കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ജില്ലയില്‍ ആരോഗ്യ വകുപ്പും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന ആരോപണം ശക്തമാണ്. പതിനൊന്നോളം പേര്‍ക്കാണ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ മാത്രം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയും ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തന രംഗത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ താളം തെറ്റി.
കഴിഞ്ഞ ദിവസം ചെറുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന ഒരാള്‍ക്ക് കൊറോണ സ്ഥീരികരിച്ചത് മലയോരത്തെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ നാലിന് ദുബായ്യില് നിന്നെത്തി ചെറുപുഴയിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ബക്കളം സ്വദേശിക്കാണ് കൊറോണ സ്ഥീരികരിച്ചത്. ഇവര്‍ക്ക് ലോഡ്ജില്‍ വേണ്ട സൗകര്യം ഒരുക്കി കൊടുത്തവരുള്പ്പെടെ ആശങ്കയിലാണ്. വിദേശത്തു നിന്നെത്തിയ 17 പേരാണ് ചെറുപുഴയിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞത്. ഇവരെല്ലാം ഇവിടെ നിന്നു സ്വന്തം വീടുകളിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരിട്ടി മുഴക്കുന്ന് സ്വദേശിയായ കെഎസ്ആര്‍ടിസി െ്രെഡവര്‍ക്കും ഇരിട്ടി നഗരത്തിലെ ഒരു വ്യാപാരിക്കും മറ്റൊരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും കൊറോണ സ്ഥിരീകരിച്ചതും രോഗ വ്യാപനവുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്ക ലിസ്റ്റ് ഇതുവരെ തയാറായിട്ടില്ല. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഡിപ്പോയിലെ ജീവനക്കാരെല്ലാം ആശങ്കയിലായി.
ഇരിട്ടി എടക്കാനത്ത് ക്ഷേത്ര ദര്‍ശനം ഉള്‍പ്പെടെ നടത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതും ജനങ്ങളില്‍ രോഗബാധ വ്യാപനം സംബന്ധിച്ച് സംശയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവരുടെ നിരീക്ഷണ കാലയളവില്‍ ഇവരുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പരാതിയുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല് ഇവരും ഇവരുടെ കുടുംബക്കാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ പുറത്തിറങ്ങി പലരുമായി സമ്പര്‍ക്കം പുലര്‍ത്തി. ഇരിട്ടി പയഞ്ചേരിയില്‍ പ്രവാസി കുടുംബത്തിലെ യുവാവിന് രോഗലക്ഷണമുണ്ടായിട്ടും ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത് എത്തിയ പ്രായമായ രണ്ട് പേരെ നിരീക്ഷിക്കുന്നതിലും സ്രവം പരിശോധനയ്ക്ക് അയയ്ക്കുന്നതിലും വീഴ്ച്ചയുണ്ടായെന്ന പരാതിയും നിലനില്ക്കുന്നു. ഇവര്‍ കൂത്തുപറമ്പിലെ തറവാട് വീട്ടിലേക്ക് താമസം മാറ്റിയത് പോലും വൈകിയാണ് ബന്ധപ്പെട്ടവര്‍ അറിഞ്ഞത് എന്നതും പ്രതിരോധ രംഗത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്വാറന്റൈന് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ കൈകളില്‍ ഇല്ലാ എന്നതാണ് നിലവിലെ സ്ഥിതി.
നിരീക്ഷണ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ട് പുറത്തു നിന്നെത്തിയവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യം ജില്ലയുടെ പല ഭാഗങ്ങളിലുണ്ടെന്ന പരാതികളും നിലനില്‍ക്കുകയാണ്. ഇത്തരക്കാര്‍ ജില്ലയിലെ പ്രധാന ടൗണുകളിലടക്കം എത്തി നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യവും നിലവിലുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ രൂപം കൊടുത്ത നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിപാടായി മാറിയതായ ആരോപണങ്ങളും ഉയരുകയാണ്. നിരീക്ഷണ സമിതികള്‍ രൂപം കൊണ്ടതിന് ശേഷം ചിലയിടങ്ങളില്‍ ഒരു യോഗം പോലും ചേരാതെ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന പരാതിയും വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: