തിരുവനന്തപുരം: കൊറോണക്കാലത്ത് ഇരുട്ടടിയായി വൈദ്യുതി ബില്‍ വര്‍ദ്ധിപ്പിച്ചതിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. വൈദ്യുതി ബില്ല് എടുക്കുന്നതില്‍ അപാകതയുണ്ടായിട്ടുണ്ടെന്ന് കെഎസ്ഇബി തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ബോര്‍ഡിനെതിരെ പരാതിയുമായി നടനും സംവിധായകനുമായ മധുപാലാണ് രംഗത്തെത്തിയിരിക്കുന്നത്.
നാല് മാസമായി അടഞ്ഞ് കിടന്ന വീട്ടില്‍ ഉയര്‍ന്ന ബില്ലാണ് ലഭിച്ചതെന്ന് മധുപാല്‍ ആരോപിക്കുന്നു. കെഎസ്ഇബി ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ളയോട് ഏഷ്യാനെറ്റില്‍ നടന്ന ലൈവ് ചര്‍ച്ചക്കിടയിലാണ് മധുപാല്‍ ഇക്കാര്യം അറിയിച്ചത്.
പേരൂര്‍ക്കട സെക്ഷനിലെ ഫെബ്രുവരി 12 മുതല്‍ അടച്ചിട്ടിരിക്കുന്ന വീട്ടില്‍ ജൂണ്‍ നാലിന് റീഡിങ് എടുത്തപ്പോള്‍ നല്‍കിയത് 5711 രൂപയുടെ ബില്ലാണെന്ന് മധുപാല്‍ പരാതി പറഞ്ഞു. വീട് പൂട്ടി കിടക്കുകയാണ് എന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നുമാണ് മധുപാല്‍ പറയുന്നത്.
എന്നാല്‍, വീട് അടച്ചിട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ റീഡിങ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ മൂന്ന് മുന്‍മാസത്തിലെ ശരാശരി എടുത്ത് ബില്ലായി തരും. അതുകൊണ്ടാണ് ഇത്തരത്തില്‍ ബില്ല് വന്നതെന്നുമാണ് ചെയര്‍മാന്‍ ചര്‍ച്ചയില്‍ ന്യായീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: