തൃശൂര്‍: കൊറോണ രോഗികളുടെ എണ്ണം പ്രതിദിനം കൂടുന്നതോടെ തൃശൂരില്‍ സ്ഥിതി അതിസങ്കീര്‍ണമായി. രോഗവ്യാപന ഭീതിയെ തുടര്‍ന്ന് ജില്ലയുടെ നാലിലൊരു ഭാഗം അടച്ചിട്ട നിലയില്‍. തൃശൂര്‍ കോര്‍പ്പറേഷനിലെ 12 ഡിവിഷനുകളും ഇരിങ്ങാലക്കുട നഗരസഭയിലെ 19 ഡിവിഷനുകളും ചാവക്കാട് നഗരസഭയിലെ 20 ഡിവിഷനുകളും അടച്ചിട്ടു. ഇതിനു പുറമേ ചേര്‍പ്പ്, തൃക്കൂര്, അടാട്ട്, അവണൂര്‍, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂര്‍, വടക്കേക്കാട് എന്നീ പഞ്ചായത്തുകളും അടച്ചിട്ടിരിക്കുകയാണ്. ഈ മേഖലകളിലേക്കുള്ള പ്രവേശം വിലക്കി.
അവശ്യ സര്‍വീസുകള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല. ഡോക്ടര്‍മാരും നഴ്സും ഉള്‍പ്പെടെയുള്ള ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന ആവശ്യം ശക്തമായി. ഇപ്പോള്‍ ചികിത്സയിലുള്ളവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള പലരുടെയും രോഗ ഉറവിടം അറിയില്ല. നിരവധി പേര് നിരീക്ഷണത്തിലാണ്. ശുചീകരണ തൊഴിലാളികള്‍, വെയര്‍ഹൗസിലെ ചുമട്ടു തൊഴിലാളികള്‍ ബന്ധപ്പെട്ടവരെയെല്ലാം ക്വാറന്റൈനിലാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര് എത്താനിരിക്കേ അതിവേഗത്തില്‍ രോഗവ്യാപനം ഉണ്ടാകുമെന്ന ഭീതിയിലാണ് ജില്ല.
ചുമട്ടു തൊഴിലാളികളായ നാലു പേര്‍ക്ക് രോഗം ബാധിച്ച കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസ് ഗോഡൗണ്‍ അടച്ചിട്ടു. 300ലേറെ പേരാണ് ഇവിടെ നിന്നു മാത്രം നിരീക്ഷണത്തില്‍ പോയത്. വെയര്‍ഹൗസ് അതീവ ജാഗ്രതയിലാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് കേന്ദ്രത്തില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന നാല് ശുചീകരണ തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോര്പ്പറേഷന് ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തി. കോര്‍പ്പറേഷന്റെ പ്രധാന ഓഫീസിനു പുറമേ സോണല്‍ ഓഫീസുകളിലേക്കുമുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും. കോര്പ്പറേഷന് ഓഫീസിലേക്ക് അടിയന്തര ജോലികള്‍ ചെയ്യേണ്ട ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. ശരീരോഷ്മാവ് പരിശോധിച്ച് പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് അകത്തേക്ക് കടത്തുന്നത്. കോര്പ്പറേഷന് കോമ്പൗണ്ടിലേക്ക് കൗണ്‍സിലര്‍മാരുടെയും ഓഫീസ് ജീവനക്കാരുടെയും വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. മുന്‍വശത്തുള്ള പ്രധാന ഗേറ്റുകളില്‍ കൂടി പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. അഴീക്കോടന്‍ രാഘവന് റോഡില്‍ നിന്നുള്ള ഗേറ്റിലൂടെ മാത്രമേ ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകൂ.
ജില്ലയിലെ കൊറോണ വ്യാപനം കണക്കിലെടുത്ത് വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയിലും കൊക്കാലയിലുമുള്ള ആശുപത്രികളില്‍ ചികിത്സയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ചികിത്സ വേണ്ട മൃഗങ്ങളെ മാത്രമേ പ്രവൃത്തി സമയങ്ങളില്‍ പരിശോധിക്കൂ.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ അടിയന്തര സാഹചര്യത്തിലല്ലാതെ അടുത്ത കുറച്ച് ദിവസങ്ങളില്‍ ഒരു രോഗിയെയും ചികിത്സിക്കില്ല. മറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ടി.എന്‍ പ്രതാപന് എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: