ദല്‍ഹിയിലെ മലയാളി സ്വയംസേവകര്‍ക്ക് കേരളത്തിന്റെ ഒരു പ്രതിനിധിയായിരുന്നു വേണുവേട്ടന്. 1980 കളില്‍ ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറിയായി ദല്‍ഹിയില്‍ എത്തുകയായിരുന്നു. പരമേശ്വര്‍ജി ദല്‍ഹി വിട്ടുപോയപ്പോഴുള്ള ആ ശൂന്യത നികത്തുകയായിരുന്നു വേണുവേട്ടന്. ദല്‍ഹിയിലെ അദ്ദേഹത്തിന്റെ ശനി, ഞായര്‍ ദിവസങ്ങള്‍ മലായളി സ്വയം സേവകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനായിട്ടാണ് ചിലവഴിച്ചത്. എല്ലാ സ്വയംസേവകരുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമുണ്ടായിരുന്നു. മലയാളികള്‍ക്കിടയില്‍ സംഘ സംഘടനാ പ്രവര്‍ത്തനത്തിനായിട്ടാണ് ആ ദിവസങ്ങള്‍ ഉപയോഗിച്ചിരുന്നത്. ബാക്കി ദിവസങ്ങള്‍ ബിഎംഎസ് പ്രവര്‍ത്തനവുമായിരുന്നു. എല്ലാവരുടെയും താങ്ങും തണലുമായിരുന്നു വേണുവേട്ടന്.
പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു മലയാളം മാസിക കേരളം എന്ന പേരില്‍ അദ്ദേഹം ഇറക്കി. പരമേശ്വര്‍ജി തുടങ്ങിവെച്ച നവോദയം എന്നൊരു സംഘടനയുണ്ടായിരുന്നു. അതിന്റെ ബാനറിലായിരുന്നു കേരളം മാസിക തുടങ്ങിയത്. ഇതിന്റെ പ്രസാദകനും എഡിറ്ററുമെല്ലാം അദ്ദേഹം തന്നെയായിരുന്നു. അതിനുവേണ്ടി കേരളത്തില്‍ നിന്നും അച്ച് അടക്കം ഒരു പ്രിന്റിങ് പ്രസ് വാങ്ങി കൊണ്ടുവരികയായിരുന്നു. പ്രസ്സില്‍ പോയിരുന്ന് മാഗസിന് പുറത്തിറങ്ങി തപാല്‍ ഓഫീസില്‍ പോകുന്നതുവരെയുള്ള കാര്യങ്ങള്‍ അദ്ദേഹം ചെയ്യുമായിരുന്നു. കേരളത്തിലെ വിശേഷങ്ങളായിരുന്നു പ്രതിപാദ്യം.
എല്ലാ വിഭാഗം തൊഴിലാളികളുമായി അദ്ദേഹം ബന്ധം പുലര്‍ത്തി. ജനീവയിലേയ്ക്ക് മൂന്ന് പ്രാവശ്യം പോയിരുന്നു. അവിടെ ഒരു ചായക്ക് ഒരു ഡോളറാണ്. ഇത് ലാഭിക്കുന്നതിനായി അദ്ദേഹം ഇവിടെ നിന്നും ചായപ്പൊടിയും പഞ്ചസാരയും പാല്‍പ്പൊടിയും കൊണ്ടുപോയിരുന്നു. താമസസ്ഥലത്ത് ചൂടുവെള്ളം സൗജന്യമായി ലഭിക്കുമായിരുന്നു. അങ്ങനെ സംഘടനയ്ക്ക് ഒരു ഡോളര്‍ ലാഭിക്കുകയായിരുന്നു. പല ദിവസങ്ങളിലും സ്വയം ആഹാരം പാകം ചെയ്താണ് കഴിച്ചിരുന്നത്. ബിഎംഎസ് കാര്യാലയത്തിലേയക്ക് ആദ്യമായി സ്വന്തം ചിലവില്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി. പല എതിര്‍പ്പുകളും അവഗണിച്ചായിരുന്നു അത്. ടെക്നോളജി നമ്മള് മനസ്സിലാക്കുകയും ഉപയോഗപ്പെടുത്തുകയും വേണം എന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. ഓരോ വിദേശയാത്രകള്‍ കഴിയുമ്പോഴും ഓരോ ടെക്നോളജിക്കല്‍ സാധനങ്ങള്‍ അദ്ദേഹം കൊണ്ടുവരുമായിരുന്നു. 1990കളില്‍ ഒരു ഡിജിറ്റല്‍ റേഡിയോ കൊണ്ടുവന്നു. ഓരോ യാത്രകഴിഞ്ഞുവരുമ്പോഴും ഓരോരുത്തര്‍ക്കും എന്തെങ്കിലും കൊടുക്കുവാനായി ചെറിയ ചെറിയ സാധനങ്ങളും കൊണ്ടുവരും. അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഒന്നും കിട്ടാത്ത ഒരു സ്വയം സേവകനുമുണ്ടായിരുന്നില്ല. കേരള ഇന്‍ കശ്മീര്‍ വേ എന്ന ഒരു പുസ്തകം 1995ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കേരളം എങ്ങനെ പോകുമെന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു. മാതൃകാ സ്വയംസേവകന്. ഏതെങ്കിലും ശാഖയില്‍ പോയി പ്രാര്‍ത്ഥന ചൊല്ലണമെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസമുണ്ടായിരുന്നാലും തീരുമാനങ്ങളെ അതേപടി ശിരസാവഹിക്കുന്നയാളായിരുന്നു. കേരള പ്രാന്തപ്രചാരകനാണ് തന്റെ പ്രവര്‍ത്തനം തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു.
ശുചിത്വംനിര്ബന്ധമായിരുന്നു. ദല്‍ഹിയില്‍ മഞ്ഞുകാലത്ത് നിലക്കടല തൊണ്ടുകള്‍ ബസുകളില്‍ നിറയെ കിടക്കുന്നത് കാണാം. എന്നാല്‍ നിലക്കടല വാങ്ങിയാല്‍ തൊണ്ട് കവറിലിട്ട് വേസ്റ്റ്ബോക്സില്‍ ഇടുന്ന കാര്യത്തിലും നിര്‍ബന്ധമുണ്ടായിരുന്നു. ഏത് മലയാളി ദല്‍ഹിയില്‍ വന്നാലും അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കും. കേരളത്തില്‍ നിന്ന് ധാരാളം പ്രവര്‍ത്തകരെ ദല്‍ഹിയില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് ഉന്നതങ്ങളിലെത്തിച്ചിട്ടുണ്ട്. ദല്‍ഹിയിലെ സംഘകുടുംബങ്ങളിലെ ഒരംഗമായിരുന്നു വേണുവേട്ടന്. അദ്ദേഹം വീട്ടില്‍ വന്നില്ലെങ്കില്‍ എല്ലാവര്ക്കും സങ്കടമാകും. പഴയ ഒരു സ്കൂട്ടറിലായിരുന്നു എപ്പോഴും യാത്ര. മറ്റാരെയും ആശ്രയിക്കാറില്ല. സമയത്തിന് വന്നില്ലെങ്കില്‍ ദേഷ്യപ്പെടുമായിരുന്നു. ലാളനയോടെയുള്ള ശാസനയായിരുന്നു അത്. എന്ത് വിഷമങ്ങളും പറഞ്ഞാലും അതിന് സമാധാനം കിട്ടുമായിരുന്നു. സംഘ പ്രവര്‍ത്തകരെ ഒരുമിച്ച് നിര്‍ത്താന്‍ ഞായറാഴ്ച ശാഖകള്‍ നിര്‍ബന്ധമായിരുന്നു.
ഐഎല്‍ഒയില്‍ പങ്കെടുക്കുമ്പോള്‍ മൂന്നാം രാഷ്ട്രങ്ങളുടെ ചേരിയുണ്ടാക്കാന്‍ വിത്ത് പാകിയത് വേണുവേട്ടനായിരുന്നു. കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാ തൊഴിലാളികളുമായി നല്ലബന്ധമായിരുന്നു. ബസ് യാത്രയായിരുന്നു സ്ഥിരം. ലാളിത്യത്തോടെയുള്ള ജീവിതം. ഷര്‍ട്ടൊക്കെ ലഭിച്ചാല്‍ അത് പ്രവര്‍ത്തകര്‍ക്ക് നല്‍കുമായിരുന്നു. എല്ലാ ആഴ്ചയിലും സ്വയം സേവകരുടെ വീടുകളില്‍ പോകണമെന്ന് നിര്‍ബന്ധമായിരുന്നു. വീടുകളില്‍ ചെന്നാല്‍ അവിടുത്തെ കുട്ടികളുമായി വരെ കൂട്ടുകൂടും. അവര്‍ക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. മാധവ്ജിയുടെ സഹോദരിയെയും സഹോദരനെയും ഇടയ്ക്ക് സന്ദര്‍ശിക്കുമായിരുന്നു.
സംഘകാര്യാലയത്തില്‍ പാലക്കാടുകാരനായ ഒരു പാചകക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിന് ഓണത്തിന് വീട്ടില്‍ പോകാന്‍ ഒരിക്കല്‍ സാധിച്ചില്ല. പിന്നീട് വേണുവേട്ടന് നാട്ടിലെത്തിയപ്പോള്‍ സമ്മാനങ്ങളുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് പ്രാന്തകാര്യാലയത്തില്‍ ചെന്നുകണ്ടപ്പോള്‍ ഓര്‍മ്മയില്ലാതെ കിടക്കുന്ന അവസ്ഥയിലും ഞങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ബിഎംഎസ് കാര്യാലയം ഒരു പ്രത്യേക അനുഭവമായിരുന്നു. ദല്‍ഹിയിലെത്തുന്ന സ്വയം സേവകര്‍ ബിഎംഎസ് കാര്യാലയത്തില്‍ എത്തി അദ്ദേഹത്തെ കാണുമായിരുന്നു. അതൊരു ചടങ്ങായിരുന്നു, പുതുതായി വന്നയാളായാലും അവരെ സ്വീകരിച്ച് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമായിരുന്നു.
രാമന് വി.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: