തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വീണ്ടും ഭക്തജന പ്രവേശനം വിലക്കിയിരിക്കുകയാണ്. നാളെ മുതല്‍ വിവാഹങ്ങള്‍ക്കും വിലക്കുണ്ട്. ഭക്തരുടെ ക്ഷേത്രപ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തിനേറ്റ രണ്ടാം തിരിച്ചടിയാണിത്. ശബരിമലയിലാണ് ആദ്യ തിരിച്ചടി. അവിടെ ഭക്തര്‍ക്ക് പ്രവേശനവും ഉത്സവാഘോഷങ്ങളും നടത്തരുതെന്ന തന്ത്രിയുടെ ഉറച്ചനിലപാടിന് മുന്നില്‍ സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. ഭക്തര്‍ക്ക് പ്രവേശനമനുവദിച്ച് നാലാം ദിവസം തന്നെ അത് പിന്‍വലിക്കേണ്ടി വന്നത് ഹൈന്ദവസംഘടനകള്‍ നേരത്തെ പറഞ്ഞ സര്‍ക്കാരിന്റെ തെറ്റായ നയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കോവിഡ് വ്യാപനം ഇപ്പോഴും നിയന്ത്രണവിധേയമല്ലാത്ത സ്ഥിതിയില്‍ ഭക്തരുടെ ക്ഷേത്രപ്രവേശനം സംബന്ധിച്ച് ഹൈന്ദവ സംഘടനകളുടെ നിലപാടിനെ അവഗണിച്ചു കൊണ്ട് എടുത്ത തീരുമാനമാണ് ഇപ്പോള്‍ മാറ്റേണ്ടി വന്നിരിക്കുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്നു കൊണ്ടു ചിന്തിക്കുകയും ജനകീയ സംഘടനകളുടെ ശബ്ദം കേള്‍ക്കുകയും ചെയ്തുകൊണ്ട് തീരുമാനങ്ങളെടുത്താല്‍ സര്‍ക്കാരിന് ഇങ്ങനെ തീരുമാനങ്ങള്‍ അടിക്കടി മാറ്റേണ്ടി വരില്ലായിരുന്നു.
ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ക്ഷേത്രവിശ്വാസികളുടെയും ക്ഷേത്രാചാര്യന്മാരുടെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താവണമെന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റ് മതങ്ങളുടെ കാര്യത്തില്‍ നിന്ന് വ്യത്യസ്തമായി ഹൈന്ദവരുടെ ആരാധനാസ്ഥാപനങ്ങളുടെ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടിന് കനത്ത തിരിച്ചടിയാണ് ശബരിമലയുടെയും ഗുരുവായൂരിന്റെയും കാര്യത്തിലുണ്ടായിട്ടുള്ളത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഹൈന്ദവ വിശ്വാസത്തിന്റെയും ക്ഷേത്രത്തിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് നിലപാടെടുക്കേണ്ടത് എന്നതിലേക്കുള്ള ഒരു ചൂണ്ടുപലകയാണിത്.
ക്ഷേത്രകാര്യങ്ങളില്‍ ഹൈന്ദവസംഘടനകള്‍ കൈക്കൊള്ളുന്ന നിലപാടിനെ പുച്ഛിച്ചു തള്ളുകയും അതിന് വിരുദ്ധ നടപടി സ്വീകരിക്കുകയും ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍ ഇക്കാലമത്രയും ചെയ്തത്. കൊറോണ മഹാമാരിയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഭക്തര്‍ ആരാധനയ്ക്കായി ക്ഷേത്രങ്ങളിലെത്തേണ്ടതില്ലെന്ന തിരുമാനത്തില്‍ തത്കാലം ഇളവ് വരുത്തേണ്ടതില്ല എന്നാണ് വിവിധ ഹൈന്ദവ സംഘടനകളും ഹിന്ദു ആചാര്യന്മാരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാതെ അവരെ പരിഹസിക്കുന്ന നിലപാടാണ് ദേവസ്വം മന്ത്രിയുടെയും ദേവസ്വം ഭരണാധികാരികളുടെയും ഭാഗത്തു നിന്നുണ്ടായത്.
ജൂണ്‍ 9 മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ബഹുഭൂരിപക്ഷം ദേവാലയങ്ങളും ആ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. മിക്കവാറും എല്ലാ സ്വകാര്യ ക്ഷേത്രങ്ങളും തത്സ്ഥിതി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മുസഌം പള്ളികളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭൂരിപക്ഷവും തത്കാലം വിശ്വാസികളെ പ്രാര്‍ത്ഥനയ്ക്കായി പ്രവേശിപ്പിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. ആരാധനയ്ക്കായി തുറന്നുകൊടുത്ത വിവിധ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലാകട്ടെ കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന ഭക്തരുടെ എണ്ണം വളരെ പരിമിതവും. സ്വാമി ചിദാനന്ദപുരിയെ പോലുള്ള ആചാര്യന്മാരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് വളരെ കരുതലോടെയാണ് ഭക്തര്‍ ക്ഷേത്രപ്രവേശനം നടത്തിയത്.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഒരു വലിയവിഭാഗം വിവിധ ദേവസ്വം ബോര്‍ഡുകളുടെ കീഴിലാണ്. നിയന്ത്രണമാവട്ടെ ഭരണകക്ഷിയില്‍ പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ കൈയിലും. അവര്‍ക്ക് ക്ഷേത്രാചാരവുമായോ ക്ഷേത്രസംസ്കാരവുമായോ ക്ഷേത്രവിശ്വാസികളുമായോ യാതൊരു ബന്ധവുമില്ല. അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാരായ ദേവസ്വം ഭരണാധികാരികളുടെ തീരുമാനമനുസരിച്ചാണ് ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കായി തുറന്നത്. ക്ഷേത്രവിശ്വാസികളുടെയോ താന്ത്രികാചാര്യന്മാരുടെയോ മതാചാര്യന്മാരുടെയോ അഭിപ്രായം ഇക്കാര്യത്തില്‍ ആരാഞ്ഞിട്ടില്ല. ഹൈന്ദവേതര ആരാധനാലയങ്ങളുടെ ഭരണച്ചുമതല വഹിക്കുന്നവര്‍ അതത് മതങ്ങളുടെ ആചാര്യസ്ഥാനം വഹിക്കുന്നവരും പുരോഹിതരുമാണ്. ക്ഷേത്രങ്ങളുടെ കാര്യം തീരുമാനിക്കുന്നതാകട്ടെ ദേവസ്വം മന്ത്രിയും. ഇതുസംബന്ധിച്ച് വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ക്ഷേത്രാരാധനയുടെ കാര്യത്തില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമെന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന് കേന്ദ്രത്തെ പഴിചാരിയത്.
ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഹിന്ദുസംഘടനാ നേതാക്കളുടെയും ആചാര്യന്മാരുടെയും യോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മറ്റെല്ലാ മതങ്ങളുടെയും പൗരോഹിത്യ നേതൃത്വത്തെ പങ്കെടുപ്പിച്ചെങ്കിലും ഹൈന്ദവവിശ്വാസികളെ പ്രതിനിധീകരിച്ച് ആരും ഉണ്ടായിരുന്നില്ല. ഹിന്ദുവിന്റെ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിച്ചാല്‍ മതി എന്ന നിലപാട് തുടരുകയാണ് സംസ്ഥാന ഭരണകൂടം. അതേസമയം, ഭക്തജനങ്ങള്‍ ഹേതുവായി ക്ഷേത്രങ്ങള്‍ അടയ്ക്കുകയും പൂജ മുടങ്ങുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവരുത് എന്ന ആചാര്യന്മാരുടെ മുന്നറിയിപ്പ് ചെവിക്കൊണ്ടാണ് ക്ഷേത്രവിശ്വാസികള്‍ ക്ഷേത്രപ്രവേശനത്തില് നിന്ന് ഇപ്പോള്‍ മാറിനില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം കേരളത്തിലെ ഭരണാധികാരികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: