പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ ഏഴു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒരുമാസത്തിനിടെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 111 ആയി. ഇന്നലെ ഒരാള്‍ രോഗമുക്തിയും നേടി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ മൂന്നു പേര് വിദേശത്തുനിന്നും രണ്ടു പേര് വീതം മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയവരുമാണ്. കഴിഞ്ഞ നാലിന് ഡല്‍ഹിയില്‍ നിന്നെത്തിയ നാലുവയസുകാരനും കോവിഡ് പോസിറ്റീവായിട്ടുണ്ട്. കുട്ടിയക്കൊപ്പം എത്തിയ മുത്തശി നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. മെഴുവേലി സ്വദേശിയായ ഇവര്‍ കഴിഞ്ഞ നാലിനാണ് ഡല്‍ഹിയില്‍ നിന്നെത്തിയത്.
ക്വാറന്റൈനീല്‍ 14 ദിവസം പൂര്‍ത്തീകരിച്ച തിരുവല്ല സ്വദേശിനിയായ 65 കാരിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 21നാണ് ഇവര്‍ നാട്ടിലെത്തിയത്. 14 ദിവസവും ക്വാറന്റൈനീലിലായിരുന്നു. രോഗവ്യാപനത്തിന്റെ തോത് അറിയാന്‍ നടത്തിയ ടെസ്റ്റിലൂടെയാണ് ഇവര്‍ പോസിറ്റീവാണെന്നു കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ മെഴുവേലി സ്വദേശിയായ 54 കാരന്, 28ന് അബുദാബിയില്‍ നിന്നും വന്ന ആനിക്കാട് സ്വദേശിനി ഗര്‍ഭിണിയായ 28 കാരി, രണ്ടിന് കുവൈറ്റില്‍ നിന്നുമെത്തിയ നിരണം സ്വദേശിനിയായ 32കാരി, മൂന്നിന് മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ മല്ലപ്പുഴശേരി സ്വദേശിയായ 32 കാരന്, രണ്ടിന് ദല്‍ഹിയില്‍ നിന്നും വന്ന റാന്നി-പഴവങ്ങാടി സ്വദേശിയായ 65 കാരന് എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇന്നലെ ഒരാള്‍ കൂടി രോഗമുക്തി നേടിയതോടെ ഈ ഗണത്തില്‍പെട്ടവരുടെ എണ്ണം 38 ആയി. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനിയാണ രോഗമുക്തി നേടിയത്. നിലവില്‍ ജില്ലയില്‍ 89 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 85 പേരും ജില്ലയില്‍ ചികിത്സയിലുണ്ട്.
റാന്നി മേനാംതോട്ടം കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രത്തില്‍ 43 പേരാണ് ചികിത്സയിലുള്ളത്. 41 പേര് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലുമാണ്. തിരുവനന്തപുരം, മഞ്ചേരി മെഡിക്കല്‍ കോളജുകളിലായി ജില്ലയില്‍ നിന്നുള്ള ഓരോരുത്തര് വീതവും കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടുപേരും ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: