കരിപ്പൂര്‍ : അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട പിപിഇ കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ വന്‍ സുരക്ഷാ വീഴ്ച്ചയുണ്ടായിരിക്കുന്നത്. ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വിമാനത്താവളത്തിലെ കാന്റീന് സമീപത്തായാണ് അലക്ഷ്യമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ട് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. പിപിഇ കിറ്റുകള്‍ അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് ആരോഗ്യ പ്രോട്ടോക്കോളുണ്ടായിരിക്കെയാണ് സുരക്ഷയില്‍ അലംഭാവമുണ്ടായത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അധികൃതര്‍ ഇടപെട്ട് കിറ്റുകള്‍ നീക്കി.
അതേസമയം വിമാനത്താവളത്തിലെ മാലിന്യങ്ങള്‍ കൃത്യമായി നീക്കാത്തതാണ് പിപിഇ കിറ്റുകള്‍ ഇങ്ങനെ വലിച്ചെറിയപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്. കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ മാനേജര്‍ക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 51 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലാണ്. എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 പേരും ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരും പത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമാണ് ക്വാറന്റൈനിലായത്. എന്നാല്‍ ഇത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തവിധത്തിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: