കോട്ടയം: ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായിരുന്ന രാ. വേണുഗോപാലിന്റെ വേര്‍പാട് തൊഴിലാളി സമൂഹത്തിന് തീരാനഷ്ടമെന്ന് ബിഎംഎസ് സംസ്ഥാന സമിതി. തൊഴിലാളികള്‍ ഏറെ സ്നേഹിച്ച നേതാവായിരുന്നു അദ്ദേഹം. ബിഎംഎസ് അഖിലേന്ത്യ സെക്രട്ടറി, സംഘടന സെക്രട്ടറി, വര്‍ക്കിങ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം നല്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വരും തലമുറയ്ക്ക് വെളിച്ചം പകരുമെന്ന് യോഗം അഭിപ്രായപ്പെട്ടു. രാ. വേണുഗോപാലിന്റെ നിര്യാണത്തില്‍ എറണാകുളത്തെ സംസ്ഥാന ഓഫീസില്‍ ചേര്‍ന്ന യോഗം അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
കോവിലകത്തിന്റെ അകത്തളത്തില്‍ നിന്നും ഇറങ്ങി സാധാരണക്കാരന്റെ ഉമ്മറത്തും തൊഴിലാളി ഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു രാ. വേണുഗോപാല്‍.
പ്രചാരക വൃത്തി തെരഞ്ഞെടുക്കുക വഴി സഹനത്തിന്റെ വഴിയാണ് സ്വീകരിച്ചത്. സുഗന്ധപൂര്‍ണ്ണമായ തിലകക്കുറിയായി മറ്റുള്ളവരില്‍ പരിലസിക്കുന്ന ചന്ദനമാകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. മാതൃഭൂമിയുടെ മഹത്വകാംക്ഷയേക്കാള് വലുതായതൊന്നും സ്വന്തം ജീവിതത്തില്‍ കണ്ടില്ല. തന്റെ ജീവന്റെ അവസാന തുടിപ്പു വരെയും 74 വര്‍ഷക്കാലവും പ്രചാരകവൃത്തിയില്‍ തുടര്‍ന്നു. തന്റെ നേട്ടങ്ങളൊന്നും എങ്ങും കോറിയിടാന്‍ മിനക്കെടാതെ, പരാതിയോ പരിഭവമോ ഇല്ലാതെയാണ് അദ്ദേഹത്തിന്റെ മടക്കം.
ബിഎംഎസിന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയ ദത്തോപാന്ത് ഠേംഗ്ഡിയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു രാ. വേണുഗോപാല്‍. 1967ല്‍ സംസ്ഥാനത്ത് ബിഎംഎസിന് തുടക്കം കുറിക്കുകയും 1969ലെ ആദ്യ സംസ്ഥാന കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തുകൊണ്ട് 1986 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. ഇക്കാലത്താണ് വ്യവസായ തലസ്ഥാനമായ എറണാകുളത്ത് പ്രത്യേകിച്ച് ഏലൂര്‍ മേഖലയില്‍ ബിഎംഎസിന്റെ പ്രവര്‍ത്തനം ശക്തമാകുന്നത്. കേരളത്തില്‍ വ്യവസായ മേഖലയിലും അസംഘടിത മേഖലയിലും ബിഎംഎസിനെ പടുത്തുയുര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക്വഹിച്ചു.
പ്രതിരോധ മേഖലയില്‍ ഒരു ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കാനിടയാക്കിയ സമരനായകനും മറ്റാരുമായിരുന്നില്ലെന്ന് യോഗം വിലയിരുത്തി. 1979ല്‍ എന്‍പിഒഎലില്‍ 11 ദിവസം നടത്തിയ സമരവും സന്ധിയില്ലാത്ത പോരാട്ടവും ട്രേഡ് യൂണിയന് ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. ബിഎച്ച്ഇഎല്‍ അടക്കമുള്ള പല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ സംഘടനാ നേതൃത്വം വഹിച്ചതിലൂടെ തൊഴിലാളികള്‍ക്ക് മികച്ച ആനുകൂല്യം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
1993 ഡിസംബര്‍ 15ന് ജനീവയില്‍ അവസാനിച്ച ഗാട്ട് ഉടമ്പടിയില്‍ നിശിത വിമര്‍ശനം നടത്തിയ ഇന്ത്യയുടെ പ്രതിനിധി സംഘത്തിലെ ഏക വ്യക്തി രാ. വേണുഗോപലായിരുന്നു. ബാലവേല നിരോധനം കര്‍ക്കശമാക്കുന്നതില്‍ ഐഎല്‍ഒയിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നുവെന്നും യോഗം സ്മരിച്ചു.
യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.കെ.വിജയകുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് അനുശോചന പ്രമേയം വായിച്ചു. 17ന് എല്ലാ ബിഎംഎസ് യൂണിറ്റുകളിലും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: