തിരുവനന്തപുരം: പ്രവാസികളോട് മനുഷ്യത്വ വിരുദ്ധ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പ്രവാസികളെ കൊണ്ടുവരുന്നത് കൊറോണ ബാധയില്ലെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രം മതിയെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. പ്രവാസികളുടെ വരവിനെ പൂര്‍ണമായും തടയുന്ന ആവശ്യങ്ങളാണ് കത്തില്‍. കേന്ദ്രസര്‍ക്കാരിനെതിരെ മാര്‍ച്ച് 12 ന് പാസാക്കിയ നിയമസഭാ പ്രമേയത്തിനും വാഗ്ദാനങ്ങള്‍ക്കും കടകവിരുദ്ധമാണ് കത്ത്. ഉത്തരവാദിത്വം മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള ഗൂഢശ്രമം കത്തിനു പിന്നിലുണ്ട്.
പ്രവാസികളെ കൊണ്ടു വരുന്നതിനു മുമ്പ് വിദേശത്ത് കൊറോണ ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാന്‍ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാന്‍ എംബസികളെ ചുമതലപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പിസിആര്‍ ടെസ്റ്റ് നടത്തുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ റാപിഡ് ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തണം. കൊറോണ പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്നത് ഒഴിവാക്കണം. രോഗമുള്ളവര്‍ക്ക് പ്രത്യേക ഫ്ളൈറ്റ് ഏര്‍പ്പെടുത്തണമെന്നുള്ള അപ്രായോഗിക ആവശ്യവും കത്തിലുണ്ട്.
ഇറ്റലിയില്‍ നിന്നും കൊറിയയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പ് വൈറസ് ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് 2020 മാര്‍ച്ച് 10 ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിനെ മനുഷ്യത്വ വിരുദ്ധമെന്ന് നിയമസഭാ പ്രമേയത്തിലൂടെ കുറ്റപ്പെടുത്തിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ അതേ കാര്യം ഉന്നയിക്കുന്നു. കേന്ദ്രനടപടി മനുഷ്യത്വ വിരുദ്ധമെന്നും പ്രവാസികളായ ഇന്ത്യക്കാരെ നിഷ്കരുണം കൈവിടുകയാണെന്നുമാണ് നിയമസഭാ പ്രമേയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. രോഗ ലക്ഷണം ഇല്ലാത്തവര്‍ക്ക് പരിശോധന വേണമെന്നത് ന്യായയുക്തമല്ലെന്നും വിമര്‍ശിച്ചു. പ്രവാസികള്‍ക്ക് ആവശ്യമായ വൈദ്യപരിശോധന ഇവിടെ എത്തിയശേഷം പ്രോട്ടോകോള്‍ പ്രകാരം സ്വീകരിക്കാമെന്ന് മാര്‍ച്ച് 11 ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തും അയച്ചു. പ്രവാസികളുടെ പേര് പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി.
പ്രവാസികള്‍ എത്തിയാല്‍ അവര്‍ക്കായി 1.2 ലക്ഷം കിടക്കകള്‍ തയാറെന്നും അവരുടെ കൂടി നാടാണെന്നും മുഖ്യമന്ത്രി അവകാശ വാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ പ്രവാസികള്‍ എത്തിയതോടെ പൊള്ളത്തരങ്ങള്‍ പുറത്തായി. 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണം എന്നത് ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണവും ഏഴ് ദിവസം വീട്ടിലും ആക്കി. ഇതരസംസ്ഥാനത്ത് നിന്നും മലയാളികള്‍ എത്തിയതോടെ മുഴുവന്‍ നിരീക്ഷണവും വീട്ടിലാക്കാനുള്ള നീക്കത്തിലാണ്. ഇതിനിടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം കുത്തനെ കൂടി.
ഇനിയും പ്രവാസികള്‍ വന്നാല്‍ അവരെ നിരീക്ഷിക്കാനും രോഗം പടരുന്നത് തടയാനാകില്ലെന്നും വന്നതോടെയാണ് അവരുടെ വരവ് സര്‍ക്കാര്‍ അനിശ്ചിതത്വത്തിലാക്കുന്നത്. വേറെ ഒരു സംസ്ഥാനത്ത് നിന്നും മനുഷ്യത്വരഹിതമായ സമീപനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരന് കത്തിനെക്കുറിച്ച് പ്രതികരിച്ചത്.
കത്തിലെ ആവശ്യങ്ങള്‍
- കൊറോണ ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണം.
- പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തണം.
- സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാന്‍ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാന്‍ എംബസികളെ ചുമതലപ്പെടുണം.
- പിസിആര്‍ ടെസ്റ്റ് നടത്തുവാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കണം.
- കൊറോണ പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം.
- കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവര്‍ക്ക് പ്രത്യേക ഫ്ളൈറ്റ് ഏര്‍പ്പെടുത്തണം
മാര്‍ച്ച് മാസത്തിലെ നിലപാട്
- പരിശോധന വേണമെന്ന കേന്ദ്ര സര്‍ക്കുലറിനെതിരെ നിയമസഭാ പ്രമേയം
- കേന്ദ്രനടപടി മനുഷ്യത്വ വിരുദ്ധമെന്നും പ്രവാസികളായ ഇന്ത്യക്കാരെ നിഷ്കരുണം കൈവിടുകയാണെന്നും വിമര്‍ശനം
- രോഗ ലക്ഷണം ഇല്ലാത്തവര്‍ക്ക് പരിശോധന വേണമെന്നത് ന്യായയുക്തമല്ല
- പ്രവാസികള്‍ക്ക് ആവശ്യമായ വൈദ്യപരിശോധന ഇവിടെ എത്തിയശേഷം പ്രോട്ടോകോള്‍ നിബന്ധനപ്രകാരം സ്വീകരിക്കാമെന്ന് മാര്‍ച്ച് 11 ന് പ്രധാനമന്ത്രിക്ക് കത്ത്
- എത്ര പ്രവാസികള്‍ എത്തിയാലും നിരീക്ഷണ സൗകര്യം
- 1.2 ലക്ഷം കിടക്കകള്‍ തയ്യാര്‍
- ഇത് പ്രവാസികളുടെ കൂടി നാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: