കണ്ണൂർ: കൊറോണാ വൈറസ് വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ രൂപം കൊടുത്ത നിരീക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ വെറും വഴിപാടായി മാറുന്നതായി പരാതി. നിരീക്ഷണ സമിതികൾ ചിലയിടങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ സമതികൾ രൂപം കൊണ്ടതിന് ശേഷം ഒരു യോഗം പോലും ചേരാതെ നോക്കുകുത്തികൾ മാത്രമായി നിൽക്കുന്ന അവസ്ഥയും ഉണ്ട്.
ഗ്രാമ , നഗര വ്യത്യാസമില്ലാതെ ഓരോ വാർഡിലേയും സാമൂഹ്യ- സാംസ്ക്കാരിക പ്രവർത്തകർ, രാഷ്‌ട്രീപാർട്ടി പ്രതിനിധികൾ, ആശ വർക്കർമാർ, പോലീസ് , റിട്ട. ജീവനക്കർ എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു നിരീക്ഷണ സമിതികൾ രൂപീകരിക്കപ്പെട്ടത് . വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷിക്കുന്നതിനും ഈ കാലഘട്ടത്തിൽ അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകുന്നതിനും ബോധവല്‍ക്കരണ പ്രവർത്തനത്തിനുമായാണ് സമിതികൾ രൂപീകരിക്കപ്പെട്ടത് .
എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തതോടെ നിരീക്ഷണ സമിതികളുടെ ഉത്തരവാധിത്വവും കൂടിയെങ്കിലും പല സ്ഥലങ്ങളിലും യോഗംപോലും ചേരാഞ്ഞ അവസ്ഥ ഉണ്ടായി. ഇത് ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ താളം തെറ്റുന്നതിനിടയാക്കി എന്നാണ് നിഗമനം .
പ്രദേശിക ഭരണകൂടങ്ങളിലും ആരോഗ്യ പ്രവർത്തകർക്കും പ്രവാസികളുടേയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്ത് വരുന്നവരുടെയും വിവരം മാത്രമെ ഉള്ളു. ചരക്ക് വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനങ്ങൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രയ്‌ക്ക് ഇളവ് അനുവദിച്ചതോടെ ഹോട്ട് സ്‌പോർട്ട് നിന്നുപോലും നാട്ടിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. ചരക്ക് ലോറികളിലും മറ്റും ആരുമറിയാതെ വീടുകളിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ഇത്തരക്കാർ വന്ന് ആഴ്‌ച്ചകൾ കഴിഞ്ഞാലും വാർഡ് തല നിരീക്ഷണ സമിതികൾ അറിയുന്നേ ഇല്ല . മലയോര മേഖലകളിൽ ഇത്തരത്തിൽ നിരവധി പേരാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.
നിരീക്ഷണ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ചു കൊണ്ട് ഇവർ പുറത്തിറങ്ങി നടക്കുന്നു. നിരവധി പേരുമായി സമ്പർക്കം പുലർത്തുന്നു. ഇത്തരം പ്രശ്ങ്ങൾ പതിവായാതോടെ സമീപത്തെ വീട്ടുകാരും മറ്റും നിരീക്ഷണ സമിതികളെ അറിയിക്കുമ്പോഴാണ് അവർ അറിയുന്നത് തന്നെ. അപ്പോഴേക്കും കോവിഡ് രോഗികളാണെങ്കിൽ അവർ നിരവധി പേർക്ക് രോഗം വിതരണം ചെയ്തു കഴിഞ്ഞിരിക്കും. നിരീക്ഷണ സമിതികളുടെ പ്രവർത്തനം ശക്തവും ഫലപ്രദവുമായില്ലെങ്കിൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം ഏറുകതന്നെ ചെയ്യും.
പല സ്ഥലങ്ങളിലും ഈ കോവിഡ് കാലത്ത് എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഭരണപക്ഷം രാഷ്‌ട്രീയം കലർത്തി വേർതിരിക്കുന്ന അവസ്ഥയുമുണ്ട്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ഒന്നിപ്പിച്ച് മുന്നോട്ട് പോകാത്ത പക്ഷം വൻ വിപത്ത് ഏറ്റുവാങ്ങേേേണ്ടി വരുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. മുഖം നോക്കാതെ ജാഗ്രവത്തായ ഒരു പരിശ്രമം ഉണ്ടെങ്കിലേ ഇത് സാധ്യമാകൂ. ഓരോ പ്രദേശത്തും എത്തുന്നവരുടെ വിവരങ്ങൾ അതാതു സമയത്തു തന്നെ കൈമാറുന്നതിനും ഇതിനായുള്ള ബോധവൽക്കരണം നടത്തിയും ആഴ്ചയിൽ ഒരിക്കലെങ്കിലും വാർഡ്‌തല വികസന സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്ന അഭിപ്രായം ശക്തമാവുകയാണ്. ആരോഗ്യ പ്രവർത്തകരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: