ബംഗാളിനെ പൊതുവെയും കല്‍ക്കത്തയെ പ്രത്യേകിച്ചും, 1898 മുതല്‍ കാര്‍ന്നു തിന്ന പ്ലേഗ് എന്ന മഹാമാരിയെ, സംന്യാസിയായിരുന്ന സ്വാമി വിവേകാനന്ദന്‍ എങ്ങനെ നേരിട്ടുവെന്നത് ഈ കൊറോണക്കാലത്ത് നമുക്കൊരു പാഠമാണ്. ഹിന്ദുക്കളുടെ പൊതുവെയുള്ള അലസസമീപനത്തിനെതിരെ പലപ്പോഴും ആഞ്ഞടിച്ചിട്ടുള്ള സ്വാമിജി, ഒരു പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെയാണ് നാം പ്രതികരിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നുണ്ട്.
പ്ലാഗ് മാനിഫെസ്‌റ്റോ
121 വര്‍ഷങ്ങള്‍ക്കു മുമ്പ് പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ നേരിടാന്‍ അദ്ദേഹം ഒരു നയരേഖ തന്നെ ചമച്ചു. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും, വ്യക്തികള്‍ വൃത്തിയും വെടിപ്പും പാലിക്കണമെന്നും രോഗപ്രതിരോധശേഷിയെ വര്‍ധിപ്പിക്കണമെന്നും പ്രസ്തുത നയരേഖയില്‍ കൂടി കല്‍ക്കത്താ നിവാസികളോട് ആവശ്യപ്പെട്ടു. പ്ലേഗിനെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കാനും കിംവദന്തികള്‍ക്കൊന്നും ചെവികൊടുക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. പറയുകയും എഴുതുകയും മാത്രമല്ല, സ്വാമി സദാനന്ദയേയും സിസ്റ്റര്‍ നിവേദിതയേയും ഉള്‍പ്പെടുത്തിക്കൊണ്ട് കല്‍ക്കത്താ നഗരം വൃത്തിയാക്കാന്‍ ഒരു സംഘത്തേയും അദ്ദേഹം ചുമതലപ്പെടുത്തി.
ഒരു യഥാര്‍ഥ കര്‍മയോഗിക്കു മാത്രമേ, ഇതുപോലെ ചിന്തയും വാക്കും പ്രവൃത്തിയും സമഞ്ജസമായി സമ്മേളിപ്പിച്ച് പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയൂ. മഹാമാരിക്കെതിരെ മര്‍മ്മമറിഞ്ഞ് കര്‍മം ചെയ്താല്‍ മാത്രമേ, നമുക്ക് വിജയം നേടാന്‍ കഴിയൂ.
എന്താണ് കര്‍മം?
ദേഹം കൊണ്ടോ മനസ്സു കൊണ്ടോ, നാമെന്തൊക്കെ ചെയ്യുന്നുവോ, അതെല്ലാം കര്‍മമാണ്. അവയോരോന്നും നമ്മിലും സമൂഹത്തിലും പ്രകൃതിയിലും ചെറുതും വലുതുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അപ്പോള്‍ കൊറോണയ്‌ക്കെതിരെയുള്ള ഒരു ചിന്തപോലും കര്‍മമാണ്. അപ്പോള്‍ പിന്നെ കൈകൊട്ടിയും പാട്ടു പാടിയും നൃത്തം ചെയ്തും വാട്‌സ് ആപ്പ് പോസ്റ്റ് നടത്തിയുമൊക്കെ നമുക്ക് കൊറോണയ്‌ക്കെതിരെ പോരാടാം.
ലോകത്തില്‍ നാം കാണുന്ന സകല കര്‍മങ്ങളും മനുഷ്യസമുദായത്തിലെ സകല പ്രസ്ഥാനങ്ങളും നമുക്കു ചുറ്റുമുള്ള സകല പ്രവര്‍ത്തനങ്ങളും വിചാരത്തിന്റെ ബാഹ്യ പ്രകടനമാണ്. യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍ ഇവയെല്ലാം ഇച്ഛാശക്തിയുടെ മൂര്‍ത്തരൂപങ്ങളാണ്. ഇച്ഛാശക്തി എങ്ങനെയോ, അതനുസരിച്ചായിരിക്കും നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്തംഗം വരെയുള്ള അധികാരികളുടെ ഇച്ഛാശക്തിയും ഒരുമിച്ച് ചേരുമ്പോള്‍ ഉണ്ടാകുന്ന കൊടുങ്കാറ്റിന് മഹാമാരിയുടെ കാര്‍മേഘങ്ങളെ പറത്തിക്കൊണ്ടു പോകാന്‍ പ്രാപ്തിയുണ്ടാകും. ആ മഹാശക്തിയെയാണ് സ്വാമിജി കര്‍മയോഗമായി വിശദീകരിക്കുന്നത്.
കര്‍മയോഗം
സാമര്‍ഥ്യത്തോടു കൂടി ശാസ്ത്രീയമായി കര്‍മം ചെയ്യുന്നതിനെ കര്‍മയോഗമെന്നു പറയുന്നു. ചെയ്യപ്പെടുന്ന കര്‍മവുമായി ചെയ്യുന്ന വ്യക്തിയുടെ ശാരീരികവും മാനസികവുമായ ഐക്യമാണ് കര്‍മയോഗം. ഇവിടെ മാര്‍ഗവും ലക്ഷ്യവും ഒരു പോലെ പ്രധാനമാണ്. സത്കര്‍മവും സുദുദ്ദേശ്യവും ഒരുമിച്ച് വരുമ്പോള്‍ അത് സാമൂഹ്യക്ഷേമത്തില്‍ കലാശിക്കുന്നു.
കൊറോണയ്‌ക്കെതിരെ പോരാടുമ്പോള്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും, സന്നദ്ധപ്രവര്‍ത്തകരും അവരവരുടെ കര്‍മത്തില്‍ നൂറു ശതമാനവും മുഴുകുന്നുവെങ്കില്‍ അതിന് നൂറു ശതമാനവും ഫലമുണ്ടാകും. അവരെല്ലാം സ്വയം മറന്ന് തങ്ങളുടെ ധര്‍മം കര്‍മമായി കാണുമ്പോള്‍ തീര്‍ച്ചയായും കൊറോണയുടെ മര്‍മം പിളരും, തകരും. സര്‍വശ്രദ്ധയും സമര്‍പ്പിച്ചുകൊണ്ടുള്ള ഇവരുടെ ഈ ശ്രമത്തെ കൊറോണാ യജ്ഞമെന്നു വിളിക്കാം.
കൊറോണ യുദ്ധത്തില്‍ നേതൃത്വം വഹിക്കുന്നവരുടെ പങ്കിനെ പുകഴ്‌ത്തുന്നതില്‍ കുഴപ്പമില്ല. പക്ഷേ, അവര്‍ മാത്രമാണ് എല്ലാം ചെയ്യുന്നതെന്നും അവരുടെ കഴിവുകൊണ്ടാണ് കൊറോണ അകന്നു നില്‍ക്കുന്നത് എന്നൊക്കെ പറയുന്നത് ബലൂണ്‍ ഊതി വീര്‍പ്പിക്കുന്നതിന് തുല്യമാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാം. കുബുദ്ധിയും കുത്സിതശ്രമങ്ങളും ‘സേവന’ത്തിന്റെ മറവില്‍ നടത്തുന്നത് പ്രശ്‌നങ്ങളെ പ്രതിസന്ധികളാക്കാന്‍ മാത്രമേ സഹായിക്കൂ.
‘മാ ഫലേഷു കദാചന’
ഒരു കര്‍മം ചെയ്യുമ്പോള്‍ രണ്ടു തരത്തിലുള്ള ഫലങ്ങളുണ്ട്. ഒന്ന് കര്‍മഫലം, രണ്ട് പ്രതിഫലം. നേരത്തേ സൂചിപ്പിച്ച നൂറുശതമാനം ആത്മാര്‍ഥതയോടെയുള്ള കൊറോണ നിമാര്‍ജന യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് കര്‍മഫലത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ചിന്തിക്കാനുള്ള സമയമില്ല. ഡോക്ടര്‍മാര്‍ മരുന്നു നിര്‍ദേശിക്കുമ്പോഴും നഴ്‌സുമാര്‍ മരുന്ന് കൊടുക്കുമ്പോഴും പോലീസുകാര്‍ പാസുകള്‍ നല്‍കുമ്പോഴും അവര്‍ അവരുടെ കര്‍മങ്ങളില്‍ മുഴുകുന്നു. അങ്ങനെ ആ കര്‍മങ്ങള്‍ പൂര്‍ണമാകുന്നു. ഓരോ ഘട്ടത്തിലുമുള്ള കര്‍മത്തിലെ പൂര്‍ണതയാണ് കൊറോണയെ അകറ്റി നിര്‍ത്തുന്നത്.
മാര്‍ഗത്തില്‍ പൂര്‍ണമായി ശ്രദ്ധപതിപ്പിച്ചാല്‍, ലക്ഷ്യത്തില്‍ തന്നെ എത്തിക്കൊള്ളുമെന്ന ലോകതത്വമാണ് ഇവിടെ കാണുന്നത്. പ്ലേഗിനെതിരെ പട പൊരുതാന്‍ വേണമെങ്കില്‍ ബേലൂര്‍ മഠം പോലും വില്‍ക്കാന്‍ തയ്യാറാണെന്നു പറഞ്ഞ സ്വാമി വിവേകാനന്ദന്റെ ആത്മാര്‍ഥതയും ധീരതയും ഈ കൊറോണക്കാലത്ത് ലോകത്തിന് മാതൃകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: