ഓച്ചിറ: ഇക്കുറി പടനിലത്ത് പോര്‍വിളിയില്ല, കളരി പൂജയില്ല. പടപ്പറുപ്പാടില്ല, കൃഷ്ണപ്പരുന്ത് എട്ടുകണ്ടം വട്ടമിട്ടു പറക്കില്ല. കരനാഥന്മാര് പരസ്പരം ഹസ്തദാനം ചെയ്യില്ല. പണക്കിഴി സ്വീകരിക്കില്ല. കന്നുകാലി പ്രദര്‍ശനം ഇല്ല. വിപണനം ഇല്ല. കാര്‍ഷിക ഉപകരണങ്ങളുടെ വിപണനം നടക്കില്ല. എല്ലാം ചടങ്ങിനു മാത്രം. ഇങ്ങനെയും ഒരു ഓച്ചിറക്കളിക്കാലം.
ഓച്ചിറ പടനിലത്ത് പതിറ്റാണ്ടുകളായി നടന്നു വന്നിരുന്ന ഓച്ചിറക്കളി ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തില്‍ ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങുന്നു. മിഥുനം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി നടക്കേണ്ടത്. പങ്കെടുക്കുന്നതിനും കളി കാണുന്നതിനും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ എത്തുന്നത് പതിവായിരുന്നു.
ആശാന്മാരുടെ നേതൃത്വത്തില്‍ അഭ്യാസികള്‍ രാവിലെമുതല്‍ തന്നെ ഓച്ചിറ പടനിലത്തേക്ക് എത്തും. പഴമയും പാരമ്പര്യവും അനുസരിച്ച് അഭ്യാസികള്‍ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും. കരനാഥന്മാരുടെയും ക്ഷേത്രഭരണ സമിതിയുടെയും നിയന്ത്രണത്തില്‍ ഋഷഭവാഹനം എഴുന്നള്ളിച്ചുകൊണ്ട് പരബ്രഹ്മസ്വരൂപിയായ ജഗദീശ്വരനെ ഭജിച്ച ശേഷം കളിക്കാര്‍ ഒറ്റയ്ക്കൊറ്റയ്ക്കായും സംഘംചേര്‍ന്നും എട്ടുകണ്ടത്തില്‍ ഇറങ്ങി കളി ആരംഭിക്കും. വടിയും വാളും പരിചയുമൊക്കെയായി അരയും തലയും മുറുക്കി അഭ്യാസക്കാഴ്ച… മൂന്നു നാലു മണിക്കൂര്‍ സമയം ആവേശപ്പോര്… ആശാന്മാര് ആശാന്മാരോടും ശിഷ്യന്മാരോടും ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ പിന്നെ പടക്കളം യുദ്ധഭൂമി…..
ആരവങ്ങളില്ലാത്ത രണഭൂമി ഇക്കുറി ശൂന്യമാണ്. പോരിന്റെ ആവേശക്കാഴ്ചകളില്ലാതെ ഒരു ഓച്ചിറക്കളിക്കാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: