കൊച്ചി: സംസ്ഥാനത്ത് പാക്കിസ്ഥാന് കറന്‍സികള്‍ വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചി ഇടപ്പള്ളിയിലും പാക് കറന്‍സികള്‍ കണ്ടെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തെ പല കേന്ദ്രങ്ങളില്‍ നിന്നും ഇതിനു മുമ്പും പാക് കറന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും നടന്നുവരികയാണ്. എന്നാല്‍ വ്യക്തമായി ഇതിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടയിലാണ് വീണ്ടും പാക് കറന്‍സി കണ്ടെത്തിയത്. വൈക്കം സ്വദേശിക്ക് ഇടപ്പള്ളിയില്‍ നിന്നാണ് ഈ നോട്ട് ലഭിച്ചിരിക്കുന്നത്. തുടര്‍ച്ചയായി വിനിമയം നടത്തിയിട്ടുള്ള നോട്ടാണ് ഇതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മടക്കിയ നിലയിലുള്ള 100 രൂപ നോട്ടില്‍ പാകിസ്താന് രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ ചിത്രവുമുണ്ട്.
അതേസമയം കേരളത്തില്‍ വേരുറപ്പിച്ചിട്ടുള്ള ഐഎസ് ഭീകരവാദികളും, തീവ്ര മത വാദികളുമാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാക്കിസ്ഥാന് നോട്ടുകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് സൂചന. ഇത് കൂടാതെ സംസ്ഥാനം സുരക്ഷിത കേന്ദ്രമായി കണ്ട് പാക് സ്വദേശികള്‍ കേരളത്തിലേക്ക് എത്തുന്നതായും സംശയിക്കുന്നുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ വാടാനപ്പള്ളി ചേറ്റുവ ഹാര്‍ബറിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്ന് പാക് കറന്‍സികള്‍ ലഭിച്ചിരുന്നു. നിരവധി ഫോണ്‍ നമ്പറുകള്‍ കുറിച്ച നിലയിലായിരുന്നു നോട്ടുകള്‍. ഇത് കൂടാതെ 2017ല്‍ ശബരിമലയിലെ കാണിക്കവഞ്ചിയില്‍ റോക്കറ്റിന്റെ രൂപത്തില്‍ മടക്കിയ 20 രൂപയുടെ കറന്‍സി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സംസ്ഥാനത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായിട്ടില്ല.
ഭീകരവാദികള്‍ രാജ്യത്തിന് നല്കുന്ന ചില സൂചനകളാണോ ഇതെന്നും സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന് സ്വദേശികളോ, ഭീകരവാദികളോ കടല്‍മാര്‍ഗ്ഗം എത്താനുള്ള സാദ്ധ്യതകളും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: