കോട്ടയം: ഇന്ന് രക്തദാന ദിനം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുകയെന്നത് ജീവിത വ്രതമാക്കിയ സല്‍ക്കലക്ക് വിശ്രമവേളകളില്ല. അടിയന്തിര സാഹചര്യങ്ങളില്‍ രക്തം നല്‍കി നിരവധി പേര്‍ക്ക് ആശ്വാസം നല്‍കിയിട്ടുള്ള സല്‍ക്കല കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഈ രംഗത്ത് തന്റെ കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ്. പതിനെട്ടു തവണയിലധികം രക്തദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് ‘വനിത രക്തദാതാവ്’ എന്ന നിലയില്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സല്‍ക്കലയെ ആദരിക്കും.
എറണാകുളത്ത് ആയുര്‍വേദ വൈദ്യശാല നടത്തുകയായിരുന്ന സല്‍ക്കല അപ്രതീക്ഷിതമായി തന്റെ കടയുടെ മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട വയോധികനെ സഹായിക്കുന്നതിലൂടെ ആയിരുന്നു സേവനരംഗത്തെ തുടക്കം. ഒന്നര വര്‍ഷത്തോളമായി കളത്തിപ്പടിയില്‍ സമര്‍പ്പണം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുകയാണ് സല്‍ക്കല. ലോക്ക് ഡൗണ്‍ കാലത്ത് അവശ്യക്കാര്‍ക്ക് മരുന്നുകള്‍ ഹൈവേ പോലീസിന്റെയും, ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ എത്തിച്ചുകൊടുത്തിരുന്നു.
ഇരുപത്തഞ്ചോളം വീടുകളില്‍ ഭക്ഷ്യധാന്യം നല്‍കി. അതിപ്പോഴും തുടരുന്നു. തളര്‍ന്നു കിടക്കുന്നവര്‍ക്കും മറ്റ് വരുമാനം ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിന് പുറമേ കോട്ടയത്ത് പന്ത്രണ്ട് വീടുകളില്‍ ധനസഹായവും പ്രായമായവര്‍ക്ക് വീല്‍ചെയര്‍, വാട്ടര്‍ബെഡ്, എയര്‍ബെഡ് എന്നിവയും എത്തിച്ചു കൊടുക്കാറുണ്ടെന്ന് സല്‍ക്കല പറയുന്നു. ആശുപത്രിയില്‍ പോകാന്‍ വാഹനം ലഭിക്കാത്തവരെ സ്വന്തം വാഹനത്തില്‍ എത്തിക്കാറുണ്ട്. ഞായറാഴ്‌ച്ചകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഭക്ഷണം എത്തിച്ച് കൊടുക്കുന്നുണ്ട്.
സ്‌കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികള്‍ക്ക് ആവശ്യമുള്ള കുട, ബുക്ക്, പേന, ബാഗ് എന്നിവ അക്ഷരജ്യോതി പദ്ധതിയിലൂടെ വിതരണം ചെയ്യും. ഇതില്‍ കുട, പേന എന്നിവ ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉണ്ടാക്കുന്നതാണ്. ഓണത്തിന് തിരുവനന്തപുരത്തെ ഓട്ടിസം ബാധിച്ച നൂറോളം കുട്ടികള്‍ക്കു ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറികളും, പലഹാരങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്. ഹാപ്പി ബെല്ലി എന്ന ഇരുനൂറ്റിയമ്പതു പേരടങ്ങുന്ന ഗ്രൂപ്പ് ആണ് ലോക് ഡൗണ്‍ കാലത്ത് നാട്ടില്‍ പോകാന്‍ സാധിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും, മലയാളികള്‍ക്കും ഭക്ഷണം എത്തിച്ചു കൊടുത്തത്. തെരുവ് നായകള്‍ക്കും ഭക്ഷണം എത്തിച്ചു കൊടുക്കുന്നു.
പോലീസുകാര്‍ക്ക് കയ്യുറകളും, മാസ്‌ക്കും നല്‍കി. ആവശ്യമുള്ളവര്‍ക്ക് രക്തദാതാക്കളെ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു്. കോട്ടയത്ത് മാത്രമല്ല സല്‍ക്കലയുടെ പ്രവര്‍ത്തനമേഖല. പ്രളയകാലത്ത് കേരളത്തിലെ മിക്ക പ്രദേശങ്ങളിലും അവശ്യസാധങ്ങങ്ങള്‍ എത്തിച്ചു കൊടുത്തു. അടുത്തിടക്ക് തളര്‍ന്നു കിടന്ന ഒരു വ്യക്തിയുടെ മകളുടെ കല്യാണത്തിന് അരലക്ഷം രൂപയും സ്വര്‍ണ്ണവും നല്‍കി. രണ്ടു കുട്ടികളും ഭര്‍ത്താവും അമ്മയും അടങ്ങുന്നതാണ് സല്‍ക്കലയുടെ കുടുംബം. ഭര്‍ത്താവ് മുരുകന്‍ ചെന്നൈയില്‍ ഫോട്ടോഗ്രാഫര്‍ ആണ്. കുമരകം സ്വദേശി ആണെങ്കിലും കളത്തിപ്പടിയിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: