ലൗകികമായ അറിവും വിദ്യാഭ്യാസവും ജീവിതാനുഭവവുംകൊണ്ട് പ്രകാശമാനമായ ഒരുതരം ബുദ്ധിശക്തിയുണ്ട്. അത്തരം ബുദ്ധിവികാസം ആധുനികയുഗത്തിലെ പ്രധാനമായ ഒരു സവിശേഷതയാണ്. പക്ഷേ സത്യവസ്തുവിനെ കണ്ടെത്താന്‍ യോഗ്യമായ ബുദ്ധിയുടെ വികാസം ഇതില്‍നിന്നും വിഭിന്നമാണ്. ആദ്യം സൂചിപ്പിച്ച ബുദ്ധി അഹന്തയുമായി ബന്ധപ്പെട്ടതാണ്. തന്മൂലം അത് സന്ദേഹത്തിനും വ്യാമോഹത്തിനും വിധേയമായിരിക്കും. എന്നാല്‍ രണ്ടാമതു സൂചിപ്പിച്ച ബുദ്ധിയാകട്ടെ അഹന്തയറ്റതാണ്. ശ്രദ്ധയാല്‍ അനുഗൃഹീതമാണ്. സത്യത്തില്‍ അടിയുറച്ചതാണ്. ശരണാഗതികൊണ്ട് മൗനമുദ്രിതമാണ്.. വിശുദ്ധവും കുശാഗ്രവും അചഞ്ചലവുമായ അത്തരം ബുദ്ധിക്കുമാത്രമേ അപാരതയില്നിന്നും അനുഭൂതികള്‍ ഉള്‍ക്കൊള്ളാനാവൂ.
ഭക്തനു ഉല്‍കൃഷ്ടമായ ബുദ്ധിയാണുള്ളത്. നിജമായ വിവേകവുമുണ്ട്. ഈശ്വരന്‍മാത്രമാണ് സത്യമായിട്ടുള്ളതെന്നും പ്രേമാര്ഹനായിട്ടുള്ളതെന്നും ഭക്തനറിയാം. അയാള്‍ സ്വധര്‍മ്മനിരതനായിരിക്കും. എന്തെന്നാല്‍ മറ്റു നിക്ഷിപ്ത താല്‍പ്പര്യങ്ങളും സ്വാര്‍ത്ഥ ഉദ്ദേശ്യങ്ങളും അയാള്‍ക്കില്ല. ഭക്തന്റെ അന്വേഷണം എന്നും അന്തര്‍മുഖമായിരിക്കും.
ആരാധനയും ഭക്തിപരമായ മറ്റു സാധനാനുഷ്ഠാനങ്ങളും ധര്‍മ്മാചരണവും കുലീന ഗുണങ്ങളുടെ പരിപോഷണവും ഗുരുസേവയുംകൊണ്ട് ബുദ്ധി വിശുദ്ധവും സൂക്ഷ്മവും കുശാഗ്രവും വിവേചനാസമര്ത്ഥവുംഈശ്വരാധിഷ്ഠിതവും അഹന്തയുടെ ലാഞ്ഛനയില്ലാത്തതും ആയി പരിണമിക്കും. അത്തരം ബുദ്ധികൊണ്ടാണ് ഒരാള്‍ക്ക് സോഹം ധ്യാനത്തിനും ഗാഢമായ തത്വവിചാരത്തിനും കഴിവുണ്ടാകുന്നത്. അങ്ങിനെ ബുദ്ധി പ്രജ്ഞാസ്വരൂപമായി പരിവര്‍ത്തനം ചെയ്യപ്പെടണം. അപ്പോള്‍മാത്രമേ ഈശ്വരദര്‍ശനം സാദ്ധ്യമാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: