ഒറ്റപ്പാലം: സിനിമ സ്റ്റൈലിൽ കാര്‍ തട്ടിയെടുത്ത് മുങ്ങാന്‍ ശ്രമിക്കവെ അപകടത്തില്‍പ്പെട്ട് യുവാവ് പിടിയില്‍. കണ്ണൂര്‍ നിര്‍മലഗിരി പുളിക്കല്‍വീട്ടില്‍ അബ്ദുള്‍ ജവാദി(35)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വരോട് മുച്ചിക്കല്‍ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള കാറാണ് വാങ്ങിക്കാനെന്ന വ്യാജേന തട്ടിയെടുത്ത് മുങ്ങാന്‍ ശ്രമിച്ചത്.
കാര്‍ ടെസ്റ്റ് ഡ്രൈവിനെടുത്ത് പോകവേ കുറ്റിക്കോട് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. മുങ്ങുന്നതിനിടയില്‍ തൃക്കടീരിക്കും കുറ്റിക്കോടിനുമിടയില്‍ വെച്ച് കാര്‍ രണ്ട് ഇരുചക്ര വാഹനങ്ങളിലും ഒരു പിക്കപ്പ് ഓട്ടോറിക്ഷയിലും ഒരു ഓട്ടോറിക്ഷയിലും ഇടിച്ചു. ഇതില്‍ ഒരു സ്‌കൂട്ടര്‍ യാത്രികക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഒറ്റപ്പാലം വരോടുവെച്ചാണ് സംഭവം. തൃശൂര്‍ വടക്കാഞ്ചേരിയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ കുളപ്പുള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നാണ് വരോട് പഴയ കാര്‍ വില്‍ക്കാനുണ്ടെന്നെ കാര്യം ജവാദ് ചോദിച്ചറിഞ്ഞത്. മുഹമ്മദലിയെ സമീപിച്ച ഇയാള്‍
ഓടിച്ചുനോക്കാനായി കാര്‍ വാങ്ങുകയായിരുന്നു. മുഹമ്മദലി സുഹൃത്തായ അബുതാഹിറിനെ ഇയാള്‍ക്കൊപ്പം വിട്ടു. പനമണ്ണ അഞ്ചാം മൈലില്‍ കാറിന്റെ ബോണറ്റില്‍ നിന്ന് ശബ്ദം വരുന്നുണ്ടെന്ന് പറഞ്ഞ് അബുതാഹിറിനെ പുറത്തിറക്കിയ ഇയാള്‍ ഞൊടിയിടയില്‍ വണ്ടിയെടുത്ത് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കുറ്റിക്കോടു നിന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി ചെര്‍പ്പുളശ്ശേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഒറ്റപ്പാലം പോലീസിന് കൈമാറി. ഉടമയുടെ പരാതിയില്‍ മോഷണക്കുറ്റത്തിനാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തു. അപകടമുണ്ടാക്കിയതിന് ചെര്‍പ്പുളശ്ശേരി പോലീസും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: