കെ.പി.സുധീര എന്ന എഴുത്തുകാരിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാള ചെറുകഥാ സാഹിത്യത്തിലും കവിതയിലും യാത്രാ വിവരണമേഖലയിലും പരിഭാഷ, ജീവചരിത്രം തുടങ്ങിയ സാഹിത്യത്തിന്റെ എല്ലാ ശാഖകളെയും സമ്പുഷ്ടമാക്കിയ ഈ എഴുത്തുകാരി മലയാള സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ്. ലോകത്തിലെ 25 ല്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സുധീര, ലബനോണ്‍ മിസ്റ്റിക് ഖലീല്‍ ജിബ്രാന്‍, പാക്കിസ്ഥാനിലെ ദേശീയ കവി മുഹമ്മദ് ഇക്ബാല്‍ തുടങ്ങിയ മഹാരഥന്മാരെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബാങ്കിങ് മേഖലയുടെ അതിവിശാലമായ ഇടനാഴികളിലൂടെ സഞ്ചരിച്ച ഈ എഴുത്തുകാരിയെ അടുത്തകാലത്ത് നോവലിസ്റ്റ് സേതുവിനോടൊപ്പം കേരള സാഹിത്യ അക്കാദമിയില്‍
പരിചയപ്പെട്ടു. സാഹിത്യത്തെക്കുറിച്ചും തന്റെ വളര്‍ച്ചയിലെ വ്യത്യസ്ത പടവുകളെക്കുറിച്ചും, വായനയെ പുതിയ ലോകങ്ങളിലേക്ക് കൊണ്ടുപോയ എഴുത്തുകാരെക്കുറിച്ചും ഈ എഴുത്തുകാരി സംസാരിച്ചു.
? സാഹിത്യരംഗത്ത് സുധീര മാഡത്തിന്റെ വരവ് അപ്രതീക്ഷിതമായിരുന്നോ
അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയതു മുതല്‍ കഥകള്‍ വായിച്ചു. അതുകൊണ്ടുതന്നെ കഥാ സാഹിത്യത്തിലാണ് അന്നും ഇന്നും മനസ്സ് അഭിരമിക്കുന്നത്. എഴുതി തുടങ്ങിയതും കഥകളാണ്. പി
ന്നീട് ഞാന്‍ പോലുമറിയാതെ ഓരോ മേഖലകളില്‍ എത്തിപ്പെട്ടു. ഇപ്പോഴും കഥകള്‍ എഴുതുമ്പോള്‍ കിട്ടുന്ന ആവേശവും ഉദ്വേഗവും മറ്റെന്ത് എഴുതുമ്പോഴും ഞാന്‍ അനുഭവിക്കുന്നില്ല. പ്രണയം മൂത്ത കാമുകനെപ്പോലെ ഇന്നും കഥകള്‍ എന്നെ മാടിവിളിക്കുന്നു.
? ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി എഴുതാന്‍ കഴിയുന്നില്ല. ഫാസിസത്തിന്റെ കറുത്ത കുതിരകള്‍ നാടെങ്ങും കയറ് പൊട്ടിച്ച് ഓടുകയാണെന്ന് ചില എഴുത്തുകാര്‍ പറയുന്നതില്‍ സത്യമുണ്ടോ.
= രാഷ്‌ട്രീയ രംഗത്ത് ഫാസിസം പിടിമുറുക്കുന്നു, അതുകൊണ്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മുറിവേറ്റിരിക്കുന്നുവെന്ന് എല്ലാക്കാലത്തും എഴുത്തുകാര്‍ പറയാറുണ്ട്. മതവും രാഷ്‌ട്രീയവും സാഹിത്യത്തിലും കലയിലും എല്ലാ രാജ്യങ്ങളിലും എല്ലാക്കാലത്തും പിടിമുറുക്കിയിട്ടുണ്ട്. എല്ലാ അനീതികളോടും പോരാടാന്‍ എഴുത്തുകാരന്റെ കൈയിലുള്ള ആയുധം വാക്കാണ്. ഇന്ത്യയില്‍ മാത്രം ഇപ്പോള്‍ ഫാസിസം എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. സോള്‍ഷെനിറ്റ്‌സനും,
ജെയിംസ് ജോയ്‌സും ഭരണകൂട ഭീകരതയനുഭവിച്ചവരാണ്. അവരുടെ കൃതികള്‍ നിരോധിക്കപ്പെടുകയും പിന്നീട് നിരോധനം നീക്കിയതിനുശേഷം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. പ്രശസ്ത ബംഗളാ എഴുത്തുകാരി തസ്‌ലീമനസ്‌റീന്‍ നാടുവിട്ട് പോകേണ്ടി വന്നതും സത്യം തുറന്നെഴുതിയതിന്റെ പേരിലാണല്ലോ.
?എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സമ്പൂര്‍ണ സ്വാതന്ത്ര്യം വേണം എന്ന അഭിപ്രായത്തോടുള്ള നിലപാട് എന്താണ്
= തീര്‍ച്ചയായും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സത്യം വിളിച്ചു പറയാനും ഭയം കൂടാതെ എഴുതാനുമുള്ള സ്വാതന്ത്ര്യം വേണം. സത്യം ഇരുള്‍കൊണ്ട് മൂടുമ്പോള്‍ ആ മറ നീക്കിക്കാട്ടലാണ് കലയുടെ ധര്‍മം. സത്യം പറയുമ്പോള്‍ നമ്മുടെ നാക്ക് അരിഞ്ഞു കളയുമെന്ന നിലപാട് ചില ഏകാധിപത്യ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട് എന്ന ദുഃഖ സത്യം മറക്കുന്നില്ല.
? ‘ഡിമിസ്റ്റിഫിക്കേഷന്‍’ പലപ്പോഴും വിശ്വസാഹിത്യത്തില്‍ അനേകം സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ടോള്‍സ്റ്റോയിയും ജിബ്രാനും ടാഗോറും ഡിമിസ്റ്റിഫിക്കേഷന്റെ പേരില്‍ എതിര്‍പ്പ് നേരിട്ടവരല്ലേ
= ആധ്യാത്മിക നിഗൂഢതകളുടെ ഇരുളുകള്‍ അഴിച്ചു മാറ്റുന്നത് ഡിമിസ്റ്റിഫിക്കേഷനായി രൂപപ്പെടാറുണ്ട്. ആത്മജ്ഞാനവും അറിവിന്റെ പൊ
രുളിനപ്പുറത്തുള്ള ലോകം ചിത്രീകരിക്കുന്ന ദിവ്യമായ ജ്ഞാനവും ജിബ്രാന്‍ വെളിപ്പെടുത്താറുണ്ട്. പ്രവാചക ശബ്ദങ്ങളുടെ അതിനിഗൂഢമായ ആഴങ്ങള്‍ ജിബ്രാന്‍ ലളിതമായ ഇമേജറിയിലൂടെ ചിത്രീകരിച്ചു. ജീസസും മുഹമ്മദ് നബിയും ജിബ്രാന്റെ ലോകത്ത് സാധാരണയായി കടന്നുവരുന്നു. ഭാരതീയ ദര്‍ശനത്തിന്റെ വിദൂരധ്വനികളും ജിബ്രാനിലുണ്ട്. ജിബ്രാന്റെ ‘പ്രവാചകന്‍’ എന്ന യോഗാത്മ കാവ്യത്തില്‍ ഒരുഭാഗത്ത് ഇങ്ങനെ കാണാം: ”നമുക്ക് വീണ്ടും ഒരുമിച്ചു കൂടാം, ഒന്നുചേര്‍ന്ന് ദൈവത്തിനു നേരെ കൈകള്‍ നീട്ടാം, ഞാന്‍ മരണത്തിന്റെ മറുകര പൂകി നിങ്ങളുടെ അടുത്തേക്ക് തിരിച്ചുവരും.” ഇതില്‍ ഭാരതീയ ദര്‍ശനത്തിന്റെ ടോണ്‍ ഉണ്ട്.
? ആണെഴുത്ത്, പെണ്ണെഴുത്ത് ഇങ്ങനെയുള്ള വിഭജനം ഉപരിപ്ലവമല്ലേ
= സാറാ ജോസഫിന്റെ ‘പാപത്തറ’യുടെ ആമുഖത്തില്‍ കവിയും നിരൂപകനുമായ സച്ചിദാനന്ദനാണ് ‘പെണ്ണെഴുത്ത്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. വളരെ റിജിഡായി അങ്ങനെ ഒരു വിഭജനമില്ല. പക്ഷേ സ്ത്രീ- സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് കലാപരമായി, ആവിഷ്‌കാരം നല്‍കുമ്പോള്‍ അതിനെ ‘പെണ്ണെഴുത്ത്’ എന്ന് ചില നിരൂപകര്‍ വിളിക്കുന്നു. സ്ത്രീകളുടെ അനുഭവങ്ങള്‍ പുരുഷന് എഴുതാന്‍ കഴിയില്ല എന്നു ഞാന്‍ പറയില്ല. പുരുഷ ഭാഷയെ പ്രധാനമായി കാണുന്നതുകൊണ്ടാണ് സ്ത്രീയുടെ അനുഭവങ്ങള്‍ അവളുടേത് അല്ലാതായി മാറുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴും, അവള്‍ക്ക് ചുറ്റും നിശ്ശബ്ദത കൂടുകെട്ടുമ്പോള്‍ അതിനെ തകര്‍ക്കാന്‍ അവള്‍ക്ക് കഴിയണം. പാശ്ചാത്യ രാജ്യങ്ങളില്‍ മൂന്നു തരം ഫെമിനിസം കണ്ടിട്ടുണ്ട്.
ഒന്ന്-പുരുഷാധിപത്യത്തിനെതിരെ ശബ്ദിക്കുന്ന റാഡിക്കല്‍ ഫെമിനിസം. രണ്ട്- സാമ്പത്തികമായി ഉച്ചനീചത്വങ്ങളാണ് സ്ത്രീകളെ ചൂഷണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് കരുതുന്ന ഫെമിനിസം. മൂന്ന്- നിലവിലുള്ള പുരുഷാധിപത്യ സ്വഭാവം അവര്‍ കൈവിടണം എന്നാവശ്യപ്പെടുന്ന ലിബറല്‍ ഫെമിനിസം. വെര്‍ജീനിയ വൂള്‍ഫ് റാഡിക്കല്‍ ഫെമിനിസത്തിന്റെ വക്താവായിരുന്നു.
? കേരളത്തില്‍ മാധവിക്കുട്ടി (കമല സുരയ്യ)യെ ഫെമിനിസ്റ്റ് എഴുത്തുകാരിയായി കാണാന്‍ കഴിയുമോ
= കേരളത്തില്‍ സ്ത്രീവാദത്തിന്റെയും സ്ത്രീപക്ഷ രചനകളുടെയും കൊടുങ്കാറ്റായി ആഞ്ഞുവീശിയവരില്‍ മാധവിക്കുട്ടി മാത്രമല്ല, സരസ്വതിയമ്മയും ലളിതാംബിക അന്തര്‍ജനവും സാറാ ജോസഫും രാജലക്ഷ്മിയും ഒക്കെയുണ്ട്. സ്ത്രീവാദ ആശയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പുരുഷ നിര്‍മിതഭാഷയെ നിരാകരിക്കുന്ന കൃതികളെ ‘പെണ്ണെഴുത്ത്’ എന്നു പറയാം.
? എഴുപതുകള്‍ക്കു ശേഷം ‘അസ്തിത്വവാദ’ചിന്തയുടെ കാറ്റ് മലയാളത്തെ തഴുകി, ഒ.വി. വിജയന്റെയും ആനന്ദിന്റെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും എം. മുകുന്ദന്റെയും സേതുവിന്റെയും കാക്കനാടന്റെയും കൃതികള്‍ അസ്തിത്വ ദുഃഖത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്തതാണെന്ന് സോഷ്യോളജിക്കല്‍ കമിറ്റ്‌മെന്റ് അംഗീകരിക്കുന്ന നിരൂപകര്‍ പറയുന്നതിനോട് യോജിപ്പുണ്ടോ.
= അസ്തിത്വവാദം, അര്‍ത്ഥശൂന്യത തുടങ്ങിയ ചിന്താധാരകള്‍ എം. മുകുന്ദന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാരെ സ്വാധീനിച്ചിട്ടുണ്ട്. ലോകമെമ്പാടും അനുകര്‍ത്താക്കളുള്ള എഴുത്തുകാരാണ് കാഫ്കയും കമ്യൂവും ഡോസ്റ്റോവസ്‌ക്കിയും നീത്‌ഷേയും. സ്വാഭാവികമായും ആനന്ദിലും കാക്കനാടനിലും അസ്തിത്വ ദുഃഖത്തിന്റെ നിഴല്‍ കണ്ടതില്‍ അദ്ഭുതമില്ല. മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള വേപഥു ‘ആള്‍ക്കൂട്ടത്തിലും, ഉഷ്ണമേഖലയിലും’ ഉണ്ട്.
? താങ്കളെ ഏറെ സ്വാധീനിച്ച എഴുത്തുകാര്‍ മലയാളത്തില്‍ ആരൊക്കെയാണ്
= ആദ്യകാലത്ത് ലളിതാംബിക അന്തര്‍ജനവും പിന്നീട് ഒ.വി. വിജയന്‍, ആനന്ദ്, സേതു എസ്.കെ., ബഷീര്‍, എംടി., എന്‍. മോഹന്‍, അഴീക്കോട്, മാധവിക്കുട്ടി, യു.എ.ഖാദര്‍ തുടങ്ങിയവരെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആനന്ദും വിജയനും ദുര്‍ഗ്രഹമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ രണ്ട് എഴുത്തുകാരും ലാന്‍ഡ് മാര്‍ക്ക് എന്നു വിശേഷിപ്പിക്കാവുന്ന നോവലുകളും കഥകളും എഴുതിയവരാണ്. മനുഷ്യന്റെ അസ്വസ്ഥതയെ ദാര്‍ശനികവല്‍ക്കരിച്ചവരാണിവര്‍.
? എഴുത്തുകാരുടെ സാമൂഹ്യബാധ്യതയെ കുറിച്ച് ചര്‍ച്ചകള്‍ ഒരുപാട് നടന്നുവല്ലോ
= കമിറ്റ്‌മെന്റ് ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുദ്രാവാക്യ സമാനമായി കൃതികളെ തരംതാഴ്‌ത്തലല്ല. എഴുത്തുകാരന്റെ നിലപാടുകളും ബോധ്യങ്ങളും എല്ലാം കമിറ്റ്‌മെന്റിന്റെ ഭാഗമാണ്. സാമൂഹ്യ ചിന്തകളെ പ്രതിഫലിപ്പിക്കുകയും പ്രകൃതിയെ പുനഃസൃഷ്ടിക്കുകയും ചെയ്യുകയാണ് എഴുത്തുകാരന്‍. അത് മനുഷ്യ പ്രകതിയുടെ പ്രശ്‌നമായും അവന്റെ ലക്ഷ്യവുമായും കെട്ടുപിണഞ്ഞ് കിടക്കുന്നു. മനുഷ്യ, സ്ത്രീത്വത്തിന്റെ പുത്തന്‍ ഭൂപടങ്ങള്‍ സൃഷ്ടിയ്‌ക്കുകയും പുതിയ ആശയങ്ങളുടെയും ചിന്താധാരകളുടേയും ഉറവിടങ്ങളായി കൃതികള്‍ മാറണം.
? മുഹമ്മദ് ഇക്ബാലിനെക്കുറിച്ചും എഴുതിയിട്ടുണ്ടല്ലോ
സ്വത്വത്തിന്റെ കരുത്തായിരുന്നു ഇക്ബാലിന്റെ സര്‍ഗ്ഗാത്മകത. തന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രവാചക സ്‌നേഹം ആ മഹാമനസ്സിന്റെ ധന്യത. ഇക്ബാല്‍ കവിതകളിലെ ശക്തി സൗന്ദര്യവും അദ്ദേഹത്തിന്റെ താത്വികജ്ഞാനവും ദീര്‍ഘദര്‍ശിത്വവും അനന്യ സാധാരണമായിരുന്നു. വിശുദ്ധ ഖുറാനിന്റെയും പേര്‍ഷ്യന്‍ ഛായാവാദത്തിന്റെയും വേദാന്തചിന്തകളുടെയും പൊന്‍കതിരുകള്‍ വിളയുന്ന കൃഷിയിടങ്ങളാണ് അദ്ദേഹത്തിന്റെ കവിതകള്‍ എന്നെനിക്ക് തോന്നി. ബുദ്ധനെയും മുഹമ്മദ് നബിയെയും മറ്റ് ആത്മീയ ചൈതന്യമുള്ള സംന്യാസികളെയുമെല്ലാം ഇക്ബാലില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: