‘സോവ്യറ്റ് എന്നൊരു നാടുണ്ടത്രെ. പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം” കേരളത്തിന്റെ തീരദേശത്തും മലയോരത്തും പാടത്തും വരമ്പത്തുമൊക്കെ ഈ ഗണത്തില്‍ കേട്ട വരികളിലൊന്നാണ് മേലുദ്ധരിച്ചത്. കമ്യൂണിസ്റ്റ് റഷ്യയുടെ കേമത്തമാണ് ആ വരികളില്‍ നിറഞ്ഞു നിന്നത്. അവിടത്തെ പോലെ ഇവിടെ എങ്ങും കമ്യൂണിസ്റ്റ് ഭരണം വേണം. അതിനുള്ള പ്രതീക്ഷ തരും വിധമായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകം. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പിന്നത്തെ വലിയ കക്ഷി ഏതെന്ന ചോദ്യത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് ഉത്തരം.
ഒന്നര ഡസനോളം സംസ്ഥാനങ്ങളില്‍ നല്ല സ്വാധീനം. തനിച്ചെന്നപോലെ ഐക്യകേരളത്തില്‍ ആദ്യ മന്ത്രിസഭ. ഇ.കെ.നായനാരുടെ വാക്കുകള്‍ കടമെടുത്താല്‍ ”ലോകത്ത് മാര്‍ക്സിസം വ്യാഖ്യാനിക്കാന്‍ കഴിയുന്ന നാലഞ്ചു നേതാക്കളില്‍ പ്രമുഖനായ ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട്” മുഖ്യമന്ത്രി. സോവ്യറ്റ് യൂണിയനില്‍ പോകാതെ തന്നെ കമ്യൂണിസ്റ്റ് വസന്തകാലം ഇന്ത്യയിലുമെന്ന് ആശ്വസിച്ചു.
സോവ്യറ്റ് യൂണിയനെന്ന സ്വപ്നലോകം ഇന്നില്ല. പലതായി, ചെറുതായി കമ്യൂണിസവും ഇല്ലാതായി. ഇന്ത്യയിലാകട്ടെ കമ്യൂണിസ്റ്റുകാര്‍ ഇടതും വലതുമായി. പലതുമായി. എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് കരുതിയ ഇടത് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഎം)യുടെ പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ഭരണത്തുടര്‍ച്ച ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. പശ്ചിമബംഗാളില്‍ മൂന്നര പതിറ്റാണ്ടുകാലം സിപിഎം നേതൃത്വത്തില്‍ ഇടതുഭരണം. അമ്പമ്പോ എന്തൊരു വമ്പായിരുന്നു. ത്രിപുരയിലും അങ്ങിനെ തന്നെ. ഇരു സംസ്ഥാനങ്ങളിലും ആ പാര്‍ട്ടിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.
പശ്ചിമബംഗാളില്‍ തൃണമൂല്‍ പാര്‍ട്ടി ഭരണം പിടിച്ചപ്പോള്‍ തരക്കേടില്ലാത്ത സ്ഥാനങ്ങള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചു. അത്രപോലും കിട്ടിയില്ല സിപിഎമ്മിന്. കോണ്‍ഗ്രസുമായി അവിഹിത ബാന്ധവത്തിലായിട്ടും കുഞ്ഞിക്കാലുകാണാന്‍ അവസരമുണ്ടായില്ല. ത്രിപുരയിലെ സ്ഥിതിയാണ് ദയനീയം. ഒരംഗം പോലും നിയമസഭയിലില്ലായിരുന്ന ബിജെപി ബഹുഭൂരിപക്ഷം സീറ്റും നേടി അധികാരം പിടിച്ചു. പച്ചപ്രാവിനെ ഔദ്യോഗിക പക്ഷിയായി അംഗീകരിച്ച ത്രിപുരയില്‍ ഇന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം പച്ചപിടിക്കുന്ന കാര്യം സംശയത്തിലാണ്. അത്രയും മികച്ച ഭരണമാണ് യുവാവായ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.
റോഡുകള്‍, പാലങ്ങള്‍, പാഠശാലകള്‍ എന്നു വേണ്ട പരിവര്‍ത്തനത്തിന്റെ പുത്തന്‍ അധ്യായമാണ് അവിടെ തുറന്നിട്ടുള്ളത്. പടിപടിയായി ആ സംസ്ഥാനം വികസനത്തിന്റെയും പുതിയ പാഠം അറിഞ്ഞിരിക്കുകയാണ്. അവിടെ എല്ലാവിഭാഗം ജനങ്ങളും സുരക്ഷിതരാണ്. കോവിഡിന് പോലും ത്രിപുരയില്‍ കടക്കാന്‍ ഭയം പോലെ. ഇതൊക്കെ പറയേണ്ടിവന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ‘നേര്‍വഴി’ എന്ന പംക്തിവായിച്ചതുകൊണ്ടാണ്. ദേശാഭിമാനിയിലെ ആ കോളം നോക്കിയാല്‍ സഖാവ് ഈ ലോകത്തൊന്നുമല്ലെ എന്ന സംശയം സ്വാഭാവികമാണ്. കൊറോണ കാലത്ത് പുലര്‍ത്തേണ്ട രാഷ്ട്രീയ സദാചാരം മറന്ന് സംസ്ഥാന ഭരണത്തെ വിമര്‍ശിക്കാമോ എന്നാണ് സഖാവിന്റെ ചോദ്യം. രാഷ്ട്രീയ മര്യാദ മറന്ന് പ്രത്യേക സാഹചര്യത്തിന്റെ മറവില്‍ കല്യാണം മുതല്‍ കച്ചവടം വരെ പൊടിപൊടിക്കുമ്പോള്‍ കണ്ണുമടച്ചിരിക്കുന്നതാണ് മര്യാദയില്ലായ്മ.
കോടിയേരി സഖാവ് കേരളത്തിലെ മുഖ്യപ്രതിപക്ഷത്തെ ചാരത്ത് നിര്‍ത്തി ബിജെപിയെ പ്രഹരിക്കാനാണ് വരികള്‍ പിശുക്കില്ലാതെ നീക്കിവച്ചത്. അദ്ദേഹം പറയുന്നു.
ദൈവനാമത്തിലും ആനയുടെ പേരിലുമെല്ലാം ആനക്കള്ളങ്ങള്‍ ചമയ്ക്കുന്നു. പന്നിയെ കൊല്ലാന്‍ വച്ചതെന്നു കരുതുന്ന സ്ഫോടകവസ്തു നിറച്ച കൈതച്ചക്ക കഴിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ ആന ചരിഞ്ഞ ഏറെ ദുഃഖകരവും ക്രൂരവുമായ സംഭവമുണ്ടായി. എല്ലാവരെയും നൊമ്പരപ്പെടുത്തുന്ന ഈ വിഷയത്തിന്റെ മറവില്‍ ആനക്കള്ളം ചമച്ച് സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കുകയും മലപ്പുറം വിദ്വേഷവും കേരള വിരുദ്ധതയും പരത്തുകയും ചെയ്തു. അതിന് ബിജെപിയുടെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേദ്കറും മുന്‍കേന്ദ്രമന്ത്രി മനേക ഗാന്ധിയും നേതൃത്വം നല്കി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടാണ് ആന ചരിഞ്ഞത്. എന്നാല്‍, അതിന്റെ പഴിയും മലപ്പുറം ജില്ലയ്ക്കായി. ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച ജില്ലയാണ് മലപ്പുറമെന്നും സ്ത്രീകളെ കൊല്ലുന്നതടക്കമുള്ള കുറ്റകൃത്യങ്ങളും സാമുദായിക ലഹളകളും ഇവിടെ പതിവാണെന്നും മലപ്പുറത്തെ, സംസ്ഥാന സര്‍ക്കാര്‍ പേടിക്കുകയാണെന്നും മനേക ആരോപിച്ചു. വ്യത്യസ്ത ജാതിമത സമുദായങ്ങളില്‍പ്പെട്ടവര്‍ സാഹോദര്യത്തോടെ കഴിയുന്ന പ്രദേശമാണ് കേരളത്തിലെ ഇതര സ്ഥലങ്ങളെപ്പോലെ മലപ്പുറം ജില്ലയും. അതായത് ഇവിടെ ഏതെങ്കിലുമൊരു സമുദായത്തില്‍പ്പെട്ടവര്‍ മാത്രമല്ല പാര്‍ക്കുന്നത്. എന്നാല്‍, മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ജനസംഖ്യയില്‍ അല്‍പ്പം കൂടുതലാണ്. അത് വലിയൊരു പാതകമായി കണ്ട് ഒരു ജില്ലയ്ക്കെതിരെ ആനക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുസ്ലിം വിദ്വേഷം മാത്രമല്ല കമ്യൂണിസ്റ്റ് വിരോധവുമുണ്ട്. ഏതെങ്കിലും ജില്ലയുടെ പേരുനോക്കി ഭരണനടപടിയും പൊലീസ് ഇടപെടലും സ്വീകരിക്കുന്ന സ്വഭാവം എല്‍ഡിഎഫ് സര്‍ക്കാരിനില്ല. ഒരു ജില്ലയില്‍ വസിക്കുന്ന ജനങ്ങളുടെ സാമുദായിക അംഗബലം കണക്കിലെടുത്ത് ക്രമസമാധാന പ്രശ്നങ്ങളെയും കുറ്റകൃത്യങ്ങളെയും സമീപിക്കുന്നത് ബിജെപിയുടെ സ്വഭാവമാണ്. ഗര്‍ഭിണി ആന കൊല്ലപ്പെട്ടതിനെ വര്‍ഗീയവല്‍ക്കരിച്ച് വിദ്വേഷ പ്രചാരണത്തിലൂടെ രാഷ്ട്രീയനേട്ടത്തിന് കേരളത്തില്‍ സംഘപരിവാര്‍ ഇറങ്ങിയത് ഒറ്റപ്പെട്ട ഒന്നല്ല.
കേരള സെക്രട്ടേറിയറ്റില്‍ കാവിക്കൊടി പാറിക്കുമെന്നത് ബിജെപി ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ 70+1 എന്ന നിലയില്‍ നിയമസഭാ സീറ്റ് നേടി അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ചത് അന്നത്തെ ബിജെപി പ്രസിഡന്റായ അമിത് ഷായാണ്. കുമ്മനം രാജശേഖരന് അത് ആവര്‍ത്തിച്ചു. അത് നടപ്പാക്കാന്‍ നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് പലകുറി രഥത്തിലേറിയും അല്ലാതെയും യാത്രകള്‍ നടത്തി. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള അമിത് ഷായുടെ യാത്രാപുറപ്പാടും വഴിക്ക് തിരിച്ചുപോയി അന്ത്യഘട്ടത്തില്‍ പങ്കുചേര്‍ന്നതുമെല്ലാം ഓര്‍ക്കേണ്ടതാണ്. അന്ന് എസ്എന്‍ഡിപിയും മറ്റ് സാമുദായിക, സാമൂഹ്യ സംഘടനകളെയും കാവിക്കൊടിയില്‍ കുത്തിക്കെട്ടാന്‍ മോദി ഭരണത്തണലില്‍ വഴികള്‍ പലത് തേടി. അതിനുമുമ്പായി ബിഡിജെഎസ് രൂപീകരിച്ച് എസ്എന്‍ഡിപി അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ നോക്കി. ബിഡിജെഎസിനെ മുന്‍നിര്‍ത്തി ഹിന്ദുസംഘടനകളെയും ചെറു പാര്‍ട്ടികളെയും കൂട്ടിച്ചേര്‍ത്ത് ഹിന്ദുത്വ ധ്രുവീകരണത്തിന് കരുനീക്കി. പക്ഷേ, നിയമസഭാ ഫലം വന്നപ്പോള്‍ ഒരു സീറ്റില്‍ ബിജെപിക്ക് ഒതുങ്ങേണ്ടിവന്നു.”
രോഗവ്യാപനവും മരണവും ഏറിയാലും വേണ്ടില്ല, പിണറായി വിജയന് സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിഞ്ഞാല്‍ മതിയെന്ന ജീര്‍ണ ചിന്തയിലാണ് ബിജെപി ആര്‍എസ്എസ് നേതൃത്വം. ഇതിനെ തുറന്നെതിര്‍ക്കാനുള്ള മതനിരപേക്ഷ രാഷ്ട്രീയബോധമാണ് കോണ്‍ഗ്രസിനും അവര്‍ നയിക്കുന്ന യുഡിഎഫിനും ഉണ്ടാകേണ്ടത്.”
കോടിയേരിയുടെ ഉപദേശം കോണ്‍ഗ്രസും യുഡിഎഫും ശിരസാവഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നരേന്ദ്രമോദിയെ എതിര്‍ക്കാന്‍, പറ്റുമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് നെറികേടും ചെയ്യാന്‍ മടിക്കാത്തവരാണ് കോണ്‍ഗ്രസും യുഡിഎഫും. പൗരത്വബില്ലിനെതിരെ ഉപവാസമിരിക്കാനും നിയമസഭയില്‍ ഒരുമിച്ച് പ്രമേയം പാസാക്കാനും തയ്യാറായത് അതിന്റെ തെളിവാണല്ലോ. മകന് ചത്താലും അവന്റെ ഭാര്യ കരയുന്നത് കണ്ടാല്‍ മതി എന്നാണവരുടെ ചിന്ത. സംസ്ഥാനത്ത് സിപിഎമ്മും രാജ്യമാകെ കോണ്‍ഗ്രസും തവിടുതിന്നുകയാണ്. എന്നിട്ടും ഇരുകൂട്ടരും തകൃതി വിടാതെ പിടിച്ചുനില്ക്കാന് നോക്കുകയാണ്. ഇത് കണ്ട് ജനം പറയും ഹാ കഷ്ടം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: