തിരുവനന്തപുരം: കേരളത്തിലെ കൊറോണ വ്യാപനം വഷളാക്കിയത് ക്വാറന്റൈനില്‍ വെള്ളം ചേര്‍ത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി. പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസം ക്വാറന്റൈന് എന്നതായിരുന്നു ആദ്യ വ്യവസ്ഥ. ഇതിന് രണ്ടു ലക്ഷത്തിലേറെ മുറികള്‍ സജ്ജമാക്കിയതായും ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയതായും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുകയും പ്രവാസികളെ ക്ഷണിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ എങ്ങനെയും സ്വന്തം നാടും വീടും അണയാനുള്ള ശ്രമം കേരളത്തിനു പുറത്തുള്ളവര്‍ തുടങ്ങിയതോടെ, വീമ്പിളക്കിയ സര്‍ക്കാര്‍ പിന്നാക്കം പോയി.
ഏതാനും വിമാനങ്ങളിലും ട്രെയിനുകളിലും എത്തിയവര്‍ക്കു പോലും ക്വാറന്റൈന് ഒരുക്കാന്‍ സര്‍ക്കാരിന് കഴിയാതെ വന്നു. പലരേയും പരിശോധന പോലുമില്ലാതെ വീടുകളിലേക്ക് മടക്കി. കൂടുതല്‍ വിമാനങ്ങള്‍ അയക്കരുതെന്ന് വ്യോമയാനമന്ത്രാലയത്തോടും കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിക്കരുതെന്ന് റെയില്‍വേയോടും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങി.
ഈ സമയത്ത് 14 ദിവസം ക്വാറന്റൈന് എന്നത് ഏഴാക്കിക്കുറച്ചു. ബാക്കി ദിവസം വീട്ടില്‍ ക്വാറന്റൈന് ചെയ്താല്‍ മതിയെന്നായി. എന്നിട്ടുപോലും സര്‍ക്കാര്‍ സൗകര്യം മതിയായില്ല. ചെലവ് താങ്ങാന്‍ സര്‍ക്കാരിന് പ്രയാസമാവുകയും ചെയ്തു.
ഇതോടെയാണ് സര്‍ക്കാര്‍ പൊടുന്നനെ നിലപാട് മാറ്റിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും പ്രവാസികളും വീടുകളില്‍ ക്വാറന്റൈന് ചെയ്താല്‍ മതിയെന്നായി. തീരെ സൗകര്യം ഇല്ലാത്തവര്‍ക്കു മാത്രമായി സര്‍ക്കാര്‍ ക്വാറന്റൈന് പരിമിതപ്പെടുത്തി. ഇങ്ങനെ കാര്യമായ പരിശോധനകള്‍ ഒന്നുമില്ലാതെ ഇവരെ വീടുകളിലേക്ക് അയക്കുകയും അവരില്‍ പലരും ക്വാറന്റൈന് ചട്ടങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് കേരളത്തിലെ അവസ്ഥ മാറിമറിഞ്ഞത്, രോഗികളുടെ എണ്ണം കുത്തനെ കൂടിയത്. ഒരു ദിവസം രോഗം ബാധിക്കുന്നവരുടെ എണ്ണം നൂറുകവിഞ്ഞത്. മഹാരാഷ്ട്രയിലും ദല്‍ഹിയിലും തമിഴ്നാട്ടിലും രാജസ്ഥാനിലും മരണം നിത്യേന കൂടിയപ്പോള്‍ കേരളത്തില്‍ മരണം നാലു മാത്രമായിരുന്നു. പക്ഷെ ക്വാറന്റൈനില്‍ ഇളവുകള്‍ നല്‍കിയതോടെ, കൂടുതല്‍ പേരെ വീടുകളിലേക്ക് പറഞ്ഞുവിട്ടതോടെ മരണം കുത്തനെ ഉയര്‍ന്നു തുടങ്ങി. ഇപ്പോള്‍ കേരളത്തില്‍ രോഗം ബാധിച്ചു മരിച്ചവര്‍ കേന്ദ്രകണക്കു പ്രകാരം ഇരുപതും കേരളത്തിന്റെ കണക്കു പ്രകാരം 19 ഉം ആണ്. രോഗ ബാധിതര്‍ 2500ന് അടുത്തെത്തി.
മാത്രമല്ല മരിച്ചവരില്‍ ചിലര്‍ക്ക് രോഗം എവിടെ നിന്നു വന്നുവെന്നുപോലും വ്യക്തമല്ല. പലയിടത്തും സമ്പര്‍ക്കംവഴി നിരവധി പേര്‍ക്ക് രോഗം പിടിക്കുകയും ചെയ്തു. ഇപ്പോള്‍ തൃശൂരില്‍ സ്ഥിതി അതീവ ഗുരുതരമായിക്കഴിഞ്ഞു.
വരും ദിവസങ്ങളില്‍, രോഗം ഭയാനകമായി വ്യാപിച്ച അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ പ്രവാസികള്‍ കേരളത്തിലേക്ക് വരികയാണ്. സ്വന്തം വീടിന്റെ സുരക്ഷയും ഊഷ്മളതയും തേടി വരുന്ന അവരെ നാട്ടില്‍ എത്തിച്ചേ മതിയാകൂ. നാടിനോടും വീട്ടുകാരോടും സ്നേഹവും പ്രതിബദ്ധതയും ഉള്ള അവര്‍ക്ക് ക്വാറന്റൈന് ഒരു പ്രശ്നവുമല്ല. പക്ഷെ അവര്‍ക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കിക്കൊടുക്കേണ്ട സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ ഇവരെ ക്വാറെൈന്റന്‍ ചെയ്തില്ലെങ്കില്‍ സ്ഥിതി കൈവിട്ടുപോകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പുറത്തു നിന്നു വന്നവര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നു: മന്ത്രി
തൃശൂര്‍: കേരളത്തിന്റെ പുറത്തു നിന്ന് വരുന്നവര്‍ ഉത്തരവാദിത്തമില്ലതെ പെരുമാറുന്നതാണ് തൃശൂരില്‍ രോഗം വ്യാപിക്കാന്‍ കാരണമെന്ന് മന്ത്രി എ. സി മൊയ്തീന്. ജില്ലയില്‍ രോഗം നിയന്ത്രണാതീതമല്ല. മന്ത്രി പറയുന്നു. വീടുകളിലെ ക്വാറന്റൈന് രോഗ വ്യാപനത്തിന് വഴിയൊരുക്കുന്നുവെന്നാണ് മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: