ആലപ്പുഴ: കോവിഡ് പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നു. പരിമിതമായ സൗകര്യങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബി ബ്ളോക്കിലെ കെട്ടിടത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം.
ആലപ്പുഴ, പാലക്കാട് ജില്ലകളുടെ പൂര്‍ണ്ണ പരിശോധന നടത്തുന്നത് ഇവിടെയാണ്. അതോടൊപ്പം മറ്റ് ജില്ലകളില്‍ സംശയം വരുന്ന സ്രവ സാമ്പിളുകളുടെ അന്തിമ പരിശോധനയും ഇവിടെയാണ് നടത്തുന്നത്. അഞ്ഞൂറിലധികം സാമ്പിളുകള്‍ ഒറ്റദിവസം പരിശോധിക്കേണ്ട അവസ്ഥയാണിപ്പോള്‍.
വിശാലമായ കെട്ടിടം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ കേന്ദ്രസഹായത്തോടെ പൂര്‍ത്തിയായെങ്കിലും ലാബിന്റെ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്. നിലവില്‍ പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ ഫലം കിട്ടാനും കാലതാമസം നേരിടുന്നുണ്ട്. തിരക്ക് കൂടിയതോടെ ലാബിന്റെ പ്രവര്‍ത്തനവും താളം തെറ്റുന്നു.
20 ജീവനക്കാരാണ് ആദ്യം ഉണ്ടായിരുന്നത്. സംസ്ഥാനത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തി തുടങ്ങിയതോടെ പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണവും വന്‍തോതില്‍ കൂടി. ഇതനുസരിച്ച് ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായിട്ടില്ല.
സാധാരണഗതിയിലാണെങ്കില്‍ സ്രവ പരിശോധനയുടെ ഫലം ഏഴ് മണിക്കൂറിനകം ലഭ്യമാകും. കൂടുതല്‍ സാമ്പിളുകള്‍ എത്തുന്ന സാഹചര്യത്തില്‍ ഒരാഴ്ച വരെ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. നിരീക്ഷണ കാലാവധി കഴിഞ്ഞുവരുടെ പരിശോധനാ ഫലവും വൈകിയാണ് ലഭിക്കുന്നത്. പൂര്‍ണനിലയിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എത്തണമെങ്കില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറേണ്ടതുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇതില്‍ മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത് വൈകുകയാണ്.
പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലുള്ള പരിശോധനാകേന്ദ്രത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 20.11 കോടി ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. മെഡിക്കല്‍ കോളേജിന്റെ അധീനതയിലുള്ള അഞ്ചേക്കര്‍ സ്ഥലത്ത് 2016 ജൂണിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2017 സെപ്തംബറില്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി 2020ലും പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞില്ല.ചിത്രം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: