മതസ്വാതന്ത്ര്യ-വ്യക്തിസ്വാതന്ത്ര്യ നിഷേധങ്ങളുടേയും മനുഷ്യാവകാശലംഘനത്തിന്റെയും പേരു പറഞ്ഞ് ഇന്ത്യയെ നിരന്തരം വിമര്‍ശിക്കുന്ന അമേരിക്കയുടെ യഥാര്‍ഥ മുഖം തുറന്നുകാണിക്കുന്ന സംഭവങ്ങളാണ് ഇന്ന് അവിടെ നടക്കുന്നത്. കറുത്ത വര്‍ഗക്കാരായ രണ്ടു പേരാണ് അവിടെ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ഒരാളെ ശ്വാസം മുട്ടിച്ചും മറ്റൊരാളെ വെടിവച്ചുമാണ് കൊന്നത്. ആദ്യ സംഭവത്തിന്റെ പേരിലെ പ്രതിഷേധങ്ങള്‍ രാജ്യാന്തര തലത്തിലേക്ക് കടന്ന അവസരത്തിലാണ് കഴിഞ്ഞ ദിവസത്തെ രണ്ടാം സംഭവം. കഴിഞ്ഞ മെയ് 25 നാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡ് പൊതു നിരത്തില്‍ പൊലീസിന്റെ കൈകളാല്‍ കൊല്ലപ്പെടുന്നത്. പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ റെയ്ഷാര്ഡ് ബ്രൂക്ക്സ് എന്ന മറ്റൊരു കറുത്ത വര്ഗക്കാരന് യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു.
മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ആവോളമുള്ള ഇന്ത്യയെ അവഹേളിക്കാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭം പോലും യുഎസ് പാഴാക്കിയിട്ടില്ലെന്ന് ഓര്‍ക്കണം. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്നും പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ എന്നിവര്‍ക്കൊന്നും ഇന്ത്യയില്‍ സുരക്ഷിതത്വം ഇല്ലെന്നുമൊക്കെ റിപ്പോര്‍ട്ട് ഇറക്കിയ രാജ്യമാണ് യുഎസ്. ആ അപവാദപ്രചാരണത്തെ ആഘോഷമാക്കാന്‍ ഇന്ത്യയിലെ കേന്ദ്ര വിരുദ്ധ മാധ്യമങ്ങളും മത്സരിച്ചു. വംശീയ അധിക്ഷേപങ്ങളുടെ ചരിത്രം പേറുന്ന അമേരിക്ക, ഒരിക്കലും ആ കറുത്ത അധ്യായങ്ങളിലെ പാപക്കറ കഴുകിക്കളയാന്‍ നോക്കിയിട്ടില്ല, പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. കൊളോണിയല്‍ കാലഘട്ടം മുതല്‍ തുടങ്ങിയതാണ് വെള്ളക്കാര്‍ക്ക് കറുത്തവര്ഗ്ഗക്കാര്ക്കുമേലുള്ള അധീശ്വരത്വം. അമേരിക്കയിലെ ആദിമ ഗോത്രമായ റെഡ് ഇന്ത്യന്‍സിനെ അധിനിവേശത്തിലൂടെ വെള്ളക്കാര്‍ ഉന്മൂലനം ചെയ്യുകയായിരുന്നു. അതാണ് അവരുടെ പാരമ്പര്യം. അവര്‍ അത് ഇന്നും തുടര്‍ന്നുപോരുന്നു. ഭരണാധികാരികളെപ്പോലും വര്‍ണവെറി പിടിച്ചവര്‍ ഇല്ലാതാക്കിയ ഭൂതകാലമാണ് അമേരിക്കയുടേത്. കറുത്തവര്‍ഗ്ഗക്കാരോട് സ്നേഹം പുലര്‍ത്തി എന്ന കാരണത്താലാണ് പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ് കൊല്ലപ്പെട്ടത്. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ മാര്ട്ടിന് ലൂഥര്‍ കിങ് വെള്ളക്കാരന്റെ വെടിയേറ്റാണ് മരണപ്പെട്ടത്. ലൂഥര്‍ കിങ് കണ്ട സ്വപ്നം ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല എന്നതിന് ഉദാഹരണമാണ് അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ അധിക്ഷേപങ്ങളും കൊലപാതകങ്ങളും.
ലോകം മുഴുവന്‍ വെള്ളക്കാരന്റെ കാല്ക്കീഴില് ആവണം എന്ന ചിന്തയാണ് യൂറോപ്പിനെ നയിക്കുന്നത്. അതിന് നിന്നുകൊടുക്കാത്ത ഇന്ത്യയെപ്പോലെ ആത്മാഭിമാനമുള്ള ഒരു രാജ്യത്തെ മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ താറടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ല, മാധ്യമ സ്വാതന്ത്ര്യമില്ല, ആള്ക്കൂട്ടക്കൊലപാതകള് അരങ്ങേറുന്നു തുടങ്ങി അനവധി ആരോപണങ്ങളാണ് അവര്‍ കൊല്ലം തോറും പടച്ചുവിടുന്നത്. ഭരണാധികാരികളെപ്പോലും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ അടുത്തിടെ ഒരു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് അസഹിഷ്ണുത പ്രകടിപ്പിച്ച് വാര്‍ത്താസമ്മേളനത്തില്‍ നിന്നു കുപിതനായി ഇറങ്ങിപ്പോയ യുഎസ് പ്രസിഡന്റ് ട്രംപും ഇന്ത്യയിലെ ഭരണാധികാരികളും തമ്മില്‍ വലിയ അന്തരമുണ്ട്. അത് സഹിഷ്ണുതയുടേതാണ്. അമേരിക്കയില്‍ അത്തരം സഹിഷ്ണുത നഷ്ടപ്പെട്ടവരാണ് നിറത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടത്തുന്നത്.
കറുപ്പും വെളുപ്പും കേവലം രണ്ട് നിറങ്ങള്‍ മാത്രമാണെന്നും മനുഷ്യന്റെ സത്തയെ നിര്‍ണയിക്കുന്ന അളവുകോലുകള്‍ അല്ലെന്നും അവര്‍ പഠിക്കേണ്ടിയിരിക്കുന്നു. അമേരിക്ക ലോകത്തിന് മുന്നില്‍ ഇപ്പോള്‍ തലകുനിച്ചു നില്‍ക്കേണ്ടി വരുന്നത് വംശീയാധിക്ഷേപത്തിന് കുപ്രസിദ്ധി നേടിയ രാജ്യം എന്ന നിലയിലാണ്. അതില്‍ നിന്നും മോചനം നേടുക അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഭരണാധികാരികള്‍ തന്നെ കറുത്തവനെന്നും വെളുത്തവനെന്നും വേര്‍തിരിച്ചു കാണുന്ന നാട്ടില്‍. രാജാവ് എപ്രകാരമാണോ അപ്രകാരമായിരിക്കും പ്രജകളും എന്നാണല്ലോ ചൊല്ലുതന്നെ. യുഎസില്‍ ഇപ്പോള്‍ കറുത്തവര്‍ഗ്ഗക്കാര്‍ ഉയര്‍ത്തിയ പ്രതിഷേധാഗ്നി ഉടന്‍ അണയില്ല. ലോകരാജ്യങ്ങള്‍ തന്നെ അവിടുത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഇതിനെല്ലാം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറുപടി പറയേണ്ടതുണ്ട്. കലാപകാരികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിന് പകരം പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് കാണേണ്ടത്. ജനാധിപത്യത്തിന്റെ അടിത്തറയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഇന്ത്യയെ ഭൂതക്കണ്ണാടിയുമായി നിരീക്ഷിച്ചു കുറ്റപ്പെടുത്തുകയല്ല, ഇന്ത്യയെ തിരിച്ചറിയുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: