വര്ണവെറിയനായ വെളുത്ത പൊലീസുകാരന്റെ ഉരുക്കുപാദത്തില് ഞെരിഞ്ഞു പ്രാണന് വെടിഞ്ഞ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയ്ഡ്. ലോകമെങ്ങും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുകയും, അമേരിക്കയില്‍ അഗ്നിയായ് ആളിപ്പടരുകയും ചെയ്ത ഫ്ളോയ്ഡിന്റെ ദാരുണാന്ത്യം സുഗന്ധ സോപ്പില്‍ ശില്പ്പമാക്കി പ്രതിഷേധിക്കുകയാണ് ഡോ. ബിജു സി.ജി.
സോപ്പും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങുമായി കൊറോണയ്ക്കെതിരെ ലോകം നടത്തുന്ന പോരാട്ടം മുതല്‍ ഗീതോപദേശവും അശോകസ്തംഭവും വരെയുണ്ട് ബിജുവിന്റെ സോപ്പുശില്‍പങ്ങളില്‍. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍, തമിഴകത്തിന്റെ താരതേജസ് രജനീകാന്ത് തുടങ്ങി ഒട്ടേറെ സൂപ്പര്‍സ്റ്റാറുകളെ സുഗന്ധശില്‍പ്പമാക്കിയ ബിജു തിരുവനന്തപുരം ശംഖുംമുഖം സ്വദേശിയാണ്.
ഖത്തറില്‍ ത്രീഡി ഗ്രാഫിക് ഡിസൈനറായിരുന്ന ബിജു ജോലിയുടെ ഇടവേളകളിലാണ് സോപ്പുശില്പ്പങ്ങള് നിര്‍മിച്ചുതുടങ്ങിയത്. ഖത്തറിലും കേരളത്തിലുമായി ഒട്ടേറെ പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്.
അറിയപ്പെടുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഇദ്ദേഹം മണല്‍ശില്‍പ്പങ്ങള്‍ മെനയുന്നതിലും വിദഗ്ധനാണ്. ശംഖുംമുഖത്തും കോഴിക്കോട് ബീച്ചിലും ബിജു തീര്‍ത്ത മണല്ശില്പങ്ങള് കലാനിരൂപകരുടെ കലവറയില്ലാത്ത പ്രശംസ നേടിയിരുന്നു.
കോഴിക്കോട് വിസ്മയം ആര്‍ട്സ് കോളേജില്‍ അധ്യാപകനായ ബിജു ചില ഫാഷന്‍ ഫോട്ടോ ഷൂട്ടുകള്ക്കായാണ് ഏതാനുംമാസം മുന്‍പ് പഴയ തട്ടകമായ ഖത്തറില്‍ മടങ്ങിയെത്തിയത്. എന്നാല്‍ കൊറോണയും ലോക്ഡൗണുംമൂലം പ്രോജക്ടുകള്‍ മുടങ്ങുകയും, നാട്ടിലേക്കു പോകാനാവാതെ ദോഹയില്‍ കുടുങ്ങുകയുമായിരുന്നു.
അടച്ചിരിപ്പിന്റെ നീണ്ടനാളുകളില്‍ സോപ്പില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമേകി ബ്രേക് ദ് ചെയ്ന്‍, മാലാഖമാരുടെ ഹൃദയദീപമായി വി ഷാല്‍ ഓവര്‍കം, ലോക്ഡൗണ്‍ വ്യഥകളില്‍ ഉരുകിത്തീരുന്ന പ്രവാസികള്‍ക്കായി ബേണിങ് എക്സ്പാട്രിയേറ്റ്സ്, നിറംപകര്‍ന്ന മുട്ടത്തോടില്‍ 200 സൂക്ഷ്മസുഷിരങ്ങള്കൊണ്ട് സ്റ്റെതസ്കോപ്പും ഹൃദയവുമായി റിയല്‍ ഹീറോസ് തുടങ്ങി ഒട്ടേറെ കലാസൃഷ്ടികള്‍ക്കാണ് ഈ യുവകലാകാരന് ശില്പ്പജീവന് പകര്‍ന്നത്.
വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്കുള്ള യാത്രയ്ക്ക് ഊഴവും കാത്തിരിക്കുകയാണിപ്പോള്‍ ബിജു.
സജികുമാര്‍ കുഴിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: