കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ക്ക് പുറമെ ഇലക്ട്രിസിറ്റി ബില്‍ പിടിച്ചുപറി കൂടിയായതോടെ പിണറായി സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാവുന്നു. കൊറോണയുടെ മറവില്‍ പിആര്‍ വര്‍ക്കിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിച്ച പ്രതിച്ഛായ തകര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിരോധത്തിലായിരിക്കുകയാണ്.
വിദേശങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ക്ക് കൊറോണ ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് ഇറങ്ങിയതോടെ പ്രവാസികളും കുടുംബങ്ങളും കടുത്ത രോഷത്തിലാണ്. പ്രവാസികളുടെ കാര്യത്തില്‍ തുടക്കം മുതല്‍ കാപട്യമാണ് പിണറായി സ്വീകരിച്ചത്.
പ്രവാസികള്‍ക്കായി വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് കൊട്ടിഗ്ഘോഷിച്ചത്. രണ്ടര ലക്ഷം പേര്‍ക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കിയിരിക്കുന്നതായും പ്രഖ്യാപിച്ചു. കോടതിയില്‍ പോലും ലക്ഷക്കണക്കിന് പേര്‍ക്ക് സൗകര്യമൊരുക്കിയതായി അറിയിക്കുകയും ചെയ്തു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രചാരണം. എന്നാല്‍, വന്ദേ ഭാരത് മിഷനിലൂടെ പ്രവാസികള്‍ എത്തിത്തുടങ്ങിയതോടെ രോഗവ്യാപനമുണ്ടാകുമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു. 14 ദിവസത്തെ ഔദ്യോഗിക ക്വാറന്റൈന് എന്നത് വെട്ടിക്കുറച്ച് ഏഴാക്കി മാറ്റി. ബാക്കി ഹോം ക്വാറന്റൈന് ആക്കുകയും ചെയ്തു. ക്വാറന്റൈന് സൗകര്യത്തിനായി പണം ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴാകട്ടെ കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഇവിടേക്ക് എത്തുന്ന പ്രവാസികള്‍ക്ക് വേണമെന്ന നിര്‍ദേശവും കൂടിയായതോടെ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണമായും തുറന്ന് കാണിക്കപ്പെടുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിലും ഇതേ കാപട്യം തന്നെയായിരുന്നു പിണറായിക്ക്. കേരളം ഒന്നാമതാണെന്ന് കാണിക്കാനുള്ള പ്രചാരണ നെട്ടോട്ടത്തില്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടുപോയതിന്റെ ജാള്യതയിലാണ് സര്‍ക്കാരിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: