കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി, അനധികൃത സ്വത്ത് സമ്പാദനം,ഭൂമിയിടപാട്, പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്ന സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി വി.എം സക്കീര്‍ഹുസൈന്‍ ഒടുവില്‍ പുറത്തേക്ക്.
ജില്ലാ കമ്മറ്റിയില്‍ നിന്നും ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും സക്കീര്‍ ഹുസൈനെ മാറ്റണമെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്് ഇന്നലെ കൂടിയ ജില്ലാകമ്മറ്റി യോഗം അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ സക്കീറിനെ നീക്കികൊണ്ടുള്ള തിരുമാനം കളമശ്ശരി ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിക്കും.
സക്കീര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പാര്‍ട്ടി അംഗത്തിന്റെ പരാതിയിലാണ് നടപടി.അനധികൃത സ്വത്ത് സമ്പാദനം, വലിയ വിലയുടെ അഞ്ച്് വീടുകള്‍, ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയംഗം ജില്ലാകമ്മിറ്റിക്ക് പരാതി നല്‍കിയത്.പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി രണ്ടംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.
സി.എം ദിനേശ്മണി, പി.ആര് മുരളി എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന് സക്കീറിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ജില്ലാകമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ട ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പരാതിക്കാരന് ചൂണ്ടിക്കാണിച്ച് ആരോപണങ്ങള്‍ പൂര്‍ണ്ണമായും ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. സക്കീര്‍ ഹുസൈനെതിരെ നിരവധി ആരോപണങ്ങളാണുള്ളത്. ഏറ്റവുമൊടുവിലായി പ്രളയദുരിതാശ്വാസ തട്ടിപ്പില്‍പ്പെട്ട ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദിന്റെ ആത്മഹത്യാ കുറിപ്പിലും സക്കീര്‍ ഹുസൈന്റെ പേരുണ്ടായിരുന്നു.
പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ ബാങ്കാണ് അയ്യനാട് സഹകരണബാങ്ക്. ഡയറക്ടര്‍ കൗലത്ത്, ഭര്‍ത്താവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എം.എം അന്‍വര്‍ തുടങ്ങിയവര്‍ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളാണ്. നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ ഹുസൈന് അറസ്റ്റിലായതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
സംഭവം അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എളമരം കരീമായിരുന്നു കമ്മീഷന്. എന്നാല്‍ സക്കീറിന് എളമരം കമ്മീഷന് ക്ലീന്‍ചിറ്റ് നല്കുകയാണുണ്ടായത്.ഇതേതുടര്‍ന്ന് കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് സക്കീര്‍ ഹുസൈനെതിരെ വീണ്ടും പരാതി ഉയര്‍ന്നത്. ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീറിനെ മാറ്റിയത് ജില്ലയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി.രാജീവിന്റെ പിടി അയയുന്നതിന്റെ സൂചനയാണ്.സക്കീറിന് പാര്‍ട്ടിയില്‍ സംരക്ഷണ കവചം ഒരുക്കിയിരുന്നത് രാജീവായിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ ആരോപണം.രാജീവ് ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴാണ് വ്യവസായിയെ തട്ടികൊണ്ടുപോയ സംഭവം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: