കാസര്‍ഗോഡ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഞാന്‍ ജോലി ചെയ്ത 1972 കാലഘട്ടം മുതലുള്ള പരിചയമാണ് എനിക്ക് വേണുവേട്ടനുമായുളളത്. ആലപ്പുഴയില്‍ നടന്ന കേരള പ്രദേശ് ബാങ്ക് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് ഞാന്‍ തൊഴിലാളി പ്രസ്ഥാനത്തില്‍ സജീവമാകുന്നത്. കാസര്‍ഗോട്ടെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് എന്റെ വരവ്. അവിടത്തെ ആളുകള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ ചേരാന്‍ വിമുഖതയുള്ളവരായിരുന്നു. എന്നാല്‍ വേണുവേട്ടന്റെ പ്രോത്സാഹനവും പിന്തുണയും കൊണ്ട് കാസര്‍കോഡ് ബിഎംഎസിന്റെ ഏഴ് യൂണിയനുകള്‍ രൂപീകരിക്കാന്‍ സാധിച്ചു. ആ സമയത്ത് വേണുവേട്ടന് ബിഎംഎസിന്റെ സംസ്ഥാന ജന.സെക്രട്ടറിയായിരുന്നു. കോഴിക്കോടായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. മാസത്തിലൊരിക്കല്‍ കാസര്‍ഗോഡ് സന്ദര്‍ശിക്കും. ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. എങ്ങനെയാണ് ഒരു ട്രേഡ് യൂണിയന് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും തൊഴില്‍ അധികൃതരുടെ മുമ്പാകെ തര്‍ക്കങ്ങള്‍ എങ്ങനെ ഉന്നയിക്കണമെന്നും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഭാഗ്യവശാല്‍ എനിക്ക് വേണുഗോപാല്‍ എന്ന പേരില്‍ത്തന്നെ മറ്റൊരു ഗുരുനാഥനെ കൂടി ലഭിച്ചു. കാസര്‍ഗോട്ടെ അസി. ലേബര്‍ ഓഫീസറായിരുന്നു അദ്ദേഹം.
ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷമെത്തി തിങ്കളാഴ്ച രാവിലെ മടങ്ങുന്നതായിരുന്നു വേണുവേട്ടന്റെ പതിവ്. ആ രണ്ട് ദിവസം എനിക്ക് പഠന ക്ലാസുകള്‍ പോലെയായിരുന്നു. 28 ദിവസം നീണ്ടുനിന്ന അബ്കാരി തൊഴിലാളികളുടെ സമരവും അബ്കാരി ഷോപ്പുകള്‍ക്ക് മുമ്പാകെ ഞങ്ങള്‍ നടത്തിയ ധര്‍ണയും ഇപ്പോഴും ഓര്‍മയിലുണ്ട്. ഒരു മടിയും കൂടാതെ വേണുവേട്ടനും ഞങ്ങള്‍ക്കൊപ്പം ഇരുന്നു. ആ ധര്‍ണയും ഉദ്ഘാടനം ചെയ്തു. രണ്ട് വര്‍ഷം കൊണ്ട് ഞങ്ങള്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു.
ലാളിത്യമായിരുന്നു മുഖമുദ്ര. ശകാരിക്കാനും മടിച്ചിരുന്നില്ല. കര്‍ക്കശ സ്വഭാവക്കാരന്‍. അതേസമയം വളരെ സൗഹൃദം പുലര്‍ത്തുന്ന, സ്നേഹനിധിയായ വ്യക്തിയുമായിരുന്നു. തൊഴിലാളികളെ ഒരിക്കലും നിരാശപ്പെടുത്തിയിരുന്നില്ല. രാജകുടുംബാംഗമായിരുന്നിട്ടും തൊഴിലാളി വിഭാഗത്തെയോര്‍ത്ത് അദ്ദേഹം ആകുലപ്പെട്ടു. തൊഴിലാളി പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായതിന്റെ പശ്ചാത്തലം വേണുവേട്ടന് പറയുമായിരുന്നു. സംഘവും ഠേംഗ്ഡിജിയുമാണ് കേരളത്തില്‍ ബിഎംഎസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചുകൊടുക്കുന്നത്. തന്റെ കര്‍മ്മ മണ്ഡലത്തെ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു.
വേണുവേട്ടന് അവിവാഹിതനായിരുന്നു. എങ്കിലും വിവാഹിതരായ, ബിഎംഎസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ കാര്യത്തിലും ശ്രദ്ധപുലര്‍ത്തിയിരുന്നു. ഒരു സംഭവം ഓര്‍ക്കുന്നു. എണ്‍പതുകളുടെ ഒടുവില്‍, പി.ടി. റാവു ബിഎംഎസിന്റെ ജന. സെക്രട്ടറിയായിരുന്ന സമയത്ത് ഭാരവാഹികളുടെ യോഗം വിളിക്കുക അര്‍ദ്ധരാത്രിയിലോ, പുലര്‍ച്ചയോ ആയിരിക്കും. ഒരിക്കല്‍ വേണുവേട്ടന് അദ്ദേഹത്തെ ശകാരിച്ചു, ‘റാവുജി നിങ്ങള്‍ക്കും കുടുംബമില്ല, എനിക്കും കുടുംബമില്ല. പക്ഷേ നമ്മുടെ ഭാരവാഹികള്‍ ജോലിക്കാരും കുടുംബസ്ഥരുമാണ് എന്ന് താങ്കള്‍ മനസ്സിലാക്കണം. അതുകൊണ്ട് ഇപ്രകാരം യോഗം വിളിച്ചുചേര്‍ക്കാന്‍ ഞാന്‍ അനുവദിക്കില്ല’. അത്ര കരുതല്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരുടെ കാര്യത്തിലും പുലര്‍ത്തി.
അടിയന്തരാവസ്ഥ കാലത്ത് വേണുവേട്ടന് എന്റെ വീട്ടിലെത്തി, അവിടെ ലോക്സംഘര്‍ഷ സമിതിയുടെ യോഗം സംഘടിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിനൊപ്പം രണ്ട് പതിറ്റാണ്ടുകാലത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പ്രദേശ് ബാങ്ക് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്റെ ആദ്യ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു വേണുവേട്ടന്. കേരളത്തില്‍ അതിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ അതീവ താല്പര്യം പ്രകടിപ്പിച്ചു. 1978-79 കാലയളവില്‍ ഞാന്‍ കണ്ണൂരില്‍ ആയിരുന്നപ്പോള്‍ എന്‍എംജി ബാങ്കില്‍ യൂണിയന് ആരംഭിച്ചു. എറണാകുളത്തു നിന്നും മൂന്ന് തവണ അദ്ദേഹം കണ്ണൂരില്‍ എത്തി. എന്നാല്‍ അവിടെ ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധിച്ചില്ല. അതില്‍ എനിക്ക് നിരാശയുണ്ടായിരുന്നു. പക്ഷേ വേണുവേട്ടന് എന്നെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് എന്നെ കൊണ്ടുവരുന്നതില്‍ അദ്ദേഹം മുന്‍കൈയെടുത്തു. 1972 മുതല്‍ 1995 വരെ ഞാന്‍ വേണുവേട്ടനുമായി വളരെ അടുപ്പം പുലര്‍ത്തി. പല വിഷയങ്ങളിലും ഞങ്ങള്‍ നടത്തിയിട്ടുള്ള ചര്‍ച്ചകളും നീണ്ട 23 വര്‍ഷവും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അപാരമായിരുന്നു അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള ആജ്ഞാശക്തി. ഞാന്‍ തമാശ രൂപേണ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, എങ്ങനെയാണ് താങ്കള്‍ കേസരിവാരികയുടെ പത്രാധിപരായിരുന്നത്, പകരം ഓര്‍ഗനൈസറിലായിരുന്നു ഉണ്ടാവേണ്ടിയിരുന്നത് എന്ന്. ധാരാളം കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. മറ്റ് തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള ബന്ധം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന കാര്യത്തില്‍ അത് ഏറെ സഹായിച്ചിട്ടുമുണ്ട്. കെ.എന്‍. രവീന്ദ്രനാഥന്റെ വസതിയില്‍ നിരവധി തവണ വേണുവേട്ടന് എന്നെ കൊണ്ടുപോയിട്ടുണ്ട്. കേരളത്തിലെ ഠേംഗ്ഡ്ജിയായിരുന്നു അദ്ദേഹം. അന്തരിച്ച എസ്.സി.എസ്. മേനോന്, തമ്പാന് തോമസ് എന്നിവരെല്ലാം രാ. വേണുഗോപാല്‍ എന്ന വേണുവേട്ടനെ ഏറെ ഇഷ്ടപ്പെട്ടിരുന്നവരാണ്.
കെ.എസ്. ഭട്ട്
ബിഎംഎസ് മുന്‍ സംസ്ഥാന ജന.സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: