തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലില്‍. പണം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. നിത്യച്ചെലവിന് കൈനീട്ടേണ്ട അവസ്ഥയില്‍ ഭരണസമിതികള്‍.
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്വവും ഗ്രാമ പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍, നഗരസഭകള്‍ എന്നിവയുടെ തലയില്‍ വച്ച് സര്‍ക്കാര്‍ ഒഴിയുകയായിരുന്നു. കൊറോണ രോഗികള്‍ വന്ന സ്ഥലങ്ങളുടെ ശുചീകരണവും ആശുപത്രികളില്‍ സംവിധാനങ്ങള്‍ ഒരുക്കാനും ആയിരുന്നു ആദ്യം ത്രിതല പഞ്ചായത്തുകളോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായാല്‍ കിടത്തി ചികിത്സിക്കാനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി സൗകര്യം ഒരുക്കലായി.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ തുടങ്ങിയ സാമൂഹിക അടുക്കള (കമ്മ്യൂണിറ്റി കിച്ചണ്‍)യുടെ ചെലവ് കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ (നികുതി വരുമാനം) നിന്നു നല്‍കാന്‍ നിര്‍ദേശിച്ചു. ഇതുകൂടി ആയതോടെ വരുമാന മില്ലാത്ത പഞ്ചായത്തുകള്‍ ഫണ്ടിനായി നെട്ടോട്ടമോടി. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളുടെ ചുമതലയും തലയിലെത്തി. ഇതോടെ തനത് വരുമാനമുള്ള പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും പോലും സുമനസ്സുകളുടെ സഹായം തേടേണ്ടിവന്നു. മാത്രമല്ല ക്വാറന്റൈന്‍ കേന്ദ്രമൊരുക്കിയ ഇടങ്ങളില്‍ ഇരുപതിനം സാധനങ്ങളും ആഹാരവും അടക്കം 4,000 രൂപയോളം ഒരാള്‍ക്ക് ചെലവ് വരും. ഇതും തദ്ദേശ സ്വയംഭരണസ്ഥാപനം കണ്ടെത്തണം.
ബില്ലിലും കട്ടിങ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ 85 ശതമാനം ഫെബ്രുവരിയോടെ പൂര്‍ത്തിയായി ബില്‍ നല്‍കിയതാണ്. എന്നാല്‍ 50,000 മുതലുള്ള ബില്ലുകളെല്ലാം ട്രഷറിയില്‍ ക്യൂവിലായി. ലോക്ഡൗണ്‍ കൂടി ആയതോടെ ബില്ലുകള്‍ പാസാക്കാതെ ആയി. ഈ സാമ്പത്തിക വര്‍ഷമാണ് ആ തുകകള്‍ പാസാക്കി നല്‍കിയത്. എന്നാല്‍, ആ തുക ഈ വര്‍ഷം പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍ നിന്നു പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാത്രമല്ല കഴിഞ്ഞ വര്‍ഷം നടപ്പാകാത്തതും ബില്ലുകള്‍ നല്‍കാത്തതുമായ പദ്ധതികളുടെ തുക ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതും കൂടി ആകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫണ്ട് ഇല്ലാത്ത അവസ്ഥവരും.
എണ്‍പത് ശതമാനം പഞ്ചായത്തുകളും നിത്യച്ചെലവിനുള്ള വരുമാനമില്ലാത്തവയാണ്. ഉദ്യോഗസ്ഥരുടെ ശമ്പളം, അംഗങ്ങളുടെ ഓണറേറിയം അടക്കം നല്‍കേണ്ടത് തനത് ഫണ്ടില്‍ നിന്നാണ്. അതില്‍ നിന്നെടുത്താണ് 80 ശതമാനം പഞ്ചായത്തുകളും കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്. ആ തുകയെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നിലയ്‌ക്കും.
ഓണ്‍ലൈന്‍ പഠന ചെലവും വഹിക്കണം
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള തുകയും ത്രിതല പഞ്ചായത്തുകള്‍ നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് പുതിയ ഇരുട്ടടി. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടിവിയോ കംപ്യൂട്ടറോ മൊബൈലോ വാങ്ങി നല്‍കാനുള്ള തുകയും പഞ്ചായത്ത് ഫണ്ടില്‍ നിന്നു നല്‍കാനാണ് തദ്ദേശ സ്വയംഭരണ സെക്രട്ടറി ഉത്തരവില്‍ നിര്‍ദേശിച്ചത്. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളും സഹായിക്കണമെന്നും ഭരണസമിതി കൂടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നുമാണ് നിര്‍ദേശത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: