രാമായണത്തിലെ ബാലിക്ക് പോരിനിറങ്ങിയാല്‍ എതിരാളിയുടെ ശക്തിയുടെ പകുതിയും കൂടി ലഭിക്കുമെന്ന ഒരു വരദാനമുണ്ടായിരുന്നു. അതായിരുന്നു ബാലിപ്രഹരത്തിന്റെ പ്രഭാവ രഹസ്യം. ഭാരതത്തിന്റെ ശത്രുക്കള്‍ക്കും അങ്ങനെയൊരു വരദാനം ഉണ്ടോയെന്നതാണ് ഇപ്പോഴുയരുന്നൊരു ചോദ്യം! ഇന്ത്യയ്ക്കെതിരെ, ചൈന സാമ്രാജ്യത്വ കടന്നാക്രമണത്തിന് ആയുധമെടുത്ത് ഭീഷണി ഉയര്‍ത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഹിന്ദു വിരുദ്ധ വര്‍ഗീയതയുടെ നിലപാടു തറയില്‍ നിന്നുകൊണ്ടുള്ള ദേശവിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ ആവേശപൂര്‍വ്വം ചൈനയോടു ചേര്‍ന്ന് നില്ക്കുന്നു.
ശത്രുക്കള്‍ക്ക് ലഭിക്കുന്ന ഈ അധികബലം രാജ്യമെന്ന നിലയില്‍ ഭാരതം എന്നും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഭാരതത്തിന് അതിര്‍ത്തിക്കപ്പുറത്തു നിന്ന് ആക്രമണമുണ്ടായാല്‍ രാജ്യത്തിനുള്ളില്‍ ഒരു വിഭാഗം ശത്രുവിനോടൊപ്പം ചേരും! കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ കടന്നാക്രമണം ഉണ്ടായാല്‍ അര്‍ബന്‍ നക്സലറ്റുകളും കാടന്‍ കമ്യൂണിസ്റ്റുകളും സിപിഎമ്മും, സിപിഐയും, മാവോയിസ്റ്റുകളും എല്ലാം ചൈനയുടെ പക്ഷം ചേരും. പാക്കിസ്ഥാനോ ഇസ്ലാമിക തീവ്രവാദികളോ ഒളിഞ്ഞോ തെളിഞ്ഞോ പോരിനിറങ്ങിയാല്‍ ഇന്ത്യയിലെ ഒരു വിഭാഗം അവരോടു ചേരും. അമേരിക്കയോ ഇംഗ്ലണ്ടോ പാശ്ചാത്യരാജ്യങ്ങളോ ഏതെങ്കിലും മേഖലയില്‍ കടന്നാക്രമണത്തിനു തയ്യാറായാല്‍ മത വിശ്വാസത്തിന്റെ പേരില്‍ ഒരുവിഭാഗം അവരോടു ചേരും. സ്വതന്ത്ര ഭാരതം തുടക്കം മുതലേ തന്ത്രപരമായ പ്രതിരോധ തയ്യാറെടുപ്പുകളില്‍ നേരിടുന്ന വെല്ലുവിളിയാണിത്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുണ്ടായിരുന്നു. പാക്കിസ്ഥാന് കടന്നാക്രമിച്ചപ്പോഴും പാക്പ്രേരണയിലോ സംരക്ഷണയിലോ നടക്കുന്ന ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളുണ്ടായാലും പാക് പക്ഷം പിടിക്കുന്നവരെയും നേരിടേണ്ട ഗതികേടിലാണ് ഭാരതം. 1962 ലെ ചൈനയുടെ കടന്നാക്രമണം തന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് സഖാക്കളും കൂടി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയിലൂടെയാണ് രൂപമെടുത്തതെന്നതിന് കൃത്യമായ സൂചനകളുണ്ട്. കമ്യൂണിസ്റ്റു പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ബി.ടി. രണദിവെ 1959ല്‍ ചൈനയുടെ അംബാസഡറെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് ചൈനയുടെ കടന്നു കയറ്റം ആരംഭിച്ചതെന്നതു തന്നെ കമ്യൂണിസ്റ്റു കുതന്ത്രങ്ങളുടെ ചുരുളഴിക്കുന്നു. ഇന്നത്തെ കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ 1962 ലെ ചൈനീസ് ആക്രമണ കാലത്ത് കേംബ്രിഡ്ജിലെ (ഇംഗ്ലണ്ട്) വിദ്യാര്‍ത്ഥിയും അവിടത്തെ കമ്യൂണിസ്റ്റ് ഘടകത്തിന്റ നേതാവുമായിരുന്നു. അയ്യര്‍ യുദ്ധസഹായ ഫണ്ടു പിരിച്ചു. അയച്ചു കൊടുത്തത് ചൈനയ്ക്കാണെന്നു മാത്രം!
ചൈനാ-പാക്ക് പാശ്ചാത്യ വിധേയത്വം പുലര്‍ത്തിയിരുന്ന ഓരോ കൂട്ടരും, തങ്ങളുടെ യജമാനന്മാര് ഭാരതത്തെ കടന്നാക്രമിച്ചാല്‍ മാത്രം ആക്രമകാരികളുടെ ചാരന്മാരായി മാറുന്ന അവസ്ഥയാണ് നിലനിന്നത്. പക്ഷേ ഇതില്‍ ഏതെങ്കിലും ഒരു വിദേശ ശക്തി ഭാരതത്തെ ആക്രമിച്ചാലും രാജ്യത്തിനുള്ളിലെ മൂന്നു വിഭാഗം രാഷ്ട്ര വിരുദ്ധ ശക്തികളും കൂട്ടമായി മറുപക്ഷം ചേരാന്‍ തുടങ്ങിയത് ഇറ്റാലിയന്‍ വനിത സോണിയാ ഗാന്ധി കോണ്‍ഗ്രസ്സിലെ മഹാറാണിയായി മാറുകയും ജനം അവരെ ജനാധിപത്യപരമായി തിരസ്കരിക്കുകയും ചെയ്തശേഷമാണ്. സോണിയ, കോണ്‍ഗ്രസിന് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള രണതന്ത്രത്തിന്റെ ഭാഗമായി രാജ്യത്തിനുള്ളിലുള്ള കമ്യൂണിസ്റ്റ്-ഇസ്ലാമിക തീവ്രവാദി ശക്തികളെയും കൂടെ കൂട്ടാന്‍ വേണ്ടി അവരുടെ യജമാനന്മാരായ ചൈനയോടും പാക്കിസ്ഥാനോടും സ്വയം കൂട്ടിക്കെട്ടുകയാണ് ചെയ്തത്. പാശ്ചാത്യ ശക്തികളും അവരുടെ ഇന്ത്യയിലുള്ള വിനീതവിധേയരും സ്വാഭാവികമായും സോണിയക്കൊപ്പം നിന്നു. 2004 ല്‍ ഇവരുടെയെല്ലാം സഹായത്തോടെയാണ് ദേശീയ പക്ഷത്തെ അട്ടിമറിച്ച് സോണിയാ പക്ഷം വീണ്ടും ഭരണം പിടിച്ചത്. ആ കൂട്ടുകെട്ടിന്റെ ഹിന്ദുവിരുദ്ധ വര്‍ഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവും മറ നീക്കി പുറത്തു വന്നതോടെയാണ് 2014ല്‍ ജനം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ പക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. അന്നുമുതല്‍ സോണിയയും രാഹുലും അതിര്‍ത്തിക്കകത്തും പുറത്തുമുള്ള ആ രാജ്യവിരുദ്ധ കൂട്ടു കെട്ടുകള്‍ ശക്തിപ്പെടുത്തി അധികാരം പിടിക്കുവാനുള്ള പടയൊരുക്കം തുടങ്ങി.
രാജ്യത്ത് കൊറോണ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുമ്പോള്‍, സമാന്തരമായി രാഷ്ട്രീയ സംഘര്‍ഷങ്ങളും സമരങ്ങളും പാക്കിസ്ഥാന് സഹായത്തോടെയുള്ള ഇസഌമിക തീവ്രവാദവും ശക്തമാക്കി ഭാരത ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ പണിയെടുക്കുക. അവസരം അനുകൂലമാകൂമ്പോള്‍ ചൈനയും പാക്കിസ്ഥാനും സൈനിക നടപടികളിലൂടെ പിന്തുണ നല്‍കുക. അങ്ങനെ രാഹുലിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ച് ദില്ലിയില്‍ ഒരു ചൈനാ സൗഹൃദഭരണകൂടത്തെ അരിയിട്ടു വാഴ്ത്താനുള്ള പദ്ധതിയായിരിക്കണം ഇപ്പോള്‍ അണിയറയിലൊരുങ്ങുന്നത്.
അങ്ങനെ ചൈനീസ് പക്ഷത്തു നിന്നും ലഭിച്ച സൂചനകളും നിര്‍ദ്ദേശങ്ങളും അനുസരിച്ചു കൊണ്ട് കോവിഡ് കാലത്ത് മോദിസര്‍ക്കാരിനെ കുരുക്കിലാക്കാനുള്ള തിരക്കിലായിരുന്നു രാഹുല്‍. കൊറോണയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക്ക്ഡൗണിനോടായിരുന്നു രാഹുല്‍ കൂട്ടര്‍ക്ക് ശക്തമായ വിരോധം. കാരണം കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നതിനോടൊപ്പം തന്നെ രാജ്യത്ത് ആന്തരിക സംഘര്‍ഷത്തിന് വഴി നോക്കി നടന്നവരുടെ കാലുകളിലും ലോക്കു വീണതാണ് രാഹുലിന്റെയും കൂട്ടരുടെയും ഉറക്കം തീര്‍ത്തും കെടുത്തിയത്.
1962 ല്‍ ചൈനയ്ക്കുവേണ്ടി ചാരപ്പണി ചെയ്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ രാജ്യത്തെ രാഷ്ട്രീയ ധാരയില്‍ നിന്നകന്ന് അവര്‍ തന്നെ കുഴിച്ച തെമ്മാടിക്കുഴിയിലിടം തേടിയതു മറക്കണ്ട. യച്ചൂരിയോട് പറഞ്ഞ് ആ കുഴിയിലിത്തിരി ഇടം ഇപ്പോഴേ ഉറപ്പാക്കാമെങ്കില്‍ രാഹുലിന് പുതിയ ഒരു കുഴി കുഴിക്കുന്ന പണി ഒഴിവാക്കാം. ഏല്‍പ്പിച്ച പണിയില്‍ പരാജയപ്പെട്ടശേഷം ചൈനയിലേക്കു ചെന്നാല്‍ അവിടെയും വാതില്‍ അടഞ്ഞേ കിടക്കൂ എന്നതുകൂടി ഓര്‍ത്തുവെയ്ക്കുക. ചൈന പിന്മാറ്റം തുടങ്ങിയത് മനസ്സിലാക്കി നരേന്ദ്ര മോദി നയിക്കുന്ന പുതിയ ഭാരതം ജഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്തു നിന്ന് എവിടം വരെ വളര്‍ന്നുയെന്ന് ഇടയ്ക്കൊന്നു പഠിച്ചെടുക്കുക.
(ലേഖകന്‍ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. 9497450866)
പ്രതികരിക്കാൻ ഇവിടെ എഴുതുക: