ആലപ്പുഴ: സംസ്ഥാനത്തെ സ്കൂള്‍ കെട്ടിടങ്ങളുടെ ഓടിട്ട മേല്‍ക്കൂരകള്‍ മാറ്റി അലുമിനിയം ഷീറ്റിടുന്ന സമ്പ്രദായത്തിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ക്ലാസ് മുറികയില് ഫാനുകള്‍ സ്ഥാപിക്കണമെന്ന പരാതിയിലും കമ്മിഷന് വിശദീകരണം തേടി.
മാവേലിക്കര പുതിയകാവ് എല്‍പി സ്കൂളിന്റെയും കണ്ടിയൂര്‍ എല്‍.പി. സ്കൂളിന്റെയും ഓട് മേഞ്ഞ മേല്‍ക്കൂര മാറ്റി ഷീറ്റിട്ട പശ്ചാത്തലത്തിലാണ് വിശദീകരണം തേടിയത്. മാവേലിക്കര നഗരസഭാ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ തുടങ്ങിയവരും ആലപ്പുഴ ജില്ലാകലക്ടറും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലും പരാതി പരിശോധിച്ച് നാലാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്നു കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
സ്കൂളിലെത്തുന്ന കുട്ടികള്‍ ഷീറ്റിന് കീഴിലിരുന്നു വിയര്‍ക്കുന്നതും അസ്വസ്ഥരാവുന്നതും പതിവാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ജി. സാമുവേല്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
പുതിയകാവ്, കണ്ടിയൂര്‍ എല്‍പി സ്കൂളുകളുടെ അലുമിനിയം ഷീറ്റ് മാറ്റി ഓട് മേല്ക്കൂരയാക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടു. യാതൊരു തകരാറുമില്ലാത്ത ഓടു മാറ്റിയതിന് പിന്നിലെ അഴിമതിയെയും ക്രമക്കേടും അന്വേഷിക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: