മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത് 96 ദിവസം കൊണ്ട് ബാധിതരായത് 1,04,568 പേര്. ഇതില്‍ 50,000 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത് അവസാന 19 ദിവസത്തിനിടെ. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ പതിനേഴാം സ്ഥാനത്താണ് മഹാരാഷ്ട്ര.
മാര്‍ച്ച് ഒന്‍പതിനാണ് സംസ്ഥാനത്ത് ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. 77 ദിവസങ്ങള്‍ക്കു ശേഷം വൈറസ് ബാധിതരുടെ എണ്ണം 50,000 ആയി. പിന്നീടുള്ള 19 ദിവസം കൊണ്ട് 50,000 പേരിലേക്ക് രോഗമെത്തിയത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നു.ജൂണ്‍ തുടങ്ങി 12 ദിവസത്തിനുള്ളില്‍ 30,000 പേര് വൈറസ് ബാധിതരായി. 3,830 പേര് ഇതുവരെ മരിച്ചു. മുംബൈയ്ക്ക് പിന്നാലെ പൂനെ, താനെ എന്നിവിടങ്ങളിലാണ് കൂടിതല്‍ പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഗികള്‍ എവിടെയെന്ന് അറിയില്ല; ചെന്നൈയില്‍ ആശങ്ക
വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളെവിടെയെന്നറിയാതെ ചെന്നൈ കോര്പ്പറേഷന്. പരിശോധനാ ഫലം പോസിറ്റീവായ 227 പേരെയാണ് കാണാതായത്.
ചെന്നൈയിലെ വിവിധ സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്ക് വിധേയരായവരാണ് ഇവര്‍. ലാബ് അധികൃതര്‍ പരിശോധനാ ഫലം പൊതുജനാരോഗ്യ വകുപ്പിന് കൈമാറി. ഇവരാണ് വൈറസ് ബാധിതരുടെ ഫോണ്‍ നമ്പറടക്കം ചെന്നൈ കോര്പ്പറേഷന് വിവരങ്ങള്‍ നല്‍കിയത്.
എന്നാല്‍, ഈ ഫോണ്‍ നമ്പറുകളിലും വിലാസത്തിലും അന്വേഷിച്ചപ്പോള്‍ പ്രതികരണമൊന്നുമുണ്ടായില്ല. തെറ്റായ ഫോണ്‍ നമ്പറും വിലാസവുമാകാം ഇവയെന്നാണ് കോര്പ്പറേഷന് അധികാരികള്‍ പറയുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. കണ്ടുകിട്ടിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.ഇതേ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ലാബ് അധികൃതരുമായി കോര്പ്പറേഷന് അധികാരികള്‍ ചര്‍ച്ച നടത്തി. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ പൂര്‍ണ വിലാസവും മറ്റും ഐസിഎംആര്‍ പോര്‍ട്ടലില്‍ ചേര്‍ക്കണമെന്നാണ് നിര്‍ദേശം. തമിഴ്നാട്ടില്‍ ഇതുവരെ 44,661 പേര്‍ക്ക് വൈറസ് ബാധയേറ്റു. കഴിഞ്ഞ ദിവസം മാത്രം 1,974 പേര്‍ക്ക് പുതിയതായി വൈറസ് ബാധ കണ്ടെത്തി. ആകെ മരണം 485. 19,676 പേര് നിലവില്‍ ചികിത്സയിലുണ്ട്. രോഗമുക്തി നേടിയവര്‍ 24,547.
ഗുജറാത്തിന് അടുത്തയാഴ്ച നിര്‍ണായകം
വൈറസ് പ്രതിരോധത്തില്‍ ഗുജറാത്തിന് അടുത്തയാഴ്ച നിര്‍ണായാകം. വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും ഗുജറാത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. എന്നാല്‍, സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 517 പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ജൂണ്‍ ആരംഭിച്ചതിന് ശേഷം ആദ്യമാണ് ഒറ്റ ദിവസം ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ആകെ ബാധിതര്‍ 23,079. 33 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1,448.
കഴിഞ്ഞ 13 ദിവസം കൊണ്ട് 6,285 പേരാണ് വൈറസ് ബാധിതരായത്. 15,891 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 390 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതില്‍ 255 പേര് അഹമ്മദാബാദ്, 88 പേര് സൂററ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് നിലവില്‍ 5,739 പേര് ചികിത്സയിലുണ്ട്. ഇതില്‍ 61 പേരുടെ നില ഗുരുതരം. കഴിഞ്ഞ ദിവസം മാത്രം 344 പേര്‍ക്കാണ് അഹമ്മദാബാദില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ ആകെ ബാധിതര്‍ 16,306 ആയി. 2.83 ലക്ഷം സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ദല്‍ഹിയില്‍ വൈറസ് ബാധിതര്‍ 38,958 ആയി. 22,742 പേര് ചികിത്സയില്‍. 14,945 പേരുടെ നില ഗുരുതരം. ആകെ മരണം 1271.
പ്രതികരിക്കാൻ ഇവിടെ എഴുതുക: