പീരുമേട്: വണ്ടിപ്പെരിയാര്‍ നെല്ലിമല അറ്റോരത്ത് താമസിക്കുന്ന ലക്ഷ്മി ഭവനില്‍ സെന്തൂര് പാണ്ടിയും ഭാര്യ ഷെല്‍ജിയും നാല് പെണ്മക്കളും കഴിയുന്നത് കറണ്ടോ അടിസ്ഥാന സൗകര്യങ്ങളോ അടച്ചുറപ്പോ ഇല്ലാത്ത വീട്ടില്‍.
നാല് വിദ്യാര്‍ത്ഥിനികളുടെ അവസ്ഥ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ബാലവകാശ കമ്മീഷന് ഇടപെട്ടു. സെന്തൂര് പാണ്ടി കൂലിക്ക് ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനമാര്‍ഗ്ഗം നടത്തുന്നത്. കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും ഇടിഞ്ഞു പോവുകയും ഇതുവരെ നന്നാക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് ഇവര്‍. ഇതിനാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഉള്‍പ്പടെ ആറംഗ കുടുംബം ഒറ്റ മുറിയില്‍ ആണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടും ഇതൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ രണ്ട് ലക്ഷം കുടുംബത്തിന് അക്കൗണ്ടില്‍ കയറി എന്നാണ് പറയുന്നത്. പക്ഷേ റേഷന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും എടുത്തിട്ട് മൂന്നുമാസം പോലും ആയിട്ടില്ല. പിന്നെ എങ്ങനെയാണ് ധനസഹായം ലഭിച്ചുവെന്ന് പറയുന്നത് എന്ന് റിയില്ലെന്നും കുടുംബം പറഞ്ഞു.
സ്കൂള്‍ അധികൃതരുടെ സഹായത്തോടെയാണ് ഇതുവരെയുള്ള കുട്ടികളുടെ പഠനം പൂര്‍ത്തീകരിച്ചത്. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതോടെ കുട്ടികളുടെ പഠനത്തിന് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാട സാമിയാണ് ഈ വിഷയം ബാലവകാശ കമ്മീഷന് മുന്പില് എത്തിച്ചത്. തുടര്‍ന്ന് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് പീരുമേട് തഹസില്‍ദാരോട് കമ്മീഷന് അവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: