്പെടുന്നു. ഉറക്കവുമായും കാരണ ശരീരവുമായും ബന്ധപ്പെട്ടതാണ് ആനന്ദമയ കോശമെങ്കിലും ഉണര്‍ന്നിരിക്കുമ്പോഴും ആനന്ദമയകോശ അനുഭവം ഉണ്ടാകാറുണ്ട്. ഈ ആനന്ദം ഇഷ്ടവസ്തുക്കളുടെ സംബന്ധവുമായി ആശ്രയിച്ച് മൂന്നായി തിരിക്കാം. പ്രിയം, മോദം, പ്രമോദം എന്നിങ്ങനെ.
ഇവ മൂന്ന് തലത്തിലുള്ള ആനന്ദമാണ്. ഇഷ്ടപ്പെട്ട വസ്തുവിനെയോ ആളെയോക്കുറിച്ച് ചിന്തിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദമാണ് പ്രിയം. ഇഷ്ടപ്പെട്ടത് തനിക്ക് കിട്ടുമ്പോഴോ തന്റെയടുത്ത് എത്തുമ്പോഴോ തോന്നുന്നതാണ് മോദം. പ്രിയമെന്ന ആനന്ദത്തിന്റെ അളവ് വര്‍ദ്ധിച്ച് മോദമായിത്തീരുന്നു. ഇഷ്ടപ്പെട്ടതിനെ ശരിക്കും അനുഭവിക്കുമ്പോള്‍ അത് പ്രമോദമായി മാറും. ഇത് ആനന്ദത്തിന്റെ ഉയര്‍ന്ന നിലയാണ്.
പ്രിയം, മോദം, പ്രമോദം എന്നീ മൂന്ന് തലത്തിലുള്ള ആനന്ദവും അനുഭവപ്പെടുന്നത് ആനന്ദമയ കോശത്തിലാണ്. തൈത്തിരീയ ഉപനിഷത്തില്‍ ‘തസ്യ പ്രിയമേവ ശിരഃ മോദോ ദക്ഷിണഃ പക്ഷഃ പ്രമോദ ഉത്തരപക്ഷഃ ആനന്ദ ആത്മാ ബ്രഹ്മപുച്ഛം പ്രതിഷ്ഠാ’ എന്ന് ആനന്ദമയകോശത്തെ വിവരിച്ചിട്ടുണ്ട്. പ്രിയം മോദം, പ്രമോദം എന്നിവയെ ആനന്ദമയകോശത്തിന്റെ അവയവങ്ങളായി ഇവിടെ പറയുന്നു.
നമുക്ക് അനുകൂലമായി വരുമ്പോഴാണ് ഇഷ്ടം എന്നത് സംഭവിക്കുന്നത്. ഇഷ്ടമുള്ളത് അനുഭവിക്കുമ്പോള്‍ സുഖം ഉണ്ടാകുന്നു. സുഖം കിട്ടുമ്പോള്‍ നമുക്ക് തോന്നും സുഖമിരിക്കുന്നത് വസ്തുക്കളിലാണെന്ന്. അത് തെറ്റിദ്ധാരണയാണ്. എന്നാല്‍ സുഖം നമ്മില്‍ തന്നെയാണ് ഉള്ളത്.
അജ്ഞാനം മൂലമാണ് സുഖം വസ്തുക്കളില്‍ ഇരിക്കുന്നുവെന്ന് തോന്നുന്നത്. ഇത് അല്പം ആലോചിച്ചാല്‍ വാസ്തവം ബോധ്യമാകുകയും ചെയ്യും. വസ്തുക്കളിലാണ് സുഖം ഇരിക്കുന്നതെങ്കില്‍ എല്ലാക്കാലത്തും ഒരുപോലെ ഒരേ അളവില്‍ സുഖം തരാന്‍ കഴിയണമായിരുന്നു. ഒരു വസ്തുവിനും അത് സാധിക്കില്ല.
നാം ഉളളില്‍ ആനന്ദത്തോടെയിരിക്കുമ്പോള് ചുറ്റും ആനന്ദമായി തോന്നും. പ്രതികൂലമായി വരുന്നതിനെപ്പോലും കാര്യമായെടുക്കില്ല.
നമ്മുടെ മനസ്സിന്റെ ശാന്തതയ്ക്കനുസരിച്ച് സുഖത്തിന്റെ അളവില്യം മാറ്റമുണ്ടാകും. മനസ്സ് വളരെ പ്രസന്നമായിരിക്കുമ്പോള്‍ സുഖം താനെ ഉണ്ടാകും. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും സുഖം അനുഭവപ്പെടാം. നമ്മുടെ സത്കര്‍മ്മങ്ങളെ തുടര്‍ന്നുള്ള പുണ്യവാസന കളുടെ ഫലമാണിത്.
സജ്ജനങ്ങളും മഹാത്മാക്കളുമായവര് എല്ലായ്പ്പോഴും ആനന്ദത്തിലായിരിക്കും. ഉള്ളിലെ നിറഞ്ഞ ആനന്ദത്തില്‍ മുഴുകിയിരിക്കുന്ന അവരെ പുറമെയുള്ള ഒന്നും ബാധിക്കുകയില്ല. അവര്‍ക്ക് പക്ഷേ ചിലപ്പോള്‍ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഉണ്ടാകില്ല. എങ്കിലും അവര്‍ ആനന്ദത്തിലായിരിക്കും. നിറഞ്ഞ പുണ്യമായിരിക്കും അവര്‍ക്ക്. സുകൃതികളായവര്ക്ക് അവരുടെ പുണ്യത്തിന്റെ ഫലം തന്നെയാണ് ആനന്ദം. ഇത് അവരില്‍ പ്രകടമായി കാണാം.
ജാഗ്രത്തിലും സ്വപ്നത്തിലുള്ള സുഖരൂപത്തിലുള്ള താമസ വൃത്തിയും ആനന്ദമയ കോശമാണ്. ഓരോ ആളും ആനന്ദമനുഭവിക്കുന്നത് ആനന്ദമയകോശത്തിലാണ്. ആനന്ദമയകോശം അവിദ്യാ സ്വരൂപമാണ്. ഉറക്കത്തില്‍ അജ്ഞാനത്തിന്റെ ആവരണം കാരണം നാം ഒന്നുമറിയാതെ സുഖമായി കിടക്കുന്നു. അവിടെയുള്ള സുഖം യഥാര്‍ത്ഥത്തില്‍ ദുഃഖത്തിന്റെ അഭാവമാണ്. അജ്ഞാന മറയാല്‍ നാം ഒന്നുമറിയാതിരിക്കുന്നു. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ അടങ്ങിക്കിടക്കുന്ന ഉറക്കത്തില്‍ മറ്റൊരു പ്രവര്ത്തനവുമില്ലാത്തതിനാല് ആനന്ദം തന്നെ. ഒരു പ്രയത്നവും കൂടാതെ ആനന്ദം അനുഭവിക്കുന്നു. അപ്പോള്‍ ആനന്ദമയകോശത്തിന് ആത്മാവുമായി ചേര്‍ച്ച വന്നു എന്നറിയണം. എന്നാല്‍ അത് പരമമായ ആനന്ദമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: