എന്തൊരു സൗന്ദര്യമാണ് ആ പെണ്ണിന് എന്നു ശിവാജി ഗണേശന് പറഞ്ഞത് മാര്‍ഗി വിജയകുമാറിന്റെ പാഞ്ചാലിയെ കണ്ടിട്ടാണ്. മറ്റു പലരും ഇതു മനസ്സില്‍ പറഞ്ഞിട്ടുമുണ്ടാകും. വിജയകുമാറിനെ അരങ്ങില്‍ കണ്ടവര്‍ക്ക് അതില്‍ അത്ഭുതം തോന്നാനിടയില്ല. ആ സൗന്ദര്യം പക്ഷേ, രൂപത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഓരോ അംഗചലനത്തിലും മുഖത്തു വിരിയുന്ന ഭാവങ്ങളുടെ മിന്നലാട്ടത്തിലും അതിന്റെ നിറവുണ്ട്. കൈമുദ്രകളുടേയും പദചലനങ്ങളുടേയും ലാസ്യഭംഗിയും പൂവിരിയുംപോലെ മുഖത്തു തെളിയുന്ന ഭാവവൈവിധ്യവും. ആകെക്കൂടി അഴകിന്റെ പൂക്കാലമാണ് വിജയകുമാറിന്റെ അരങ്ങ്.
അറുപതു വയസ്സു പിന്നിടുമ്പോഴും ആ പൂക്കള്‍ നിറം മങ്ങാതെ നില്ക്കുന്നെങ്കില്, അവ ഇതള്‍ വിടര്‍ത്തുന്നത് മനസ്സിന്റെ ഉള്ളില്‍ എവിടയോ ആയിരിക്കാം. മനസ്സും ശരീരവും ഒന്നു ചേരുമ്പോഴാണല്ലോ നടന് കഥാപാത്രമായി രൂപാന്തരപ്പെടുന്നത്.
അഭിനയത്തെക്കാളുപരി കഥാപാത്രവുമായി തന്മയീഭവിക്കുമ്പോഴാണ് പൂര്‍ണത ലഭിക്കുന്നത്. വൈവിധ്യമാണ് അതിന്റെ ചാരുത. അതാണ് സംതൃപ്തി നല്‍കുന്നതും. ആ വഴിയിലൂടെ സഞ്ചരിക്കാനാണ് വിജയകുമാറിന് ഇഷ്ടം. സ്ത്രീ കഥാപാത്രങ്ങളെ തന്റേതായ രീതിയില്‍ പുതിയൊരു ഭാവ തലത്തിലെത്തിക്കുന്ന ആ ശൈലി ആസ്വാദകര്‍ അംഗീകരിക്കുകയും ചെയ്തു.
യൗവനം വന്ന് ഉദിച്ചു നില്ക്കുന്ന പ്രണയ വിവശയായ ഒന്നാം ദിവസത്തെ ദമയന്തിയും മനസ്സംഘര്ഷങ്ങളില്പ്പെട്ടുഴലുന്ന നാലാം ദിവസത്തെ ദമയന്തിയും തമ്മില്‍ എത്ര അകലമുണ്ട്? രാക്ഷസീയ ഭാവം ഉള്ളിലൊളിപ്പിച്ച പൂതനാമോക്ഷത്തിലേയും കിര്മീരവധത്തിലേയും ലളിതയും കാമാസക്തിയാല്‍ വിവശയായ നരകാസുര വധത്തിലെ ലളിതയും എവിടെ, രാജസദസ്സിലെ വസ്ത്രാക്ഷേപത്തോടെ, സ്ത്രീ ജന്മത്തിലെ ഏറ്റവും വലിയ അപമാനംസഹിക്കേണ്ടിവന്ന ദ്രൗപതിയുടെ വേദനയും പ്രതികാരവാഞ്ഛയും എവിടെ? കുറ്റബോധംകൊണ്ടും വരാനിരിക്കുന്ന വിപത്തിനെ ഓര്‍ത്തും നീറുന്ന കുന്തിയുടെ മനസ്സല്ലല്ലോ പുത്രന്റെ സ്ഥാനത്തുള്ള അര്‍ജുനനോടു പ്രണയാഭ്യര്‍ഥന നടത്തുന്ന ഉര്‍വശിയുടേത്. ലവണാസുരവധത്തിലെ, സീതയുടെ മനസ്സ് ഇതില്‍ നിന്നൊക്കെ എത്ര വ്യത്യസ്തം..!
കൈ മുദ്രകളും കലാശങ്ങളും രസങ്ങളും മുന്നേ ചിട്ടപ്പെടുത്തപ്പെട്ടവയാണ്. പക്ഷേ, ഇവരുടെ മനസ്സിലൂടെ സഞ്ചരിക്കുമ്പോള്‍ നടന്റെശരീര ചലനങ്ങളിലും മുഖ ഭാവങ്ങളിലും അതു പ്രകടമാകുന്നതു പാത്രമനസ്സിന് അനുസരിച്ചായിരിക്കും. മുദ്രകള്‍ക്കും ചുവടുകള്‍ക്കും ഭാവങ്ങള്‍ക്കും ജീവന് കൈവരുന്നത് ആ മനസ്സു തിരിച്ചറിയുമ്പോഴാണ്. കളരിയില്‍ പഠിക്കാത്ത, അരങ്ങ് അനുഭവത്തിന്റെ പാഠമാണ് നടനെ അതിനു പ്രാപ്തനാക്കുന്നത്. അതിന് പ്രായവ്യത്യാസം ഇല്ല.
അറുപതാം വയസ്സിലും, കൗമാരം വിടാത്ത ദമയന്തിയായി മാറുന്ന പ്രക്രിയയോട് വിജയകുമാറിന്റെ മനസ്സ് എങ്ങനെയാവും പ്രതികരിക്കുക?
ചോദ്യം കേട്ടതോടെ കൊല്ലം തോന്നയ്ക്കലെ ‘ലക്ഷ്മീതല്‍പ്പത്തില്‍ ചിരിയുടെ പൂ വിടര്‍ന്നു.’ കലാരംഗത്ത് എനിക്ക് ഇപ്പോഴും 30 വയസ്സാണ്. മനസ്സും ശരീരവും പറയുന്നത് അതാണ്. അതിനപ്പുറം ഒരിക്കലും അനുഭവത്തില്‍ തോന്നാറില്ല. 60 വയസ്സ് ഒരു വലിയ പ്രായമല്ലെന്നു ബോധ്യപ്പെട്ടത് എനിക്ക് 60 കഴിഞ്ഞപ്പോഴാണ്. അതുകൊണ്ടാകാം ഒന്നാം ദിവസത്തെ ദമയന്തിയായി അരങ്ങത്തു വരാന്‍ അനായാസം കഴിയുന്നത്.’
രസങ്ങള്‍ ഒന്‍പതേയുള്ളൂ. പക്ഷേ, നടനെ സംബന്ധിച്ച് അവ അതില്‍ ഒതുങ്ങില്ല. പാത്ര വൈവിധ്യം കഥകളിയുടെ കരുത്തും പ്രത്യേകതയുമാണല്ലോ. പാത്രങ്ങളുടെ സ്വഭാവത്തിനും വ്യക്തിത്വത്തിനും പ്രായത്തിനും കഥാ സന്ദര്‍ഭത്തിനും അനുസരിച്ച് ഭാവാവിഷ്കാരത്തിനും മാറ്റം വരാം. അതിലെ അനായാസ ലാളിത്യം വിജയകുമാറിന്റെ വേഷങ്ങള്‍ക്ക് അനുഭവ സുഖം നല്കുന്നു.
ഭാവാഭിനയ ചക്രവര്‍ത്തിയായിരുന്ന കലാമണ്ഡലം കൃഷ്ണന് നായരുടെ പ്രിയ ശിഷ്യന് ഈ അഭിനയസിദ്ധി പിന്തുടര്ച്ചയായി കിട്ടിയതാകാം. കൃഷ്ണന് നായരും ഉണ്ണിക്കൃഷ്ണക്കുറുപ്പും വിഭിന്ന തലത്തില്‍ നിന്നുകൊണ്ടു കളിയരങ്ങിനെ ധന്യമാക്കിയവരാണ്. കൃഷ്ണന് നായര്‍ ആശാന് വേഷത്തിലും കുറുപ്പാശാന് പാട്ടിലും. ഇരുവര്‍ക്കും പൊതുവായ ഒരു സിദ്ധിയുണ്ടായിരുന്നു. അവരവരുടെ കല അയത്ന ലളിതമായി അവര്‍ക്കു വഴങ്ങി. ഇംഗ്ളീഷിലെ സ്പൊണ്ടേനിയസ് എന്ന പദത്തിനു തത്തുല്യമായ പദം മലയാളത്തിലുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കില്‍ അതായിരുന്നു കൃഷ്ണന്‍നായര്‍ ആശാന്റെ ഭാവാഭിനയം. അതിലൂടെ പ്രേക്ഷകരുമായി ആശാന്റെ കഥാപാത്രങ്ങള്‍ ഏറെ സംവദിച്ചു. മുദ്രകള്‍ക്ക് അപ്പുറമുള്ളൊരു സംവേദന ക്ഷമതയുണ്ടായിരുന്നു ആ മുഖത്തിന്. ഇതേ ശൈലിയാണ് കുറുപ്പാശാന് ആലാപനത്തില്‍ അവലംബിച്ചത്. അനര്‍ഗള പ്രവാഹം. ആവര്‍ത്തിച്ചു പാടുന്ന ചരണങ്ങളില്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ കൊണ്ടുവരുന്ന വൈവിദ്ധ്യം വിസ്മയിപ്പിക്കുന്നതായിരുന്നു. അരങ്ങിലെ മറ്റൊരു പൂക്കാലമായിരുന്നു അവരുടെ കാലം. ആ കാലം ഇന്നു വേറൊരു തലത്തില്‍ നിന്നുകൊണ്ടു വിജയകുമാര്‍ അരങ്ങിനു നല്കുന്നു.
വൈവിധ്യങ്ങള്‍ക്കിടയിലും ഇഷ്ടപ്പെട്ട വേഷം, അഥവാ കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ അങ്ങനെയൊന്ന് ഇല്ലെന്നു വിജയകുമാര്‍ പറയും. എല്ലാ കഥാപാത്രങ്ങളേയും ഇഷ്ടമാണ്. പാത്രസൃഷ്ടിയിലെ വ്യത്യസ്തത ഉള്‍ക്കൊള്ളുന്നതാണ് നടന്റെ ഏറ്റവും വലിയ വെല്ലുവിളി. അത് വിജയിപ്പിക്കാന്‍ കഴിയുന്നത് ഏറ്റവും വലിയ സംതൃപ്തിയും.
ചിട്ടപ്രധാനമായ ഉര്‍വശിയും (കാലകേയ വധം) കിര്‍മീര വധത്തിലെയും നരകാസുര വധത്തിലെയും ലളിതമാരും, നടനെന്ന നിലയ്ക്കുള്ള കടുത്ത വെല്ലുവിളിയാണ്. ലളിതയെ സംബന്ധിച്ച്, പ്രത്യേകിച്ച് കിര്‍മീര വധം, മനസ്സില്‍ ഒന്നും പുറമേയ്ക്ക് വേറൊന്നുമാണ് ഭാവം. ഉള്ളിലെ സ്വത്വത്തിന്റെ, പ്രകടമല്ലാത്ത ഒരു ആവരണം ആ കഥാപാത്രത്തിന്റെ ഓരോ ചലനത്തിലും വേണം. മോഹിനിയുടെ കാര്യത്തില്‍ ഒരുതരം ത്രിമാനമോ ചതുര്‍മാനമോ ആയ ഭാവമാണ്. രുക്മാംഗദനോടുള്ള സ്നേഹം ഒരു വശത്ത്. ബ്രഹ്മകല്പ്പനയോടുള്ള പ്രതിബദ്ധത കൊണ്ടുള്ള നിസ്സഹായത മറുഭാഗത്ത്. ഇതിനൊപ്പം, പുത്ര വാത്സല്യത്തോടെ കാണുന്ന ധര്മാംഗദനെ വധിക്കാന്‍ ആവശ്യപ്പെടേണ്ടി വരുന്നതിലെ വേദനയും. ഇതൊന്നും പുറത്തുകാണിക്കാതെയാണ് കരുത്തിന്റെ പൂര്‍ണ രൂപമായി മോഹിനി അരങ്ങില്‍ നില്‍ക്കുന്നത്.
മൂന്ന് ഭാവങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ചും, എന്നാല്‍ അത് ആസ്വാദകരിലേയ്ക്ക് അവ്യക്തമായി പകര്‍ന്നും, നാലാമതൊരു ഭാവം എടുത്തണിയണം. എളുപ്പം വാഴങ്ങുന്നതല്ല ഇത്തരം കഥാപാത്രങ്ങള്‍. കഥകളിയില്‍ പൊതുവെ പുരുഷവേഷങ്ങള്ക്കാണ് ആദ്യസ്ഥാന വേഷം എന്ന സ്ഥാനം കല്പിച്ചു നല്‍കിയിരിക്കുന്നത്. ആ സ്ഥാനം സ്ത്രീ വേഷക്കാരന് കൈവരുത്തുന്ന കഥാപാത്രങ്ങളാണ് കിര്‍മീരവധത്തില്‍ ലളിതയും ബാണയുദ്ധത്തിലെ ചിത്രലേഖയും മറ്റും.
ഈ വൈവിദ്ധ്യം നിലനിര്‍ത്തുന്നതിലാണ് വിജയകുമാര്‍ എന്ന നടന് സംതൃപ്തി കണ്ടെത്തുന്നത്. അതില്‍ നിന്ന് ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കാനാവുന്നില്ല. എന്നാല്‍, ആസ്വാദകനെന്ന നിലയില്‍ ഇഷ്ടപ്പെട്ട വിജയകുമാര്വേഷം ഏതെന്ന് അങ്ങോട്ടു പറയാം: ഒന്നാം ദിവസത്തെ ദമയന്തി. ശാലീനതയും കുലീനത്വവും നിറഞ്ഞ രാജകുമാരിയായി ഈ നടനെ എത്രകണ്ടാലും മതിയാവില്ല. തോഴിമാരോടൊപ്പം ഉദ്യാനത്തില്‍ ഉല്ലസിക്കാനിറങ്ങിയ റൊമാന്റിക് നായികയാണ്. പക്ഷേ, നടപ്പിലും ഇരിപ്പിലും എന്നല്ല, ചലനത്തിലാകെ നിറഞ്ഞു നില്ക്കുന്ന കുലീനത്വം ഒരു നിമിഷവും കൈവിടില്ല. ചെറുതായില്ല ചെറുപ്പം എന്നു ഹംസം പരിഹസിക്കുന്നുണ്ടെങ്കിലും നമുക്കത് തോന്നില്ല. നല്ല അടക്കവും ഒതുക്കവുമുള്ള പെണ്കുട്ടിയായേ തോന്നൂ. ഇന്നിപ്പോള്‍, കള്ള കണ്ണേറും കള്ളച്ചിരിയുമായി തോഴിമാരെ കളിപ്പിക്കാന്‍ നോക്കുന്ന ചില സ്മാര്‍ട്ട് ദമയന്തിമാരെ അരങ്ങത്തു കാണാറുണ്ട്. കുറ്റം പറയുന്നില്ല. അത് അവരുടെ ശൈലി. കഥാപാത്രത്തെ കഥാസന്ദര്ഭത്തിനനുസരിച്ചു സ്വയം വ്യാഖ്യാനിച്ച് അവതരിപ്പിക്കാന്‍ നടനു കിട്ടുന്ന സ്വാതന്ത്ര്യമാണല്ലോ കഥകളിയുടെ പ്രത്യേകത. പക്ഷേ, കുലീനത നിറഞ്ഞ കൗമാരക്കാരിയായി ദമയന്തിയേ കാണാനാണ് ഇഷ്ടം. ആ കഥാപാത്രം അങ്ങനെയാണല്ലോ നമ്മുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നത്. ഒരേയൊരു അരങ്ങില്‍ത്തന്നെ ദമയന്തിക്കു രണ്ടു ഭാവങ്ങളാണ്. ഹംസവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള ദമയന്തി, തുടക്കത്തില്‍ കണ്ട പെണ്‍കുട്ടിയല്ല. ഭാവിയെക്കുറിച്ചു ധാരണയിലെത്തിയ പക്വതയുള്ള യുവതിയാണ്. ആ മാറ്റം എവിടെ തുടങ്ങി എവിടെ പൂര്‍ണമായി എന്നു പറയാനാവില്ല. സാവധാനമുള്ളൊരു പ്രതിഭാസമാണ് ആ മാറ്റം. കഥാപാത്രത്തെ ഉള്ളില്‍ ആവാഹിച്ച നടനുമാത്രമേ അതു വേണ്ടവിധം വഴങ്ങൂ.
കളിയരങ്ങില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് തീരെ പ്രാധാന്യമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. പുരുഷ കഥാപാത്രങ്ങള്‍ക്ക് ആടാന്‍, സ്ത്രീവേഷത്തില്‍ ഒരാള്‍ അരങ്ങത്ത് വേണമെന്നേ ഉണ്ടായിരുന്നുള്ളു. കോട്ടയ്ക്കല്‍ ശിവരാമന് ആശാനാണ് അതിനു മാറ്റം വരുത്തിയത്. സ്ത്രീകഥാപാത്രങ്ങള്‍ക്കും വ്യക്തിത്വമുണ്ടെന്നും അഭിനയസാധ്യതയുണ്ടെന്നും അവരിലൂടെയാണ് അരങ്ങിനു പൂര്‍ണത വരുന്നതെന്നും അദ്ദേഹം കാണിച്ചു തന്നു.
സ്ത്രീ കഥാപാത്രങ്ങളിലേക്കും ആസ്വാദക ശ്രദ്ധ കൊണ്ടുവന്നു. പിന്നീട് സ്ത്രീവേഷക്കാരുടെ വലിയൊരു നിരതന്നെ രൂപപ്പെട്ടു. ആ പരമ്പരയിലെ തിളക്കമേറിയ കണ്ണിയാണു വിജയകുമാര്‍. കൂട്ടുവേഷമായി ഏറ്റവുമധികം അരങ്ങുകളില്‍ ആടിയതു ഗോപിയാശാനാടൊപ്പമായിരിക്കുമല്ലോ. ആ അനുഭവം എങ്ങനെ?
അതൊരു അവാച്യമായ അനുഭവം തന്നെയാണ്. നമ്മള് വേറൊരു തലത്തിലേക്ക് ഉയരുന്നതു പോലെ തോന്നും. ഗോപിയാശാന്റെ സാന്നിദ്ധ്യം ആസ്വാദകരിലേക്കു പ്രസരിപ്പിക്കുന്ന എന്തോ ഒരു ശക്തിയുണ്ട്. അതുകൊണ്ടാണല്ലോ അദ്ദേഹത്തിന് ഇത്രയേറെ ആരാധകര്‍ ഉണ്ടാവുന്നത്. അപ്പോള്‍പ്പിന്നെ ഒപ്പം അരങ്ങത്തു നില്ക്കുന്ന നടന് കിട്ടുന്ന ഊര്‍ജം എത്രയായിരിക്കും?
ആശാന് അരങ്ങത്തു ചില നിര്‍ബന്ധബുദ്ധിയും ശുണ്ഠിയും ഒക്കെയുണ്ടെന്ന് ആശാന് തന്നെ സമ്മതിക്കാറുണ്ട്. അതു പ്രശ്നമാകാറുണ്ടോ?
‘അങ്ങനെയില്ല. ആശാനു ചില ചിട്ടയും കാര്യങ്ങളുമൊക്കെയുണ്ട്. അത് ഓരോരുത്തരുടെ ശൈലിയാണല്ലോ. അതുമനസ്സിലാക്കി നിന്നാല്‍ മതി.’
മിനുക്കു വേഷങ്ങളോടാണ് വിജയകുമാറിന് പ്രിയം. പ്രത്യേകിച്ച് സ്ത്രീ വേഷങ്ങള്‍. കിരീടം വച്ച വേഷങ്ങള്‍ തനിക്കു പറഞ്ഞിട്ടുള്ളതല്ലെന്നൊരു തോന്നല്‍.
കൊല്ലം ജില്ലയിലെ തോന്നയ്ക്കല്‍, അധ്യാപകനായിരുന്ന വേലായുധന് നായരുടെയും ലളിതമ്മയുടെയും മകന് വിജയകുമാര്‍ കഥകളിയില്‍ ഹരിശ്രീ എഴുതിയത് തോന്നയ്ക്കല്‍ പീതാംബരന്റെ കീഴിലാണ്. പിന്നീട് മാര്‍ഗിയില്‍ എത്തുമ്പോള്‍ മാങ്കുളം വിഷ്ണു നമ്പൂതിരിയായിരുന്നു പ്രധാന ആശാന്. ഒപ്പം ഇഞ്ചക്കാട്ട് രാമചന്ദ്രന് പിള്ള ആശാനും. മാങ്കുളത്തിനു ശേഷമാണ് കലാമണ്ഡലം കൃഷ്ണന് നായര്‍ മാര്‍ഗിയില്‍ ആശാനായി എത്തിയത്. 1982ല്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് അവിടെത്തന്നെ അധ്യാപകനായി, പ്രിന്‍സിപ്പാളുമായി.
ഭാര്യ ബിന്ദു. മകള്‍ ലക്ഷ്മി പ്രിയ. മരുമകന് രാഹുല്‍ ഗവര്‍മെന്റ് പ്രസ്സില്‍ ഉദ്യോഗസ്ഥന്. വാസുദേവും വൈദേഹിയും കൊച്ചുമക്കള്‍.
അരങ്ങുകളിലൂടെ കഥാപാത്രങ്ങളുടെ മനോലോകത്തും അതുവഴി പുരാണങ്ങളിലൂടെയും ഏറെ സഞ്ചരിച്ച ഈ നടന് കലയോടു കൈകോര്‍ത്തു രാജ്യാന്തരങ്ങളും ഭാഷാന്തരങ്ങളും താണ്ടി. ‘ഡോണ്ക്വിക്സോട്ട്’ എന്ന നോവലിലെ സാഞ്ചോപാന്സാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി.
അരങ്ങില്‍ നിന്ന് അരങ്ങിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കൊറോണ കൊണ്ടുവന്ന ലോക്ഡൗണിലെ വിശ്രമത്തിലാണ് വിജയകുമാര്‍. ഷഷ്ടിപൂര്‍ത്തി ആഘോഷവും അതില്‍ മുങ്ങിപ്പോയി. എങ്കിലും പതിവ് പരിശീലനം മുടക്കുന്നില്ല. തോന്നയ്ക്കലെ വീട്ടില്‍ അത്യാവശ്യം വായനയും എഴുത്തുമായി ഒഴിവുകാലം കടന്നുപോകുന്നു.
കലി മാറി കാലം തെളിയും. അരങ്ങുകള്‍ക്കു ജീവന് വയ്ക്കും. ശിവാജി ഗണേശന് പറഞ്ഞ ആ സൗന്ദര്യം വീണ്ടും ആരങ്ങിലെത്തും. ‘കണ്ണുകള്‍ക്കിതു നല്ല പീയൂഷ ഝരികയോ?’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: