‘കല്ല് ഈശ്വരനാണ്. പക്ഷേ ഈശ്വരന്‍ കല്ലല്ല.’ സ്വാമി വിവേകാനന്ദന്റേതാണ് ഈ നറുമൊഴി. ശ്രേയസ്സിലേക്കും അഭിവൃദ്ധിയിലേക്കും ഒരുവനെ ഉയര്‍ത്തുന്നത് വിശ്വാസമാണ്. ഏതു വിശ്വാസത്തിന്റെയും ഒന്നാംപടി ആത്മവിശ്വാസമാണ്. ആത്മവിശ്വാസമില്ലാത്ത ഒരുവന് അപരനെയെന്നല്ല, ദൈവത്തെപ്പോലും വിശ്വസിക്കാനാവില്ല. വിശ്വാസം വിശിഷ്യാ, ഇൗശ്വരവിശ്വാസം രൂഢിയാവണമെങ്കില്‍ അതിന് നാലുഘട്ടങ്ങളുണ്ട്.
‘നിര്‍മാണം’. ഇതാണ് ഒന്നാം ഘട്ടം. അതായത് വിശ്വാസത്തിന്റെ പ്രാദുര്‍ഭാവം. വിശ്വാസത്തിന്റെ നിര്‍മിതിയില്‍ അഭിഭാവങ്ങള്‍ക്കും വാസനകള്‍ക്കും ശക്തമായ പങ്കുണ്ട്. രണ്ടാംഘട്ടം ‘ധാരണ’. നിര്‍മിച്ചെടുക്കുന്ന വിശ്വാസത്തെ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ സ്വയം വിമര്‍ശന വിധേയമാക്കണം. എങ്കിലേ വിശ്വാസം അചഞ്ചലമാകൂ. സത്യനിഷ്ഠ, കര്‍ത്തവ്യപരിപാലനം, സദാചാരചിന്ത, ദുരാചാര നിവൃത്തി, തുടങ്ങിയവയുടെ ഉരകല്ലില്‍ വിശ്വാസത്തിന്റെ മാറ്റ് പരിശോധിക്കുക.
നിര്‍മാണവും ധാരണയും കഴിഞ്ഞാല്‍ മൂന്നാംഘട്ടമായ ‘പരിപാലനം’. വിശ്വാസത്തിന്റെ അനുസ്യൂതിക്ക് പാലനം കൂടിയേ തീരൂ. ആചാരാനുഷ്ഠാനങ്ങള്‍ ഇതിന് ഉപകരിക്കും. പാലനം കഴിഞ്ഞാല്‍ അവസാനഘട്ടമായ ‘പോഷണം’.
പോഷിപ്പിക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. സദ്‌സംഗം, സദ്ഗ്രന്ഥപാരായണം എന്നിവ പ്രയോജനപ്പെടും.
ഇൗശ്വര ചൈതന്യമല്ലാതെ മറ്റൊന്നും ഈ പ്രപഞ്ചത്തിലില്ലെന്ന ഉറച്ചവിശ്വാസത്തിലൊരുവനെത്തിയാല്‍ വൈചിത്ര്യങ്ങളുടെ നാനാത്വത്തില്‍ ഏകത്വബോധമുണ്ടാകും. അനന്തകോടി വസ്തുക്കളെക്കൊണ്ട് നിറയപ്പെട്ടതാണ് ഈ ജഗത്തെങ്കിലും ദൈവവിശ്വാസമുള്ള ഒരാളുടെ ദൃഷ്ടിയില്‍ ഈശ്വര ചൈതന്യമൊഴിച്ച് മറ്റൊന്നും തന്നെയില്ലെന്ന് അനുഭവപ്പെടും. അങ്ങനെയുള്ള ഒരു അനുഗൃഹീത നിമിഷത്തിലാവണം കല്ല് ഈശ്വരനാണ്, ഈശ്വരന്‍ കല്ലല്ല എന്ന് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞത്.
വിശ്വാസം വിചാരത്തിന്റെ സൃഷ്ടിയാവണം. ഏറെക്കാലം മനസ്സിനെ നിയന്ത്രിച്ച് ഏകാഗ്രതയോടെ മനനം ചെയ്യുന്നതിനെയാണ് വിചാരമെന്ന് തത്വജ്ഞാനികള്‍ വിളിച്ചത്. ജീവിതചര്യകളെ ക്രമപ്പെടുത്തുന്നവന് ഉണ്ടാകേണ്ട വിചാരം ശ്രീശങ്കരന്‍ പറയുന്നുണ്ട്. താന്‍ ആരാകുന്നു? ഇതെല്ലാം എങ്ങനെ സൃഷടിക്കപ്പെട്ടു? ആരാണ് സ്രഷ്ടാവ്? ഏതൊരു വസ്തുവില്‍ നിന്നാണ് ഇതെല്ലാം ഉണ്ടായത്? ഇതത്രേ സമുചിതമായ ചിന്ത, അഥവാ വിചാരം.
അവതാരത്തിന് പതിനാറുതരം കലാവിശേഷങ്ങളുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കാഴ്ച, കേള്‍വി, മണം, സ്വാദ്, സ്പര്‍ശം എന്നീ അഞ്ചുകലകള്‍. മനസ്സ്, ഹൃദയം, ബുദ്ധി, അന്തര്‍ദര്‍ശിത്വം എന്ന നാലെണ്ണം മനുഷ്യര്‍ക്കു മാത്രം. ഏഴെണ്ണം അവതാരത്തിനു മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ ഏഴും നാലും അഞ്ചും ചേര്‍ന്ന് പതിനാറു കലകള്‍ അവതാരത്തിന്. ആ ഏഴെണ്ണം ഇങ്ങനെ:
1. ദിവ്യകാരുണ്യം: പ്രവൃത്തികള്‍ക്ക് സദ്ഫലമുണ്ടാവലാണ് അവതാരകലയായ ദിവ്യകാരുണ്യം.
2. അനുഗ്രഹശക്തി: ലഭിക്കുന്ന ആള്‍, യോഗ്യനോ, അയോഗ്യനോ ആവട്ടെ, അനുഗ്രഹം നല്‍കാനുള്ള കഴിവ്.
3. മാര്‍ഗസൃഷ്ടി: പുതിയ പുതിയ വഴികള്‍ വെട്ടിത്തെളിയിക്കലാണിത്.
4. വിവേകിത: വ്യക്തികളുടെ മനസ്സില്‍ വിവേകബോധം ഉളവാക്കാനുള്ള കഴിവ്.
5. ധര്‍മത്രാണനം: നന്മയെ വളര്‍ത്തലാകുന്നു അവതാരത്തിന്റെ ഈ കല.
6. അധര്‍മനാശനം: തിന്മയെ തളര്‍ത്തലാണിത്.
7. ദിവ്യസാന്നിധ്യം: നാമരൂപങ്ങള്‍ മനസ്സിലോര്‍ത്താല്‍ ദേഹ/ ആത്മസാന്നിധ്യം നല്‍കാനുള്ള കഴിവ്.
സുഖം, സമാധാനം, ഇവ ജീവിതയാത്രയില്‍ അനുഭവിക്കുമ്പോള്‍, ഈശ്വരവിശ്വാസമാണ് വേണ്ടത്. ലോകാനുഭവങ്ങളെല്ലാം അസംതൃപ്തി ഹേതുക്കളും ദുഃഖപൂര്‍ണങ്ങളുമാണെന്ന ധാരണ അകലുവാന്‍ ഇതുപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: