കേരളത്തിന്റെ മികവിനെക്കുറിച്ച് പറയുമ്പോഴെല്ലാം ഉയര്‍ത്തി പിടിക്കുന്ന രണ്ടു കാര്യങ്ങളാണ് വിദ്യാഭ്യാസവും ആരോഗ്യവും. ഈ രണ്ടു മേഖലയിലും വളരെയെറെ മുന്നേറിയ സംസ്ഥാനം എന്ന നിലയിലാണ് കേരളത്തെ അവതരിപ്പിക്കുന്നത്. കോവിഡ് കാലത്തും കേരള മാതൃക എന്നു പറഞ്ഞ് ആരോഗ്യമേഖലയുടെ മഹത്വം പാടാനാണ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളേക്കാള്‍ സമയം ചെലവഴിച്ചത്. വിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് എന്നു പറഞ്ഞുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പക്ഷേ രണ്ടു കാര്യത്തിലും പ്രതീക്ഷയുടെ ഏഴ് അയലത്തുപോലും എത്തിയില്ല എന്നാണ് കണക്കുകള്‍ പറയുന്നത്.
ഏത് വഴിയേ പോകുന്ന രോഗങ്ങളും ആദ്യം എത്തുന്ന സ്ഥലമായി സംസ്ഥാനം മാറി. പണം ഇല്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങളും ചികിത്സയും സ്തംഭിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് അവസാനമായി പുറത്തു വരുന്നത്. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന് 550 കോടിയിലധികം രൂപ കുടിശിക ആയതോടെയാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതില്‍ കേന്ദ്രത്തിന്റെ 60 ശതമാനം വിഹിതം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന വിഹിതം പതിവായി മുടങ്ങി. വിവിധ ആരോഗ്യപരിപാടികള്‍ക്ക് കേന്ദ്രത്തില്‍ നിന്നും വിഹിതം വാങ്ങുന്നുണ്ടെങ്കിലും പണം ബന്ധപ്പെട്ടവര്‍ക്കു നല്‍കുന്നില്ല.
ഇതുമൂലം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ ചികിത്സാസ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരുന്ന് പുറത്തേക്കു കുറിച്ചുകൊടുക്കുകയാണിപ്പോള്‍. കാരുണ്യ ചികിത്സാപദ്ധതി സ്തംഭനത്തിലായി. 108 ആംബുലന്‍സുകള്‍ പണിമുടക്കിലാണ്. കുട്ടികള്‍ക്ക് മുടങ്ങാതെ നല്‍കേണ്ട വിറ്റാമിന്‍ എ പരിപാടി പോലും മുടങ്ങി.
സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തിന്റെ തകര്‍ച്ചയ്ക്ക് അടിവരയിടുന്നതാണ് കഴിഞ്ഞ ദിവസം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം തയ്യാറാക്കിയ ‘ഇന്ത്യ റാങ്കിങ്സ് 2020’ പട്ടിക. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയില്‍ നിന്ന് കേരളം പുറത്ത്. ദന്തല്‍, മെഡിക്കല്‍, എഞ്ചിനീയറിങ്, ആര്കിടെക്ചര്, ഫാര്‍മസി,നിയമം, മാനേജ്മെന്റ്, സര്‍വകലാശാലകള്‍, കോളേജുകള്‍, എന്നിങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പത്തായി തിരിച്ച് മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് നല്കിയപ്പോള് കേരളത്തിന്റെ ഒരു സ്ഥാപനവും ആദ്യ സ്ഥാനങ്ങളിലില്ല. അധ്യാപനം-പഠനം-വിഭവങ്ങള്‍, ഗവേഷണം, തൊഴില്‍പരമായ പരിശീലനം, ഗ്രാജുവേഷന് ഔട്ട്കംസ്, ഔട്ട്റീച്ച് ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി, ഗ്രഹണക്ഷമത എന്നീ അഞ്ചു മേഖലകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ വിദ്യാഭ്യാസ രംഗത്ത് ഒന്നാമത് എന്നു പറയുന്ന സംസ്ഥാനത്തു നിന്നും ആരുമില്ല എന്നത് എന്തുകൊണ്ട് എന്ന് ചിന്തിക്കേണ്ടതാണ്.
ഉപരിപഠനത്തിനായി സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കാന്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും, തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സര്‍വ്വകലാശാലകള്‍ക്കും സഹായകരമാകുന്ന റാങ്കിങ് പട്ടികയാണിത് എന്നതു കൂടി കൂട്ടി വായിക്കുമ്പോള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയുടെ ആഴം അറിയാനാകും. 14 സര്‍വകലാശാലകളും 229 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളും 179 എഞ്ചിനീയറിങ് കോളേജുകളും 8 മെഡിക്കല്‍ കോളേജുകളും 5 ദന്തല്‍ കോളേജുകളും 4 ഫാര്‍മസി കോളേജുകളും ഒക്കെ ഉണ്ടെങ്കിലും ഇവയൊന്നും മികവിന്റെ കേന്ദ്രങ്ങളല്ല എന്നാണ് തെളിയുന്നത്. ഇന്ത്യയില്‍ ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിധ്യം ഏറ്റവുമധികമുള്ള സംസ്ഥാനമാണ് കേരളം. വിജ്ഞാന ഉല്പാദനത്തിനാവശ്യമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സാഹചര്യങ്ങളും കേരളത്തില്‍ ഒത്തിണങ്ങിയിരിക്കുന്നു. നിരവധി വിശ്രുത ഗവേഷണസ്ഥാപനങ്ങളും കേന്ദ്രങ്ങളും മിക്ക വൈജ്ഞാനിക ശാഖകളുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ട്. എണ്ണത്തില്‍ അധികം ഉണ്ടെങ്കിലും നിലവാരത്തിന്റെ കാര്യത്തില്‍ മികവിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല. ലോകം ഒരു വൈജ്ഞാനിക സമൂഹമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഈ പരിവര്‍ത്തനം ഏറ്റവും പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ടായിരുന്ന കേരള വിദ്യാഭ്യാസമേഖല അതിനോട് പ്രതികരിക്കാതെ വൈമുഖ്യം കാട്ടി മാറിനില്‍ക്കുകയാണെങ്കില്‍ അതിനുത്തരം പറയേണ്ടത് ഭരണ നേതൃത്വമാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞ് കേരള മാതൃക സൃഷ്ടിക്കുന്നതിനു പകരം, ഉള്ള സ്ഥാപനങ്ങളെയെങ്കിലും പരിപാലിക്കാനാണ് ശ്രമിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: