കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന ഒഴിവാക്കാന്‍ തിരുമാനിച്ച കളമശേരി ഏരിയ സെക്രട്ടറി വി.എം സക്കീര്‍ഹുസൈന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു.ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ ആരും നീക്കിയിട്ടില്ലെന്നും കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് ഇരുന്നാണ് താന്‍ സംസാരിക്കുന്നതെന്നുമാണ്സക്കീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.സക്കീറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് കളമശേരിയിലെ പാര്‍ട്ടിയംഗം തന്നെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടംഗ അന്വേഷണ കമ്മീഷനാണ് സക്കീറിനെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദശിച്ചത്.
ചൊവ്വാഴ്ച കൂടിയ ജില്ലാ കമ്മിറ്റി കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.ഏരിയ സെക്രട്ടറിസ്ഥാനത്ത്നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് കമ്മീഷന് അംഗങ്ങളായ സി.എം ദിനേശ് മണിയും പി.ആര് മുരളിയും നല്കിയ റിപ്പാര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ജില്ലാകമ്മിറ്റി അംഗീകരിക്കുകയായിരുന്നു.അനുമതിക്കായി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തിരുമാനം ഇന്നുണ്ടാകുമെന്നാണ് സൂചന.18 ന് കളമശേരി ഏരിയ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.ഈ യോഗത്തില്‍ സക്കീറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ കാര്യം ജില്ലാ കമ്മിറ്റി അവതരിപ്പിക്കും.ഇക്കാര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ ആരും മാറ്റിയിട്ടില്ലെന്ന് വെല്ലുവിളിയുമായി സക്കീര്‍ രംഗത്ത് വരുന്നത്.ഇത് കാണിക്കുന്നത് സിപിഎമ്മിന്റെ കേഡര്‍ സ്വഭാവം നഷ്ടമായെന്നാണ്.
സക്കീറിനെതിരെയുള്ള പാര്‍ട്ടി നടപടി ചര്‍ച്ചചെയ്യാന്‍ കൂടിയ ജില്ലാകമ്മിറ്റി യോഗത്തിലെ വിവരങ്ങള്‍ മിനിട്ടുകള്‍ക്കുള്ളില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി.ഗുണ്ടാപ്പണി, അനധികൃതസ്വത്ത് സമ്പാദനം, നിയമപാലകരെ വിരട്ടല്‍, സാമ്പത്തീക ക്രമക്കേട്, വ്യവസായിയെ തട്ടികൊണ്ട് പോകല്‍, പ്രളയദുരിതാശ്വാസ ഫണ്ട് തട്ടല്‍ ഉള്‍പ്പെടെ സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്നത് നിരവധി ആരോപണങ്ങളാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് നേതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതും.വ്യവസായിയെ തട്ടികൊണ്ടു പോയ കേസില്‍ സക്കീറിനെ പോലീസ് അറസ്റ്റു ചെയ്യുകയും ഉണ്ടായി.കേസില്‍ ഒരുമാസത്തോളം സക്കീര്‍ ജയിലില്‍ കിടന്നു. കേസില്‍ സക്കീര്‍ ഹുസൈനെ രക്ഷിക്കാനായിരുന്നു പാര്‍ട്ടിയുടെ താല്‍പ്പര്യം. കേസ് ഉണ്ടായി 20 ദിവസത്തിന് ശേഷം മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. പാര്‍ട്ടി ഓഫീസിലായിരുന്നു സക്കീര്‍ ഹുസൈന് ഒളിവില്‍ പാര്‍ത്തതെന്ന വിവരം പുറത്തുവന്നതും സിപിഎമ്മിനെ വിവാദത്തിലാക്കി. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി സിപിഎം മുഖം രക്ഷിച്ചെങ്കിലും പിന്നീട് പാര്‍ട്ടി തന്നെ നിയോഗിച്ച കമ്മീഷന് അനുകൂലിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെ തിരിച്ചുവരാനായി. എളമരം കരീമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.
കേസില്‍ പെട്ടതോടെ ഏരിയാ കമ്മറ്റിയില്‍ നിന്നും നീക്കിയെങ്കിലും സര്‍ക്കാര്‍ പദവിയായ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാതിരുന്നതും അന്ന് വിവാദമായിരുന്നു.കളമശേരി പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ വരെ സക്കീറിന്റെ പേരുണ്ടായിരുന്നു വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കേസെടുത്ത പോലീസ് സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുണ്ടാ പശ്ചാത്തലമുള്ള വ്യക്തിയാണ് സക്കീറെന്നും 15 കേസുകളില്‍ പ്രതിയാണെന്നും വ്യക്തമാക്കിയിരുന്നു..ഇതിന് പിന്നാലെയാണ് പ്രളയ ഫണ്ട് തട്ടിപ്പുമായി സക്കീറിന്റെ പേര് ഉയര്‍ന്നത്. അയ്യനാട് സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറും സിപിഎംലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന സിയാദ് വാഴക്കാലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടും സക്കീര്‍ ഹുസൈന്റെ പേര് ചര്‍ച്ചയായി
സിയാദിന്റെ ആത്മഹത്യാ കുറിപ്പില്‍ സക്കീറിന്റെ പേര് ഉണ്ടായിരുന്നു. സക്കീര്‍ ഹുസൈന് ഉള്‍പ്പെടെയുള്ള കളമശ്ശേരിയിലെ മൂന്ന് നേതാക്കള്‍ക്ക് നേരെയായിരുന്നു ആരോപണം. പ്രളയദുരിതാശ്വാസ തട്ടിപ്പില്‍പ്പെട്ട ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്നു സിയാദ്.
പാര്‍ട്ടി നേതാക്കളുള്‍പ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തടയുന്നതില്‍ സക്കീര്‍ ഹുസൈന് ജാഗ്രതക്കുറവുണ്ടായതായും കമ്മിഷന് വിലയിരുത്തിയിരിക്കുകയാണ്. ഈ കേസില്‍ പാര്‍ട്ടി അന്വേഷണം തുടരുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണവും ഉയര്‍ന്നിരിക്കുന്നത്. സിപിഎം കളമശേരി ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവന്റെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
സക്കീര്‍ ഹുെസെന് അഞ്ച് വീടുകളുണ്ടെന്ന് അന്വേഷണ കമ്മിഷന് കണ്ടെത്തി.രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയര്‍ന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോണ്‍ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമാണ് സക്കീര്‍ ഹുസൈന് പരാതി സംബന്ധിച്ച് പാര്‍ട്ടിക്ക് നല്കിയ വിശദീകരണം.മുമ്പ് കുസാറ്റ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ പേരില്‍ കളമശ്ശേരി എസ്ഐ അമൃതരംഗനെ സക്കീര്‍ ഹുസൈന് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് സക്കീര്‍ ഹുസൈന് വെട്ടിലായിത്. ഈ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി പ്രകടിപ്പിച്ചതായും സിപിഎം സംസ്ഥാന നേതൃത്വം ശാസിച്ചതായും വാര്‍ത്ത പുറത്തു വന്നിരുന്നു. സക്കീര്‍ ഹുസൈന് പോലീസിനെ വിരട്ടുന്ന സംഭവം വീണ്ടും ഉണ്ടായി. മാര്‍ച്ചില്‍ ആലുവ മുട്ടത്ത് വെച്ച് ലോക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്ത സക്കീര്‍ ഹുസൈനെ ചോദ്യം ചെയ്ത പോലീസുകാരനോട് താന്‍ സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി എന്ന് പറയുന്ന വീഡിയോയും മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് പുറമേ സാമ്പത്തീക ക്രമക്കേടുകളും ആരോപിക്കപ്പെട്ടിരുന്നു എങ്കിലും സക്കീര്‍ ഹുസൈനെ തൊടാന്‍ സിപിഎം നേതൃത്വം മടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: