മേട മാസത്തിലെ ആ വിഷുപ്പുലരി ഈ വര്‍ഷവും പതിവുപോലെ എത്തി. വിഷുവിനെ വരവേല്‍ക്കാനായി എല്ലാ വര്‍ഷവും ഉടുത്തൊരുങ്ങാറുള്ള പല നഗരങ്ങളും ഇന്നു നിശ്ചലം. കൊറോണയെന്ന മഹാമാരിയുടെ മുന്‍പില്‍ ലോകമൊന്നടങ്കം കീഴടങ്ങിയല്ലോ.
ഞാന്‍ എന്റെ ബാല്‍ക്കണിയിലൂടെ ഏന്തി ഏന്തി നോക്കി നില്‍ക്കേ അന്ന് ആകെ കണ്ടത് ന്യൂസ്പേപ്പര്‍ തരാറുള്ള ആ പയ്യനെ മാത്രം! റോഡുകള്‍ നിശ്ചലം, പലതരം ആഡംബര കാറുകളുടെ ശബ്ദം കേള്‍ക്കാറുള്ള റോഡുകളില്‍ കൊച്ചുകിളികളുടെ ശബ്ദം മാത്രം.
എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ച നമുക്കെല്ലാം കൊറോണക്കാലം തന്ന ഒരു സഡ്ഡന്‍ ബ്രേക്ക്. മനുഷ്യന്റെ നിത്യജീവിതത്തില്‍ ഒരിക്കലും പാലിക്കാന്‍ പറ്റാത്ത ചില നിയമങ്ങള്‍. ഈ അവസ്ഥ നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം ചെറുതല്ല.
പാല്‍ പാക്കറ്റ് എടുക്കാനായി മാസ്‌കും ധരിച്ച് ഞാന്‍ ഫഌറ്റിന്റെ താഴത്തേ നിലയിലേക്കിറങ്ങി. ഈ മഹാമാരി വന്നതില്‍ പിന്നെ പാല്‍ക്കാരനും പേപ്പര്‍ ഇടുന്ന രാജുവിനും സൂപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ബോയ്‌സ്‌നും ആര്‍ക്കും ഫഌറ്റിന്റെ അകത്തേക്ക് പ്രവേശനമില്ലായിരുന്നു. ലിഫ്റ്റില്‍ താഴോട്ടിറങ്ങാന്‍ പേടിച്ച് ഞാന്‍ ഗോവണിപ്പടിയിറങ്ങി. പാലും എടുത്തു മുകളിലേക്ക് കയറുമ്പോള്‍ രണ്ടാമത്തെ നിലയിലെ ഫിറോസ് ചേട്ടന്റെ രണ്ടും നാലും വയസ്സുള്ള കുസൃതിക്കുരുന്നുകള്‍ ആരോടോ ഫോണില്‍ വിളിച്ച് കരയുന്നത് കേട്ടു. ഞാന്‍ പയ്യെ അവരുടെ ഡോറിനരികില്‍ പോയി നിന്നപ്പോള്‍ ഇളയവന്‍ വീഡിയോ കോളില്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ നഴ്‌സായ അവന്റെ അമ്മയെ നോക്കി കരയുന്നു. ഫിറോസ് ചേട്ടനും നാദിയ ഇത്തയും കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ വന്നുപോയത്. രണ്ടാളും ബെംഗളൂരുവിലെ ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ട് ആയി ജോലിചെയ്യുന്നു. ഈ കുട്ടിക്കുസൃതികളെ നോക്കാന്‍ അവരുടെ മുത്തച്ഛനും മുത്തശ്ശിയും മാത്രമേ വീട്ടിലുള്ളൂ. പാവം കുട്ടികള്‍ അവരുടെ അച്ഛനും അമ്മയും എപ്പോഴെങ്കിലും വരുമെന്നോര്‍ത്ത് എപ്പോഴും വാതില്‍പ്പടിയില്‍ കാത്തിരിക്കുന്നുണ്ടാവും.
തെല്ലൊന്നു മനസ്സു പതറി ഈ മഹാവ്യാധി എങ്ങനെയെങ്കിലും ലോകം വിട്ടു പോകണേ എന്നു ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
ബാല്‍ക്കണിയില്‍ ഈ വര്‍ഷവും എന്റെ വിഷുക്കൊന്ന പൂത്തുനില്‍പ്പുണ്ടായിരുന്നു. പക്ഷെ ഇത്തവണ എല്ലാവര്‍ഷവും പോലെ എന്റെ കൊന്നയ്‌ക്കു പൂര്‍ണ സന്തോഷമില്ലാത്ത പോലെ തോന്നി. മനസ്സിനു മുറിവേറ്റ ഒരു വിരഹ കാമുകിയെ പോലെ കൊന്നപ്പൂ എന്നെ നോക്കി തെല്ലൊന്നു തേങ്ങി…
വിഷുക്കാലത്തെ താരമാണ് കണിക്കൊന്ന. മറ്റെല്ലാമുണ്ടെങ്കിലും കൊന്നപ്പൂ ഇല്ലെങ്കില്‍ മലയാളിക്കു കണി പൂര്‍ത്തിയാവില്ല. കൊന്നയ്‌ക്ക് ഈ സ്റ്റാറ്റസ് വന്നതിനു പിന്നില്‍ രസകരമായ ഒരു കഥ വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്. ത്രേതായുഗത്തിലെ ശ്രീരാമസ്വാമി സീതാന്വേഷണത്തിനു പോയപ്പോള്‍ യാത്രാമധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്തു കൊന്നത് ഒരു മരത്തിന്റെ പിന്നില്‍ മറഞ്ഞുനിന്നാണ് എന്നു കേട്ടിട്ടില്ലേ? അതു കൊന്നമരം ആയിരുന്നത്രേ. അന്നുമുതല്‍ ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്നമരം എന്നു പറയാന്‍ തുടങ്ങി. അതു പിന്നീട് കൊന്നമരമായി മാറി. പാവം ആ വൃക്ഷത്തിന് സങ്കടമായി. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങനെ ഒരനുഭവം വന്നല്ലോ.
കൊന്നപ്പൂവിനും ഈ വര്‍ഷം ആളുകളെ നോക്കി ചിരിക്കാനൊരു മടി!!!
എല്ലാവര്‍ഷവും ചിരിച്ചു പൂക്കാറുള്ള ആ കൊന്നപ്പൂ ഈ വര്‍ഷം ഒരു നൊമ്പരമായി പൊഴിഞ്ഞു വീണു…
ഒരാഴ്ചയോളം വീട്ടിലിരുന്നു മടുത്തപ്പോള്‍ മെയിന്‍ ഡോര്‍ തുറന്നു പുറത്തേക്കു നോക്കി. ഒരിക്കലും ലോഹ്യം കാണിക്കാത്ത രാമന്‍കുട്ടിച്ചേട്ടന്‍ നമ്മളെയും നോക്കി ഒരു ദയനീയ ഭാവത്തില്‍ അയാളുടെ ഫഌറ്റിന്റെ പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു.
വിഷുവായതുകൊണ്ട് രാമന്‍കുട്ടിച്ചേട്ടന്‍ കോടിമുണ്ട് ഉടുത്തിരുന്നു. എല്ലാവര്‍ഷവും അവരുടെ മക്കളും കൊച്ചുമക്കളും സിങ്കപ്പൂരില്‍ നിന്നും വരാറുള്ളതായിരുന്നു. അതിന്റെ സങ്കടം രാമന്‍കുട്ടിച്ചേട്ടനു തെല്ലൊന്നുണ്ടായിരുന്നു. ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഇല്ലാത്തൊരു കോവിഡ് വിഷു അങ്ങനെ ഈ വര്‍ഷം വന്നുപോയി…
”തെല്ലൊന്നു നില്‍ക്കൂ മനുഷ്യാ, നിന്നോടിന്നു നല്ല മനസ്സോടെ ചോദിക്കുന്നു. നീയി ചെയ്യും അല്ലലേറിടും ഓരോരോ കര്‍മങ്ങളെല്ലാംതന്നെ ഇല്ലയീ പ്രപഞ്ചസത്യത്തെയറിയാതെയാണോ.
ജനിച്ചാല്‍ മരിക്കണം; മരിച്ചാല്‍ ജനിക്കുമെന്നുള്ള ജന്മരഹസ്യത്തെ നാം മാനിച്ചീടുക.
എന്നെന്നും ഒന്നു മരിച്ചീടില്‍ മറ്റൊന്നു ജനിച്ചീടുമെന്നുള്ളൊരു മണ്ണിന്റെ സംസ്‌കാരത്തെ പുനര്‍ചിന്തനം ചെയ്യൂ.”
കവിതാ സംഗീത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: