Categories: India

ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സൈനിക താവളങ്ങള്‍; ചൈനീസ് ലംഘനങ്ങള്‍ക്ക് നടപടി കടുപ്പിച്ച് ഇന്ത്യ

Published by

ശ്രീനഗര്‍: അതിര്‍ത്തിയിലെ ചൈനയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി സൈനിക താവളങ്ങള്‍ തുറന്ന് ഇന്ത്യ. നിയന്ത്രണ രേഖയ്‌ക്ക് സമീപത്തായി ചൈന അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്ന മേഖലകളില്‍ മുഴുവന്‍ ഇന്ത്യന്‍ സൈന്യം താവളങ്ങള്‍ തുറന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ അന്താരാഷ്‌ട്ര ലംഘനങ്ങള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് ഈ നടപടി.

ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലാണ് ചൈന അതിര്‍ത്തിയില്‍ സൈന്യത്തെ നിരത്തിയത്. ഇതിന് ബദലായി മുഴുവന്‍ നിയന്ത്രണ രേഖ പ്രദേശത്തും സര്‍വ്വസജ്ജീകരണങ്ങളോടും കൂടിയ കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ഒരുക്കിയിരിക്കുന്നത്. കരസേനമാത്രം ഉണ്ടായിരുന്ന ലഡാക്കിലെ ദുര്‍ഘടമായ പ്രദേശങ്ങളില്‍ വ്യോമസേനയ്‌ക്കും ഇന്ത്യ താവളമൊരുക്കിയിട്ടുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇത്തരത്തില്‍ സൈനിക താവളങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  

4000 കിലോ മീറ്റര്‍ വരുന്ന ഇന്ത്യയുടെ ലഡാക് മുതല്‍ അരുണാചല്‍ വരെയുള്ള പ്രദേശങ്ങളുടെ അതിര്‍ത്തിക്ക് സമീപത്തായാണ് ചൈന വിവിധ ഘട്ടങ്ങളിലായി സൈനികരുടെ സാന്നിദ്ധ്യം കൂട്ടിയത്. എന്നാല്‍ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ അടക്കം നിയന്ത്രണരേഖ കടന്നുപോകുന്ന എല്ലാ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലും എല്ലാവിധ സംവിധാനങ്ങളുമുള്ള സൈനിക കേന്ദ്രങ്ങള്‍ നിര്‍മിക്കാനും പ്രതിരോധമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.  

1962ന് ശേഷം ചൈനയുടെ ഏറ്റവും വലിയ സൈനിക നീക്കമാണ് സിക്കിം ലഡാക്ക് മേഖലകളില്‍ ഇപ്പോള്‍ നടക്കുന്നത്. അതിര്‍ത്തിയിലുള്ള മുഴുവന്‍ സൈന്യത്തേയും മാറ്റി പഴയപടി പുനസ്ഥാപിക്കുക. യുദ്ധോപകരണങ്ങള്‍ പിന്‍വലിക്കുക. എന്നീ ഉപാധിയാണ് ഇന്ത്യ ചൈനയ്‌ക്ക് മുന്നില്‍ വെച്ചിട്ടുള്ളത്. ഇത് കൂടാതെ ചൈനക്ക് ഒഴിഞ്ഞുപോകേണ്ട തരത്തില്‍ അതിശക്തമായ മറുപടിയും അന്താരാഷ്‌ട്ര സമ്മര്‍ദ്ദവും ഇന്ത്യ ചെലുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by