പത്തനംതിട്ട: കടുവയെ പിടികൂടുന്നത് വനംവകുപ്പ് ആളും ആരവവുമായി ആഘോഷമാക്കിയപ്പോള്‍ നരഭോജിക്കടുവ ജനവാസമേഖലയില്‍ കഴിഞ്ഞുകൂടിയത് ഒരുമാസക്കാലത്തോളം. നാട്ടുകാര്‍ ഇപ്പോഴും ഞെട്ടലോടെയാണ് ഇക്കാര്യം ഓര്‍ക്കുന്നത്. വനംവകുപ്പിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും വലിയ ഉദാഹരണമായി നാട്ടുകാര്‍ ഇത് ചൂണ്ടിക്കാണിക്കുന്നു.
ആദ്യം തണ്ണിത്തോട്ടിലും പിന്നീട് വടശേരിക്കരയിലും കണ്ടെത്തിയ കടുവ രണ്ടാമതൊരാളുടേയും ജീവനെടുക്കാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്നും ഇവര്‍ പറയുന്നു. തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ വനപാലകര്‍ നേരിട്ട് കണ്ടിരുന്നു. തുടര്‍ന്ന് വലിയ സന്നാഹങ്ങള്‍ ഒരുക്കിയതായി വരുത്തിത്തീര്‍ത്തു. കടുവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചതായിരുന്നു ആദ്യപടി. പിന്നീട് ട്രോണ്‍ നിരീക്ഷണം, ടൈഗര്‍ ട്രാപ്പ് ക്യാമറകള്‍, വനംവകുപ്പിന്റെ സ്ട്രൈക്കിങ് ഫോഴ്സ്, പോലീസിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ തുടങ്ങി കുങ്കി ആനയെ വരെ രംഗത്തിറക്കി വനംവകുപ്പ് കളംകൊഴുപ്പിച്ചു.
പാപ്പാനെ ആക്രമിച്ച കുങ്കിയാനയെ ആദ്യം പിന്‍വലിച്ചു. പിന്നീട് തിരച്ചില്‍ മതിയാക്കി വനപാലക സംഘവും പിന്‍വാങ്ങി. കടുവ തിരികെ കാടുകയറിയതായും പ്രഖ്യാപിച്ചു. അവസാനം മുള്ളന്‍പന്നി വേണ്ടിവന്നു കടുവയുടെ ജീവനെടുക്കാന്‍ എന്നതാണ് രസകരം.
ഒരുമാസക്കാലത്തോളം ജനവാസമേഖലയില്‍ പട്ടിണിയിലായ കടുവയുടെ സമീപത്തേക്ക് ആരും എത്താതിരുന്നത് അവരവരുടെ ഭാഗ്യം എന്നേ പറയാനാകൂ. വംശനാശ ഭീഷണി നേരിടുന്ന ദേശീയ മൃഗത്തിന്റെ ദാരുണ മരണം വനം വകുപ്പിന്റെ അനാസ്ഥയുടെ മകുടോദാഹരണമായി.
തണ്ണിത്തോട്ടില്‍ നിന്നും വടശേരിക്കര മണിയാര്‍ ഭാഗത്ത് എത്തിയ പരിക്ക് പറ്റിയ കടുവ പട്ടിണി കിടന്നാണ് ചത്തത്. ദേശീയമൃഗമായ കടുവയെ സംരക്ഷിക്കാന്‍ കോടികളാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. പരിക്കേറ്റ കടുവയെ നേരത്തെ കണ്ടെത്തിയിരുന്നെങ്കില്‍ മയക്കുവെടിവെച്ച് ഇതിനെ പിടിച്ച് മതിയായചികിത്സ നല്കി ജീവന് രക്ഷിക്കാമായിരുന്നു എന്നാണ് മൃഗസ്നേഹികള്‍ ചൂണ്ടിക്കാണിക്കുന്നു. വടശേരിക്കര മണിയാറിന് സമീപം പശുക്കുട്ടിയെ കടിച്ചുകൊല്ലാന്‍ ശ്രമിച്ച കടുവയെ ഒരു മീറ്റര്‍ അകലെനിന്ന് കണ്ടതായി വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടും വനം വകുപ്പ് അധികൃതര്‍ അത് അതേഗൗരവത്തില്‍ എടുത്തില്ല.
ടാപ്പിംഗ് തൊഴിലാളികളും നാട്ടുകാരും കടുവയെ പല സ്ഥലങ്ങളിലും കണ്ടുവെന്ന് അവകാശപ്പെട്ടെങ്കിലും അത് കടുവ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ കടുവയെ കണ്ടെത്താന്‍ നിയോഗിച്ച സംഘങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നാലെ നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചു നാട്ടുകാരെ വീട്ടിലിരുത്തുക കൂടി ചെയ്തതോടെ കടുവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാതെ വന്നു.
ഇരയെ ഭക്ഷിച്ചുകഴിഞ്ഞ കടുവയാണെങ്കില്‍ ദിവസങ്ങളോളം ജല സാന്നിധ്യമുള്ള സ്ഥലത്തു പുറത്തിറങ്ങാതെ കഴിഞ്ഞു കൂടാമെന്നും വേട്ടയാടിയ മൃഗത്തെ വീണ്ടും ഭക്ഷിക്കാനെത്തുമെന്നുമൊക്കെ വിദഗ്ദ്ധാഭിപ്രായമുണ്ടെങ്കിലും വടശേരിക്കരയില്‍ അതൊന്നും പ്രായോഗികമായില്ല.
വംശനാശ ഭീഷണി മൂലം കടുവ സംരക്ഷണത്തിനായി കോടികള്‍ മുടക്കി നിലനിര്‍ത്തിയിരുന്ന പെരിയാര്‍ ടൈഗര്‍ റിസേര്‍വ് മേഖലയോടു ചേര്‍ന്നാണ് കടുവയെ കണ്ടതെങ്കിലും വന്യമൃഗ ജീവി സംരക്ഷണത്തിന് മുന്‍തൂക്കം കൊടുക്കുന്ന നടപടികളൊന്നും ഉണ്ടായതുമില്ല. കടുവയെ കണ്ടാലുടന്‍ വെടിവെക്കുമെന്ന പ്രതീതി സൃഷ്ടിക്കുവാന്‍ ഷാര്‍പ്പ് ഷൂട്ടര്‍മാരെ നിയോഗിച്ച ശേഷം കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മന്ദീഭവിക്കുകയായിരുന്നു. ഈ ബഹളങ്ങള്‍ നടക്കുമ്പോഴും അങ്ങേയറ്റം അവശനിലയിലായ കടുവ ജനവാസ മേഖലയോട് ചേര്‍ന്നുള്ള നീരൊഴുക്കിന് സമീപം തന്നെയുണ്ടായിരുന്നു.
മണിയാര്‍ ഭാഗത്തെ തോട്ടങ്ങളും അടിക്കാടുകളുമൊക്കെ കടുവയ്ക്ക് ഒളിച്ചിരിക്കാന്‍ സഹായകരമായി. കേരളത്തിലെ കടുവാ സംരക്ഷണ വനമേഖലയില്‍പോലും ഇവയുടെ എണ്ണത്തില്‍ വലിയ പുരോഗതി ഇല്ലെന്നിരിക്കെയാണ് എട്ടു വയസ്സ് പ്രായമുള്ള പെണ്‍കടുവയുടെ ജീവന് ജനവാസ മേഖലയില്വെച്ചു നഷ്ടമായിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടുവകള്‍ ഏറ്റവും ഒടുവിലത്തെ നിഗമനമനുസരിച്ചു സംരക്ഷിത മേഖലയിലും ശബരിമല വനമേഖലയിലും കൂടി അന്‍പത് എണ്ണം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതുകൂടി അറിയുമ്പോഴാണ് ചത്തുവീണ കടുവയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: