Categories: Samskriti

‘വൈഷ്ണവ ജനതോ തേനെ കഹിയേ…’

സാരഥികളുടെ സന്ദേശം 19

‘വൈഷ്ണവ ജനതോ തേനെ കഹിയെ…’ തംബുരുവും ഇലത്താളവും പശ്ചാത്തലമായി ആ ഭജനഗാനം സദസ്സിലേക്ക് ഒഴുകിയെത്തുകയാണ്. ജാതിമതഭേദമെന്യേ അവിടെ തടിച്ചു കൂടിയ ആയിരങ്ങള്‍ അത് ആഹഌദാരവത്തോടെ ഏറ്റുവാങ്ങുന്നു. കീര്‍ത്തനമാലപിക്കുന്ന നരസിംഹ മേത്ത ഇതൊന്നും ശ്രദ്ധിക്കാതെ നിര്‍മമനായി മുന്നില്‍ ഭക്തിമന്ദാരം പൊഴിക്കുന്ന ദീപസ്തംഭത്തിലേക്ക് നോക്കി പുഞ്ചിരി തൂകി പാടിക്കൊണ്ടിരിക്കുന്നു. ‘ഗുജറാത്തി കാവ്യസാഹിതിയുടെ പിതാവ്’എന്നറിയപ്പെടുന്ന നരസിംഹമേത്ത, നരസീമേത്തയെന്നാണ് അറിയപ്പെട്ടത്. പ്രകൃതിയും സംസ്‌കൃതിയും സംഗീതവും നൃത്തവും ആത്മീയതയും നിറവേകുന്ന ഗുജറാത്തില്‍ പതിനഞ്ചാം ദശകത്തിന്റെ ആരംഭദശയിലാണ് ഭക്തിയുടെ ഭാവഭദ്രമായ ആശയങ്ങള്‍ ചിറകു വിരിച്ചത്.  

ഭാഗവത ഭക്തിയുടെ പ്രേമതരംഗങ്ങളാണ് ജീവാത്മാപരമാത്മാ സങ്കല്‍പത്തില്‍ ഗോപികാ കൃഷ്ണന്മാരുടെ മധുരലീലകളായി ഭക്തകവികള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ഋഷികവികളില്‍ മുഖ്യനേതൃത്വം നേടിയ നരസിംഹ മേത്ത 1414 ലാണ് ജനിച്ചത്. ജന്മനാ മൂകനും ബധിരനുമായ കുഞ്ഞിന് ഒരു ശിവയോഗിയുടെ അനുഗ്രഹഫലമായി സംസാരശേഷി വീണ്ടുകിട്ടിയെന്നാണ് കഥ. ആത്മീയത കരളില്‍ കുടികൊണ്ടിരുന്ന ‘നരസി’ ഏറെക്കാലം ക്ഷേത്രാങ്കണങ്ങളില്‍ സംന്യാസിമാരോടൊപ്പമാണ് താമസിച്ചത്. ജ്യേഷ്ഠസഹോദരന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം ചെയ്‌തെങ്കിലും കുടുംബകാര്യത്തില്‍ ശ്രദ്ധിച്ചില്ല. പത്‌നിയോടും കുഞ്ഞുങ്ങളോടും യാത്ര പറഞ്ഞ് കൃഷ്ണനെ തേടി ഏറെക്കാലം അലഞ്ഞു. കൃഷ്ണസാക്ഷാത്ക്കാരം നേടിയ ശേഷം നരസീമേത്തയില്‍ നിന്ന് കവിതകളും കീര്‍ത്തനങ്ങളും ഒഴുകാന്‍ തുടങ്ങി. യോഗാത്മകതയുടെ ഉള്ളിലുജ്ജ്വലിക്കുന്ന അരണിയും അതീതങ്ങളുടെ അഗ്നിച്ചിറകുകളുമായി അവ സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ ശംഖൊലി യായി.

ഉന്നതകുലജാതരെന്നഭിമാനിച്ച പാരമ്പര്യവാദികള്‍ക്ക് നരസീയാചാര്യയുടെ ജാതിമതാതീതമായ കര്‍മങ്ങളും രീതികളും സ്വീകാര്യമായില്ല. അവര്‍ ആചാര്യനെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി. കുലുങ്ങാത്ത ധര്‍മനിഷ്ഠയില്‍ പ്രായോഗിക വേദാന്തത്തിന്റെ വെളിച്ചത്തില്‍ ധീരതയോടെ കര്‍മാനുഷ്ഠാനങ്ങളില്‍ മുഴുകിയ ആചാര്യനു മുന്നില്‍ പ്രതിയോഗികള്‍ മുട്ടുമടക്കി. അനുയായി വൃന്ദത്തില്‍ കൂട്ടുചേര്‍ന്ന് അവര്‍ ആചാര്യപാദം പിന്തുടരുകയായിരുന്നു. ഈ മഹാഗുരുവിന്റെ ‘ഹര്‍മാല’, ‘ശ്യാമള്‍ ഷാനോ വിവാഹ’, ‘ഗോവിന്ദ്ഗമന്‍’, ‘സുരതസംഗ്രാം’, ‘രാസസഹസ്രപദി’, ‘സുദാമാ ചരിത്ര’ തുടങ്ങിയ കൃതികളും ‘ബാലലീല’, ‘ദാനലീല’  എന്നീ ഉജ്വലമായ പദങ്ങളും സമൂഹം ഏറ്റെടുത്തു.  

ഭക്തി വൈരാഗ്യങ്ങളുടെ സമ്പുടമായ ആചാര്യന്റെ ഗീതകങ്ങള്‍ മാനവ മഹാമന്ത്രണങ്ങളായി കാലഘട്ടത്തിന് മൂല്യസങ്കല്‍പ്പമേകുകയായിരുന്നു. 1480 ലാണ് സദ്‌സംഗത്തിനൊടുക്കം കൃഷ്ണകീര്‍ത്തനാലാപ വേളയില്‍ അനുയായി വൃന്ദത്തിന് നടുവില്‍ നരസിംഹാചാര്യ വിഷ്ണുലോകം പൂകുന്നത്.

ആചാര്യന്റെ മഹിതകീര്‍ത്തനങ്ങളും ഭാവഗീതികളും കാലാന്തരങ്ങളില്‍ മാനവ ധര്‍മസേവയടെയും മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും ഉള്‍വിളിയായി. സ്വാതന്ത്ര്യസമരത്തിന്റെ തിരുമുറ്റത്ത് മഹാത്മജി അനുയായികളുടെ ആന്തരിക ചോദനയുണര്‍ത്താന്‍ എന്നും പാടിയ ആ ഗുരുഗീതം ഇന്നും ഈ ധര്‍മ ഭൂമിയില്‍ മുഴങ്ങിക്കേള്‍ക്കാം. ‘വൈഷ്ണവ ജനതോ തേനെ കഹിയെ…’

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക