ചിതറ: പിണറായി സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ സ്മാരകമാവുകയാണ് ചിതറ പോലീസ് സ്റ്റേഷന്‍. കടയ്‌ക്കല്‍ സര്‍ക്കിളിന്റെ കീഴിലുള്ള കടയ്‌ക്കല്‍ പോലീസ് സ്റ്റേഷന്‍ വിഭജിച്ചാണ് ചിതറ പഞ്ചായത്തിന്റെ കീഴില്‍ വളവുപച്ചയില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വളവുപച്ച പോലീസ് സ്റ്റേഷന്‍ അനുവദിച്ചതു മുതല്‍ തന്നെ വിവാദങ്ങള്‍ തുടങ്ങിയിരുന്നു. നിലവിലെ ചിതറ പഞ്ചായത്ത് രണ്ടാക്കി മടത്തറ പഞ്ചായത്ത് രൂപീകരിക്കണമെന്നും അതിന്റെ കീഴില്‍ പുതിയ പോലീസ് സ്റ്റേഷന്‍ വരുമെന്നുമൊക്കെയായിരുന്നു തീരുമാനങ്ങള്‍. തുടര്‍ന്ന് ചിതറ പഞ്ചായത്ത് നിലനില്ക്കുന്ന കിഴക്കുംഭാഗത്തെ കെട്ടിടത്തിന് മുകളില്‍ സ്റ്റേഷനുള്ള സൗകര്യം ഒരുക്കാനായിരുന്നു ശ്രമം. എന്നാല്‍ എതിര്‍പ്പുകള്‍ മൂലം അതു സാധിച്ചില്ല.
ചിതറ പഞ്ചായത്തിന്റെ കീഴിലുള്ള വളവുപച്ച മാര്‍ക്കറ്റിനകത്തെ കെട്ടിടം സ്റ്റേഷനുവേണ്ടി എടുക്കാന്‍ തീരുമാനിക്കുകയും നാട്ടുകാരുടെ സഹായത്താല്‍ വളവുപച്ച പോലീസ് സ്റ്റേഷന്‍ നിര്‍മാണ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ആ കമ്മറ്റിയുടെയും പഞ്ചായത്തിന്റെയും നേത്യത്വത്തില്‍ പണം സ്വരൂപിച്ച് കെട്ടിടം പൂര്‍ത്തിയാക്കുകയും അന്ന് ഭരണത്തില്‍ ഉണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരിലെ ആഭ്യന്തരമന്ത്രി ചിതറ പോലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഉദ്ഘാടനം കഴിഞ്ഞെങ്കിലും സ്റ്റേഷന്റെ പ്രവര്‍ത്തനം ഇതുവരെ ഈ കെട്ടിടത്തില്‍ ആരംഭിച്ചില്ല.
വളവുപച്ച പോലീസ് സ്റ്റേഷന്‍ എന്ന് പറഞ്ഞ് അന്ന് ആ കെട്ടിടം നാട്ടുകാരുടെ സഹായത്തോടെ പൂര്‍ത്തിയാക്കി. പിന്നീട് അതിന് ചിതറ പോലീസ് സ്റ്റേഷന്‍ എന്ന് പേര് നല്കിയെന്ന ആക്ഷേപം വിവാദമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഇതിനെക്കുറിച്ച് അധികാരികള്‍ ഒന്നും മിണ്ടിയിട്ടില്ല.
ഇന്ന് ഈ കെട്ടിടം കാടുകയറി നായ്‌ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി. നിലവില്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകളെല്ലാം തകര്‍ത്ത് സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറിയിരിക്കുകയാണ്.
ചിതറ പോലീസ് സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നും ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ക്രമസമാധാന തകര്‍ച്ച പരിഹരിക്കാനിത് അത്യാവശ്യമാണെന്നും ബിജെപി ചടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് പുത്തയം ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: