കുമളി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അടിക്കടി നിലപാട് മാറ്റുന്നത് ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളില്‍ സാമൂഹ്യ വ്യാപനത്തിന് വഴിയൊരുക്കുന്നു. പുറത്തു നിന്നെത്തുന്നവരില്‍ വലിയൊരു വിഭാഗം താമസിക്കുന്നത് ജനനിബിഡമായ സ്ഥലങ്ങളില്‍. താത്കാലിക പാസ് നല്‍കുന്നതും പ്രശ്നം.
കുമളിയില്‍ ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയ കൊറോണ ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകിയത് മൂലം അഞ്ച് വയസുകാരിക്ക് രോഗം ബാധിച്ചിരുന്നു. രോഗബാധിതരെ കയറ്റാന്‍ ആംബുലന്‍സ് എത്തിയപ്പോഴാണ് പരിസരവാസികള്‍ ഈ വിവരമറിയുന്നത്.
മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ഏറെ തോട്ടം മേഖലകളും കോളനികളുമുള്ള സ്ഥലമാണ് ഇടുക്കി. തമിഴ്നാട് ശൈലിയില്‍ അടുത്തടുത്ത ലയങ്ങളിലും വീടുകളിലുമാണ് അധികമാളുകളുടെയും താമസവും ജീവിതവും. ഇവിടേക്ക് ദിവസവും 100-200 പേരാണ് റെഡ് സോണുകളില്‍ നിന്നടക്കം എത്തുന്നത്. ഇവരുടെ നീരീക്ഷണത്തില്‍ നിരുത്തരവാദപരമായ നിലപാടാണ് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുലര്‍ത്തുന്നത്.
നിരവധി റിസോര്‍ട്ടുകളും ലോഡ്ജുകളുമുള്ള ടൂറിസം മേഖലയായ ഇടുക്കിയില്‍ ക്വാറന്റൈന് കേന്ദ്രമൊരുക്കാന്‍ മറ്റിടങ്ങളിലേത് പോലുള്ള ബുദ്ധിമുട്ടില്ല. അതേസമയം സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് തങ്ങള്‍ കെയര്‍ സെന്ററുകള്‍ പൂട്ടിയതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇതിനപ്പുറം ഇനിയൊന്നും ചെയ്യാനില്ലെന്നും ഇവര്‍ പറയുന്നു. കൃത്യമായ സാഹചര്യം മുന്നില്‍ക്കണ്ട് ജില്ലാ കളക്ടര്‍ നിരവധി പേരുടെ പാസ് തടഞ്ഞു. ഇതാണ് നിലവില്‍ ജില്ലയില്‍ രോഗികള്‍ കുറയാന്‍ കാരണം.
ഇതിനിടെ താത്കാലിക പ്രവേശനാനുമതി നേടി മൂന്നുറോളം പേര് കുമളി ചെക്ക്പോസ്റ്റ് വഴി ഇടുക്കിയിലെത്തി. പരമാവധി ഏഴ് ദിവസം വരെ ഇവിടെ താമസിക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇങ്ങനെയെത്തിയവരില്‍ എത്ര പേര് തിരികെ പോയെന്നോ, ബാക്കിയുള്ളവര്‍ എവിടെയെന്നൊ, യാതൊരു വിവരവും സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമില്ല. വിശാലമായ തോട്ടം മേഖലയും മലയും കുന്നും നിറഞ്ഞ പ്രദേശങ്ങളായതിനാല്‍ പുറത്ത് നിന്നെത്തി പരിശോധന നടത്തുകയും എളുപ്പമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: