ബെംഗളൂരു: എട്ടു ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ആറു മലയാളികള്‍ ബെംഗളൂരുവില്‍ പിടിയിലായി. കേരളത്തില്‍നിന്ന് കഞ്ചാവും മറ്റു മയക്കുമരുന്നും ബെംഗളൂരുവില്‍ എത്തിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സംഘത്തിലുള്ളവരാണ് പിടിയിലായതെന്ന് ബെംഗളൂരു ജോ. കമീഷണര്‍ ഓഫ് പോലീസ് (ക്രൈം) സന്ദീപ് പാട്ടീല്‍ പറഞ്ഞു.
കണ്ണൂര്‍ സ്വദേശികളായ എന്‍.പി. തസ്ലിം (28), കെ.വി. ഹസീബ് (25), മലപ്പുറം സ്വദേശി മുഹമ്മദ് അമീര്‍ (23), കോഴിക്കോട് സ്വദേശി റാഷിഖ് അലി (25), പുല്പള്ളി പെരിക്കല്ലൂര്‍ സ്വദേശി ജോമോന് (24), ബെംഗളൂരു ബെന്നാര്‍ഘട്ടയില്‍ താമസിക്കുന്ന മനു തോമസ് ( 26) എന്നിവരെയാണ് സെന്‍ട്രന്‍ ക്രൈം ബ്രാഞ്ച് ആന്‍ഡ് നാര്‍ക്കോട്ടിക്സ് വിങ്ങ് ഹുളിമാവിലെ വാടകവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ആറുപേരും ബെംഗളൂരുവിലെ വിവിധയിടങ്ങളിലാണ് താമസിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് സൗത്ത് ബംഗളൂരുവിലെ ഹുളിമാവിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആറുപേരും പിടിയിലായത്. ഇവരില്‍നിന്ന് കഞ്ചാവ്, മയക്കുഗുളികകള്‍, എല്‍എസ്ഡി സ്ട്രിപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തു.
എട്ടു ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. കേരളത്തില്‍നിന്നാണ് ഇവര്‍ ഇവ എത്തിച്ചതെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: