അടിമാലി: അമിത ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തു, വാളറ കുളമാന്‍കുഴി വനവാസി കുടിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍. ചന്ദ്രികയുടെ മകള്‍ കൃഷ്ണപ്രിയ(17) ആണ് ഇന്നലെ രാവിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ ബന്ധുവും ഉറ്റ സുഹൃത്തുമായ 21 കാരിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് പറയുന്നത് ഇങ്ങനെ: മൊബൈല്‍ ഫോണില്‍ ആരോ വിളിച്ചതുമായി ബന്ധപ്പെട്ട് കൃഷ്ണ പ്രിയയെ 11ന് രാവിലെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞിരുന്നു. അമിതമായുള്ള ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നായിരുന്നു ഇത്. പിന്നാലെ 11 മണിയോടെ ബന്ധുവായ പെണ്‍കുട്ടിയുമൊത്ത് കൃഷ്ണപ്രിയ വീടുവിട്ടു. ആദ്യം വനത്തിലേക്ക് പോയെന്ന് കരുതിയ ഇരുവരേയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എവിടെയാണുള്ളതെന്ന് കൃത്യമായി അറിയിച്ചില്ല.
തിരിച്ച് വരാതായതോടെ 12ന് വൈകിട്ട് ബന്ധുക്കള്‍ അടിമാലി പോലീസില്‍ പരാതി നല്കി. പോലീസ് സ്ഥലത്തെത്തി പരിശോധനയും നടത്തി. രാത്രി 9 മണിയോടെ തങ്ങള്‍ ഇവിടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജുവിന് പെണ്‍കുട്ടികള്‍ വാട്ട്സ് ആപ്പ് സന്ദേശമയച്ചു. ഇവരെത്തിയപ്പോള്‍ കൃഷ്ണപ്രിയയുടെ വീട്ടിലെ ബാത്ത് റൂമില്‍ ഇരുവരും ഒളിച്ച് കഴിയുകയായിരുന്നു. പിന്നാലെ പ്രസിഡന്റ് ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം ഉള്‍പ്പെടെ നല്കി. ഇന്നലെ രാവിലെ തിരികെ വീട്ടില്‍ കൊണ്ടുവിട്ടു.
ഇതിന് പിന്നാലെ ആണ് കൃഷ്ണപ്രിയയുടെ ആത്മഹത്യ. ഈ വിവരമറിഞ്ഞതോടെ 21കാരിയും വീടിനുള്ളില്‍ കയര്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചു. ബന്ധുക്കള്‍ കണ്ടതിനാല്‍ രക്ഷിക്കാനായി. കൃഷ്ണപ്രിയയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കേസ് വിശദമായി അന്വേഷിച്ച് വരുകയാണെന്നും ഇരുവരുടേയും ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കുമെന്നും അടിമാലി എസ്എച്ച്ഒ അനില്‍ ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: