Categories: India

കാണാതായ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ജീവനക്കാര്‍ ഐഎസ്‌ഐയുടെ കസ്റ്റഡിയില്‍; വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ പാക് പ്രതിനിധിയെ വിളിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ദല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ജീവനക്കാര്‍ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നാട് കടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ജീവനക്കാരെ ഡ്യൂട്ടിയിലിരിക്കെ കാണാതാവുന്നതും, ഐഎസ്‌ഐ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിടുന്നതും.

Published by

ന്യൂദല്‍ഹി :  ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസില്‍ നിന്നും കാണാതായ ജീവനക്കാര്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ കസ്റ്റഡിയില്‍. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.  

സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഔദ്യോഗിക പ്രതിനിധിയെ വിളിപ്പിച്ച് വിശദീകരണം തേടിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിലെ ജീവനക്കാരനും ഡ്രൈവറും തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് കാണാതായത്.  

ദല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ജീവനക്കാര്‍ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നാട് കടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ജീവനക്കാരെ ഡ്യൂട്ടിയിലിരിക്കെ കാണാതാവുന്നതും, ഐഎസ്‌ഐ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിടുന്നതും. ഇസ്ലാമാബാദില്‍ ഉള്ള ഇന്ത്യന്‍ എംബസി വിഷയത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.  

ഇന്ത്യയുടെ നിരവധി നയതന്ത്ര പ്രമുഖര്‍ക്ക് പാക്കിസ്ഥാനില്‍ വെച്ച് ഇത്തരത്തില്‍ പല അനുഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുമുണ്ട്. രണ്ട് ദിവസം മുമ്പ് ഹൈക്കമ്മിഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഗൗരവ് അലുവാലിയ ഇസ്ലാമബാദിലെ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ രണ്ട് പ്രവര്‍ത്തകര്‍ വഴി തടഞ്ഞു. അലുവാലിയയെ ആക്രമിക്കാനും ശ്രമം നടച്ചിയിരുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക