കുണ്ടറ: ലോക്ഡൗണ്‍ ഏറെക്കുറെ പിന്‍വലിക്കപ്പെട്ടതോടെ രോഗത്തെക്കുറിച്ചുള്ള ജാഗ്രതയില്‍ വീഴ്ച സംഭവിക്കുന്നതായി ആക്ഷേപം. ചൊവാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെ, സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും പലയിടത്തും വേണ്ടരീതിയില്‍ നടക്കുന്നില്ല. കുണ്ടറയിലെ ഇളമ്പള്ളൂര്‍ ആശുപത്രിമുക്ക്, മുക്കട, കേരളപുരം എന്നിവിടങ്ങളില്‍ ആളുകള്‍ എത്തുന്നത് ലോക്ഡൗണിന് മുമ്പേയുള്ള സ്ഥിതിയിലേക്ക് എത്തി. തുടക്കത്തിലുണ്ടായിരുന്ന ഭയപ്പാട് എവിടെയും ആര്‍ക്കും കാണാനില്ല. എന്നാല്‍ കോവിഡ് ഭീഷണി ഒഴിയുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന അഭിപ്രായമാണ് ഒരുവിഭാഗം ജനങ്ങള്‍ക്കുള്ളത്.
ലോക് ഡൗണിന്റെ തുടക്കത്തില്‍ മാസ്ക് ധരിക്കുന്നതില്‍ എല്ലാവരും കാണിച്ച ജാഗ്രത ഇപ്പോഴില്ല. പലരുടെയും മാസ്കുകള്‍ മുഖത്തുനിന്ന് കീഴ്ത്താടിയിലേക്ക് മാറിക്കഴിഞ്ഞു. പോലീസിനെ കണ്ടാല്‍ ഇത് വീണ്ടും മുഖത്തുകയറും. കൂട്ടംകൂടി നില്‍ക്കരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇതും ലംഘിക്കപ്പെടുകയാണ്. പൊതുസ്ഥലങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ വട്ടംകൂടുന്നവരെ ആരും നിയന്ത്രിക്കുന്നില്ല. കടകളിലും നിയന്ത്രണങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല.
നനഞ്ഞ മാസ്ക് ഉപയോഗിക്കുന്നത് അപകടകരം
മഴക്കാലം എത്തിയതോടെ നനഞ്ഞ മാസ്കുമായി നടന്നും വാഹനങ്ങളിലും പൊതുനിരത്തുകളിലൂടെ ആള്ക്കാര് സഞ്ചരിക്കുന്നതും പതിവായി.
നനഞ്ഞ മാസ്ക് ധരിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. സൂക്ഷിച്ചില്ലെങ്കില്‍ മാസ്ക് ചിലപ്പോള്‍ വില്ലനാകാം. തുണികൊണ്ടുള്ള മുഖാവരണങ്ങളാണ് ഇപ്പോള്‍ കൂടുതല്‍. മഴയത്ത് വാഹനത്തിലോ കുടപിടിച്ചോ പുറത്തേക്ക് പോകുമ്പോള്‍ ഇവ നനഞ്ഞ് ഈര്‍പ്പം പിടിക്കുക സ്വാഭാവികം. മുഖാവരണം നിര്‍ബന്ധമാണല്ലോ എന്നുകരുതി നനഞ്ഞെങ്കിലും വീണ്ടും ഉപയോഗിക്കുന്നത് രോഗം ക്ഷണിച്ചുവരുത്തലാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു.
നനഞ്ഞ മുഖാവരണത്തില്‍ ബാക്ടീരിയ, ഫംഗസ് എന്നിവയുടെ സാന്നിധ്യം ഉണ്ടാകും. ഇത് അണുബാധയ്ക്ക് കാരണമാകും. പ്രമേഹബാധിതര്‍, ഹൃദ്രോഗികള്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടങ്ങി മറ്റ് രോഗമുള്ളവര്‍ക്ക് അണുബാധ ഭീഷണിയാകും. മൂക്കിനുമേല്‍ നനഞ്ഞ തുണിയിരിക്കുന്നത് പനി, കഫക്കെട്ട് മുതലായവയ്ക്ക് കാരണമാകും. ഗുണനിലവാരമില്ലാത്ത തുണി നിറമിളകി ചൊറിച്ചില്‍ തുടങ്ങിയ ചര്‍മരോഗങ്ങളും കണ്ണിന് തടിപ്പും ഉണ്ടാക്കും.
ശ്രദ്ധിക്കേണ്ടത് ഇവ
ഉണങ്ങിയ മുഖാവരണം മാത്രമേ വൈറസില്‍നിന്ന് രക്ഷ നല്‍കൂ. നനഞ്ഞ മാസ്ക് ഒരുമണിക്കൂര്‍ സോപ്പുലായനിയിലോ അണുനാശിനിയിലോ മുക്കി കഴുകി ഉണക്കി തേച്ചതിനുശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ. മഴക്കാലത്ത് പുറത്തുപോകുന്നവര്‍ രണ്ട് പ്ലാസ്റ്റിക് കവറും കുറഞ്ഞത് നാല് മുഖാവരണവും കരുതണം. ഉണങ്ങിയ മുഖാവരണം ഒരു കവറിലും നനഞ്ഞത് രണ്ടാമത്തെ കവറിലും സൂക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: