പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ഏഴു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒരുമാസത്തിനിടെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 111 ആയി. ഒരാൾ രോഗമുക്തിയും നേടി. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ മൂന്നു പേർ വിദേശത്തുനിന്നും രണ്ടു പേർ വീതം മഹാരാഷ്ട്ര, ദൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയവരുമാണ്.
കഴിഞ്ഞ നാലിന് ദൽഹിയിൽ നിന്നെത്തിയ നാലുവയസുകാരനും കോവിഡ് പോസിറ്റീവായിട്ടുണ്ട്. കുട്ടിയക്കൊപ്പം എത്തിയ മുത്തശി നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. മെഴുവേലി സ്വദേശിയായ ഇവർ കഴിഞ്ഞ നാലിനാണ് ദൽഹിയിൽ നിന്നെത്തിയത്. ക്വാറന്റൈനീൽ 14 ദിവസം പൂർത്തീകരിച്ച തിരുവല്ല സ്വദേശിനിയായ 65 കാരിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 21നാണ് ഇവർ നാട്ടിലെത്തിയത്.
14 ദിവസവും ക്വാറന്റൈനീലിലായിരുന്നു. രോഗവ്യാപനത്തിന്റെ തോത് അറിയാൻ നടത്തിയ ടെസ്റ്റിലൂടെയാണ് ഇവർ പോസിറ്റീവാണെന്നു കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചിന് മഹാരാഷ്ട്രയിൽ നിന്നുമെത്തിയ മെഴുവേലി സ്വദേശിയായ 54 കാരൻ, 28ന് അബുദാബിയിൽ നിന്നും വന്ന ആനിക്കാട് സ്വദേശിനി ഗർഭിണിയായ 28 കാരി, രണ്ടിന് കുവൈറ്റിൽ നിന്നുമെത്തിയ നിരണം സ്വദേശിനിയായ 32കാരി, മൂന്നിന് മഹാരാഷ്ട്രയിൽ നിന്നുമെത്തിയ മല്ലപ്പുഴശേരി സ്വദേശിയായ 32 കാരൻ, രണ്ടിന് ഡൽഹിയിൽ നിന്നും വന്ന റാന്നി- പഴവങ്ങാടി സ്വദേശിയായ 65 കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.
ഒരാൾ കൂടി രോഗമുക്തി നേടിയതോടെ ഈ ഗണത്തിൽപെട്ടവരുടെ എണ്ണം 38 ആയി. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനിയാണരോഗമുക്തി നേടിയത്. നിലവിൽ ജില്ലയിൽ 89 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 85 പേരും ജില്ലയിൽ ചികിത്സയിലുണ്ട്. റാന്നി മേനാംതോട്ടം കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രത്തിൽ 43 പേരാണ് ചികിത്സയിലുള്ളത്.
41 പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഒരാൾ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലുമാണ്. തിരുവനന്തപുരം, മഞ്ചേരി മെഡിക്കൽ കോളജുകളിലായി ജില്ലയിൽ നിന്നുള്ള ഓരോരുത്തർ വീതവും കോട്ടയം മെഡിക്കൽ കോളജിൽ രണ്ടുപേരും ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: