കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള ക്ഷേമപദ്ധതികളിലൊന്നായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ചില കൃഷിഭവന് ഉദ്യോഗസ്ഥര്‍ കര്‍ഷകരില്‍ നിന്ന് പദ്ധതിക്ക് സമര്‍പ്പിക്കേണ്ടതില്ലാത്ത സത്യവാങ് മൂലവും നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിക്കുന്നതായി പരാതി.
രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൃഷി സ്ഥലം സ്ഥിതി ചെയ്യുന്ന കൃഷിഭവനിലൊ പൊതു സേവന കേന്ദ്രങ്ങള്‍ (സിഎസ്സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ആനുകൂല്യം വാങ്ങിച്ചാല്‍ ഭൂമി വില്‍ക്കാനാകില്ലെന്നും കൃഷി ഭൂമി തരം മാറ്റാന്‍ ലക്ഷങ്ങള്‍ പിഴയായി നല്‍കേണ്ടിവരുമെന്നാണ് വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. തന്റെ ഭൂമി വില്ക്കാന് ശ്രമിച്ചപ്പോള്‍ ആണ് ഇത് മനസിലായതെന്ന് വിശദീകരിക്കുന്ന ഒരു സ്ത്രീ ഉപഭോക്താവ് ബന്ധുവിനോട് സംസാരിക്കുന്നാണ് ശബ്ദ സന്ദേശം.
പദ്ധതിയില്‍ ഗുണഭോക്താക്കളായാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. വര്‍ഷം 6000 രൂപയാണ് ലഭിക്കുക. ഇതിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഉപഭോക്താവിന്റെ പേര്, ഭൂമിയുടെ നികുതി അടച്ച രശീതി, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് നല്‍കേണ്ടത്. ആധാര്‍ കാര്‍ഡിലെ പേര് തന്നെ അപേക്ഷയിലുണ്ടാകണം.
എന്നാല്‍ അപേക്ഷയോടൊപ്പം തന്റെ ഭൂമി കൃഷിഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു എന്ന തരത്തിലുള്ള സത്യവാങ് മൂലം നല്‍കണമെന്നാണ് ചില കൃഷി ഓഫീസര്‍മാര്‍ നിര്‍ബന്ധം പിടിക്കുന്നത്. ഇങ്ങനെ സത്യവാങ് മൂലം നല്കിയാല് പിന്നീട് ഭൂമി വില്‍ക്കാനാവില്ലെന്ന പ്രചാരണവും നടക്കുന്നു. അപേക്ഷയോടൊപ്പം നല്കുന്ന സത്യപ്രസ്താവനക്ക് പുറമെയാണ് മറ്റൊരു സത്യപ്രസ്താവനകൂടി നല്‍കണമെന്ന് ചില ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നത്.
നേരത്തെ അപേക്ഷ നല്‍കേണ്ട അവസാന തീയതി കഴിഞ്ഞു എന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനപ്രിയ ക്ഷേമപദ്ധതികളിലൊന്നാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. ഇതില്‍ അംഗങ്ങളായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൂടി എടുത്താല്‍ പിന്നീട് ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പയും ലഭിക്കും. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ വ്യാപകമായാല്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണ് പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്.
കൃഷി ഭവനുകളിലെ ഇടതു,കോണ്‍ഗ്രസ് അനുഭാവികളായ ഉദ്യോഗസ്ഥരാണ് കൃഷിക്കാരെ തെറ്റായ വിവരങ്ങള്‍ നല്കി പിന്തിരിപ്പിക്കുന്നത്. ഇതു വരെ സംസ്ഥാനത്ത് 3082613 ഗുണഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യ ഗഡു 3019202 പേര്‍ക്ക് ലഭിച്ചു കഴിഞ്ഞു. രണ്ടാമത്തെ ഗഡു 2963906, മൂന്നാമത്തെ ഗഡു 2850496, നാലാമത്തെ ഗഡു 2560138 പേര്‍ക്കും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: